മുല്ലപ്പെരിയാർ: വിദഗ്ധസമിതിയിൽ കേരളത്തിന്റെ പ്രാതിനിധ്യം; നിർണായക ചോദ്യത്തിന് മറുപടിനൽകാതെ കേന്ദ്രം

#ന്യൂസ് ഡെസ്ക്
മുല്ലപ്പെരിയാർ ഡാം| ഫോട്ടോ: പി.പി രതീഷ്
മുല്ലപ്പെരിയാർ ഡാം| ഫോട്ടോ: പി.പി രതീഷ്

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്ന വിദഗ്ധസമിതിയിലേക്ക് പുതിയ ആളെ നാമനിർദേശം ചെയ്യാൻ കേരളത്തോടാവശ്യപ്പെട്ടതായി കേന്ദ്രസർക്കാർ.

രാജ്യസഭയിൽ സി.പി.എം. അംഗം ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് ജലശക്തി സഹമന്ത്രി രാജ്ഭൂഷൺ ചൗധരിയാണ്‌ ഈ വിവരം നൽകിയത്. എന്നാൽ, കേരളത്തിന്റെ പ്രതിനിധിയെ മാറ്റുന്നതിനുമുൻപ്‌ സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചിരുന്നോ എന്ന ചോദ്യത്തിന് മന്ത്രി മറുപടിനൽകിയില്ല. ‘അതെ’ അല്ലെങ്കിൽ ‘അല്ല’ എന്ന വിശദീകരണത്തിനുപകരം, കേരളം നാമനിർദേശം ചെയ്ത വിദഗ്ധൻ വ്യക്തിപരമായ കാരണങ്ങളാൽ തുടരാനാകില്ലെന്ന് അറിയിച്ചതിനാലാണ് മാറ്റിയതെന്നും മറ്റൊരു വിദഗ്ധനെ നിയമിച്ചതെന്നും മന്ത്രി അറിയിച്ചു.

നിലവിലെ വിദഗ്ധസമിതിയിലെ അംഗങ്ങൾ ഏത് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണെന്ന വിവരവും കേന്ദ്രം നൽകിയില്ല. പകരം, അംഗങ്ങളുടെ പേരും ഔദ്യോഗിക പദവികളും ഏതു സ്ഥാപനത്തിൽനിന്നാണെന്നു മാത്രമാണ് അറിയിച്ചത്.

കേരളത്തിന്റെ ഏക പ്രതിനിധിയായിരുന്ന കേന്ദ്ര ജല കമ്മിഷന്റെ മുൻ ചീഫ് എൻജിനിയർ ടി.കെ. ശിവരാജനെ സംസ്ഥാനത്തെ മുൻകൂട്ടി അറിയിക്കാതെ സമിതിയിൽനിന്ന് ഒഴിവാക്കി പകരം ഉത്തർപ്രദേശിൽനിന്നുള്ള വിദഗ്ധനെ ഉൾപ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

അതിനിടെ, തമിഴ്നാടിനകത്തെ അണക്കെട്ടുകളുടെ പരിശോധനയ്ക്കായി സംസ്ഥാന സർക്കാർ രൂപവത്കരിച്ച ആഭ്യന്തരസമിതിയിൽ ശിവരാജനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Central government requests Kerala to nominate a new representative for the Mullaperiyar Dam safety committee., Union Minister Rajbhushan Choudhary stated the previous member resigned due to personal reasons., Controversy arose after the removal of T.K. Sivarajan without prior consultation with the Kerala government., T.K. Sivarajan has now been included in the internal committee formed by the Kerala government for dam inspections.