മുണ്ടത്തിക്കോട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു, മരണസംഖ്യ പതിനാറായി

#ന്യൂസ് ഡെസ്ക്
അപകടസ്ഥലത്തുനിന്നുള്ള ചിത്രം(ഫയല്‍ഫോട്ടോ), ഇന്‍സൈറ്റില്‍ ഉണ്ണിക്കൃഷ്ണന്‍
അപകടസ്ഥലത്തുനിന്നുള്ള ചിത്രം(ഫയല്‍ഫോട്ടോ), ഇന്‍സൈറ്റില്‍ ഉണ്ണിക്കൃഷ്ണന്‍

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വട്ടംകുളം എരുവപ്രകുന്ന് കണ്ണായി പറമ്പിൽ ഉണ്ണിക്കൃഷ്ണൻ (56) ആണ് മരിച്ചത്. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം പതിനാറായി.

80 ശതമാനത്തിലേറെ പൊള്ളലേറ്റ ഉണ്ണികൃഷ്ണൻ ഐസിയുവിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച അവസ്ഥ മെച്ചപ്പെടുകയും മക്കളെ കണ്ട് തിരിച്ചറിഞ്ഞ് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഞായറാഴ്ച നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

എടപ്പാൾ തട്ടാൻപടി തറക്കൽ ഭാഗത്തുനിന്ന് വെടിക്കെട്ട് പണിക്ക് പോയ നേരത്തെ മരിച്ച വിജയൻ, മണികണ്ഠൻ എന്നിവർക്കൊപ്പമാണ് ഉണ്ണിക്കൃഷ്ണനും ജോലിക്ക് പോയത്.

അപകടത്തിൽ പരിക്കേറ്റ രണ്ടുപേർ കൂടി ചികിത്സയിൽ തുടരുകയാണ്. പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ടുസാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ ഏപ്രിൽ 21-ാം തീയതിയാണ് വൻ സ്ഫോടനമുണ്ടായത്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാരംഭിച്ച സ്ഫോടനപരമ്പര രണ്ടുമണിക്കൂറോളം തുടർന്നു. അഗ്നിരക്ഷാസേനയടക്കമുള്ളവർക്ക് പ്രദേശത്തേക്ക് ഏറെനേരം അടുക്കാനായില്ല.

വെടിക്കെട്ടുശാല പ്രവർത്തിച്ചതിന് സമീപത്തെ പാടശേഖരത്തിൽ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. 500 മീറ്റർ അകലെവരെ ശരീരഭാഗങ്ങൾ തെറിച്ചുവീണിരുന്നു.

Content Highlights: One additional fatality reported, bringing the total death toll to 16., Victim Unnikrishnan succumbed to injuries with over 70% burns., Tragedy occurred on April 21 at a firework manufacturing unit., Explosions lasted for two hours, causing widespread destruction.