എസ്.എം.എ. ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്ക് ആവശ്യമായ തുക ലഭിച്ചെന്ന് വ്യാജ പ്രചാരണം; ആശങ്കയിൽ ഭാരവാഹികൾ

മുക്കം: അപൂർവ ജനിതക രോഗമായ എസ്.എം.എ. ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി നാടൊന്നാകെ നെട്ടോട്ടമോടുമ്പോൾ, ചികിത്സാസഹായ കമ്മിറ്റിയെ ആശങ്കയിലാഴ്ത്തി വ്യാജപ്രചാരണം. കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ 50 കോടി ലഭിച്ചെന്നും ഇനി പണം അയക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ശബ്ദ സന്ദേശമാണ് ചികിത്സാ സഹായക്കമ്മിറ്റിയെ ആശങ്കയിലാഴ്ത്തുന്നത്.
ഒറ്റ പ്രസവത്തിലുണ്ടായ കല്ലുരുട്ടി പൂവ്വത്തേരിച്ചാലിൽ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ആകെ 50 കോടി രൂപയാണ് കണ്ടെത്തേണ്ടത്. ജനകീയ ധനസമാഹരണം വെള്ളിയാഴ്ച, 20 ദിവസം പിന്നിട്ടപ്പോൾ 16.30 കോടി രൂപയാണ് സമാഹരിക്കാനായത്. വ്യാഴാഴ്ചയാണ് വ്യാജ പ്രചാരണം ചികിത്സാസഹായ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഒരു ദിവസം ഒരു കോടി രൂപ എന്ന ലക്ഷ്യവുമായി ചികിത്സാ സഹായക്കമ്മിറ്റി പ്രവർത്തിക്കുന്നതിനിടെ വെള്ളിയാഴ്ച സമാഹരിക്കാനായത് 35 ലക്ഷം രൂപ മാത്രമാണ്. ഇനിയുള്ള 30 ദിവസത്തിനിടെ 33 കോടിയിലധികം രൂപ കണ്ടെത്തണമെന്നിരിക്കെയാണ് വ്യാജപ്രചാരണം നടക്കുന്നതെന്ന് ഭാരവാഹികൾ മാതൃഭൂമിയോട് പറഞ്ഞു.
പ്രിയങ്കാഗാന്ധി എം.പി., എം.കെ. രാഘവൻ എം.പി., എം.എൽ.എ.മാരായ സി.കെ. കാസിം, പി.കെ. ഫിറോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹൻ, മുക്കം നഗരസഭാ അധ്യക്ഷ കെ.പി. ചാന്ദ്നി എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സൂപ്പർ സൗദയാണ് ചെയർപേഴ്സൺ.
അക്കൗണ്ട്: അരുൺ പി.ഡി.
അക്കൗണ്ട് നമ്പർ: 21360100162505
ഐ.എഫ്.എസ്.സി: FDRL0002136.
1️⃣ Google Pay വഴി UPI ID ഉപയോഗിച്ച് പണം അയയ്ക്കുമ്പോൾ
Google Pay വഴിയാണ് പണം അയയ്ക്കുന്നതെങ്കിൽ, UPI ID നൽകുന്നതിനായി ആദ്യം കാണുന്ന Search ബാർ ഉപയോഗിക്കരുത്. പകരം, ആപ്പിൽ രണ്ടാമതായി കാണുന്ന Pay Anyone എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തതിനുശേഷം അവിടെ UPI ID നൽകുക. തുടർന്ന് ലഭിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി മാത്രം പണം അയയ്ക്കുക.
2️⃣ ബാങ്ക് അക്കൗണ്ട് വഴി പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ചാണ് പണം അയയ്ക്കുന്നതെങ്കിൽ, Google Pay, PhonePe തുടങ്ങിയ UPI ആപ്പുകളിലെ ബാങ്ക് ട്രാൻസ്ഫർ മാർഗം ഉപയോഗിക്കരുത്. പകരം, ബന്ധപ്പെട്ട ബാങ്കിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴി മാത്രമേ അക്കൗണ്ട് ട്രാൻസ്ഫർ നടത്താവൂ.
Content Highlights: Three children (David, Ethan, Oliver) diagnosed with rare genetic disease SMA need 50 crore rupees for treatment., A fake voice message on social media falsely claimed that the full 50 crore has been raised, halting donations., Only 16.30 crore rupees has been raised so far after 20 days of crowdfunding., The treatment committee urges public to ignore fake news and continue financial support as over 33 crore is still needed.