കല്ലടയാറ്റിൽ ശിക്കാരയിൽ വെള്ളം കയറി അപകടം; മുങ്ങുംമുമ്പ് നാട്ടുകാർ യാത്രക്കാരെ രക്ഷപ്പെടുത്തി

#സ്വന്തം ലേഖകന്‍
മണ്‍റോതുരുത്തില്‍ വെള്ളത്തില്‍ മുങ്ങിയ ശിക്കാര വള്ളം
മണ്‍റോതുരുത്തില്‍ വെള്ളത്തില്‍ മുങ്ങിയ ശിക്കാര വള്ളം

മൺറോതുരുത്ത്: വിനോദസഞ്ചാരികളുമായി എസ് വളവിലേക്കുള്ള തുഴച്ചിലിനിടെ ശിക്കാര വള്ളം ചരിഞ്ഞ് വെള്ളം കയറി മുങ്ങി. പുത്തനാറിൽ നിന്ന് അഷ്ടമുടിക്കായലിലേക്ക് കയറുന്നതിനിടെ കക്കാട്ട് കടവിന് സമീപം വൈകിട്ട് 4.30-ഓടെയായിരുന്നു അപകടം. ശക്തമായ മഴ പെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

കാരൂത്രക്കടവിൽ നിന്ന് പത്തോളം പേരുമായി യാത്രതിരിച്ച വള്ളമാണ് അപകടത്തിൽ പെട്ടത്. കരയ്ക്ക് നിന്നവർ വള്ളം ഉലയുന്നത് കണ്ട് കടവത്ത് അടുപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ മുന്നോട്ടുപോയി. ഒടുവിൽ വള്ളം ചരിഞ്ഞ് വെള്ളം കയറിയതോടെ സഹായത്തിനായി അഭ്യർഥിക്കുകയായിരുന്നു. ഉടൻ തന്നെ നീന്തിയും ചെറുവള്ളങ്ങളിൽ തുഴഞ്ഞുമെത്തിയ നാട്ടുകാർ യാത്രക്കാരെ രക്ഷപ്പെടുത്തി ഇരുകരകളിലും എത്തിച്ചു. കിഴക്കേ കല്ലട പോലിസും കുണ്ടറ അഗ്‌നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടമുണ്ടായത് കടവിന് സമീപത്തായത് വിനോദ സഞ്ചാരികൾക്ക് രക്ഷയായി.

Content Highlights: Shikara boat capsized near Kakkattu Kadavu, Munroe Thuruthu., Incident occurred during heavy rainfall while moving from Puthanar to Ashtamudi Lake., Ten passengers were on board; all were rescued by local residents and emergency teams., Prompt response by East Kallada Police and Kundara Fire Force prevented casualties.