മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139 അടി; ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും; താഴ്ന്ന പ്രദേശത്ത് വെള്ളം കയറുമെന്ന് ആശങ്ക

മുല്ലപ്പെരിയാർ ഡാം | Photo: ANI
മുല്ലപ്പെരിയാർ ഡാം | Photo: ANI

കുമളി: മുല്ലപ്പെരിയാർ ഡാമിലെ ജനനിരപ്പ് ഉയരുന്നു. ഡാമിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് ജലനിരപ്പ് 139 അടി കവിഞ്ഞു. നിലവിൽ 13 സ്പിൽവേ ഷട്ടറുകളും തുറന്നിട്ടുണ്ട്. സെക്കൻഡിൽ 9403 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്നാണ് തമിഴ്നാട് വാട്ടർ അതോറിറ്റി വ്യക്തമാക്കുന്നത്. 1 മീറ്ററിൽ നിന്ന് 1.5 മീറ്ററായി ഷട്ടറുകൾ ഉയർത്തേണ്ടി വരും. സെക്കൻഡിൽ 10178 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ടി വരുമെന്നും തമിഴ്നാട് വാട്ടർ അതോറിറ്റി അറിയിച്ചു.

ഡാമിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ജനവാസ മേഖലകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം ഉയർന്നു തുടങ്ങിയിട്ടുണ്ട്. സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതോടെ സമീപപ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയും ഉണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്തമഴ തുടരുകയാണ്. ജലനിരപ്പ് റൂൾകർവിന് മുകളിലെത്തിയതിനു പിന്നാലെ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകളിലൂടെ പെരിയാറിലേക്ക് വെള്ളം ഒഴുക്കിവിട്ടിരുന്നു. 10 മണിക്കൂർക്കൊണ്ട് അണക്കെട്ടിൽ ഉയർന്നത് ആറടിയിലധികം വെള്ളമാണ്. ഇത് രണ്ടാം തവണയാണ് അണക്കെട്ട് ഈവർഷം തുറക്കുന്നത്. അണക്കെട്ടിന്റെ നിലവിലെ റൂൾ കർവ് പ്രകാരം 137.75 അടി വെള്ളമാണ് സംഭരിക്കാൻ കഴിയുക. വെള്ളിയാഴ്ച രാവിലെ 132 അടിയായിരുന്നു ജലനിരപ്പ്. നിലവിൽ ജലനിരപ്പ് 139 അടി കവിഞ്ഞതായാണ് റിപ്പോർട്ട്.

രാത്രി പതിനൊന്നരയോടെ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 41,000 ഘനയടിയിലെത്തി. സ്പിൽവേ ശനിയാഴ്ച തുറക്കേണ്ടിവരുമെന്ന് തമിഴ്‌നാട്, ഇടുക്കി ജില്ലാഭരണകൂടത്തിന് ജാഗ്രതാനിർദേശം നൽകി. എന്നാൽ റൂൾകർവ് നിരപ്പിൽ എത്തിയാലും രാത്രിയിൽ അണക്കെട്ട് തുറക്കരുതെന്ന് ഇടുക്കി ജില്ലാഭരണകൂടം നേരത്തേതന്നെ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Mullaperiyar Dam Water Levels Rise: Spillway Gates Opened Amidst Heavy Rainfall