ലീഡറെയും എന്നെയും അകറ്റാൻ ചിലർ ശ്രമിച്ചു, പേരുകൾ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട് - മുല്ലപ്പള്ളി

കോഴിക്കോട്: ലീഡർ കെ. കരുണാകരനെയും തന്നെയും അകറ്റാൻ ചിലർ ശ്രമിച്ചിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. അകറ്റിയവരുടെ പേരുകൾ അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ. കരുണാകരൻ അനുസ്മരണസമ്മേളനത്തിലാണ് മുല്ലപ്പള്ളിയുടെ പരാമർശം.
‘‘കരുണാകരനുമായി ഏറ്റവും കൂടുതൽ ആത്മബന്ധമുണ്ടാക്കിയ യുവനേതാവായിരുന്നു ഞാൻ. ഞങ്ങൾ തമ്മിൽ അവസാനകാലഘട്ടത്തിൽ പിണങ്ങേണ്ട സന്ദർഭമുണ്ടായി. അദ്ദേഹത്തിന് വയ്യാതിരുന്ന സമയത്ത് എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ആദ്യം ഞാനതിന് തയ്യാറായില്ല. കാണണമെന്നത് തന്റെ അന്ത്യാഭിലാഷമാണെന്ന് ലീഡർ എന്നെ അറിയിച്ചപ്പോഴാണ് ഞാൻ കാണാൻ തയ്യാറായത്. സംസാരിക്കാൻപോലും വയ്യാതിരുന്ന അദ്ദേഹം രണ്ടുപേരെയും അകറ്റിയവരുടെ പേരുകൾ എന്നോട് എണ്ണിയെണ്ണി പറഞ്ഞു. എന്റെ മാന്യതയിൽ ഞാൻ കൂടുതൽ കാര്യങ്ങൾ പറയുന്നില്ല. അതൊരു അടഞ്ഞ അധ്യായമായിമാറട്ടെ” -മുല്ലപ്പള്ളി പറഞ്ഞു. അധികാരവും പദവിയുമുണ്ടെങ്കിൽ അവസരസേവകരുടെ വൻപടതന്നെ കൂടെയുണ്ടാകും. അധികാരം നഷ്ടപ്പെടുമ്പോൾ ആരും കൂടെയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് വഴിയമ്പലമല്ല, അൻവർ സംയമനം പാലിക്കണം
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുന്നണിവിപുലീകരണം നടത്തുന്ന യുഡിഎഫിന് മുന്നറിയിപ്പുമായി കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് വഴിയമ്പലമല്ലെന്നും യുഡിഎഫിന്റെ ഘടകകക്ഷിയാകുമ്പോൾ പി.വി. അൻവർ സംയമനം പാലിക്കണമെന്നും മാന്യതയോടെ പെരുമാറണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട് ഡിസിസിയിൽനടന്ന കെ. കരുണാകരൻ അനുസ്മരണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും മുന്നണിയിലേക്ക് കൊണ്ടുവരുക എന്നത് പ്രയാസമുള്ള കാര്യമാണ്. എല്ലാവർക്കും എംഎൽഎസ്ഥാനം വേണമെന്നതും അംഗീകരിക്കാൻ കഴിയില്ല. അവസരസേവകരുടെ അവസാന അഭയകേന്ദ്രമായി ഐക്യജനാധിപത്യ മുന്നണി മാറുന്നതിനോട് യോജിപ്പില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
യുഡിഎഫിൽ അസോസിയേറ്റ് അംഗമായ സി.കെ. ജാനുവിന് ഒരു കാഴ്ചപ്പാടുണ്ടെന്നും ദുർബലജനവിഭാഗത്തിനുവേണ്ടി എന്നും പോരാടിയിട്ടുണ്ട് അവരെന്നും അദ്ദേഹം പറഞ്ഞു. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയെക്കുറിച്ചും അദ്ദേഹത്തെക്കുറിച്ചും തനിക്കൊന്നുമറിയില്ലെന്നും കെപിസിസി മുൻ പ്രസിഡന്റ് പറഞ്ഞു.
Content Highlights: mullappally ramachandran k karunakaran comment congress leaders