പൈപ്പ് ലൈനിന് വേണ്ടി റോഡ് പൊളിച്ചു; ബസ് പോയപ്പോള്‍ കല്ല് തെറിച്ച് യുവാവിന് പരിക്ക്

മുക്കം: പൈപ്പ് ലൈനിനു വേണ്ടി പൊളിച്ചിട്ട റോഡില്‍നിന്നു ബസ് പോയപ്പോള്‍ കല്ല് തെറിച്ചു ചില്ല് തകര്‍ന്ന് മുക്കത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനു പരിക്ക്. ബസ് കാത്തു നിന്ന വേറൊരാള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്നു ഒന്നരയോടെയാണ് സംഭവം.
മുക്കം ബൈപാസിലൂടെ തയ്യില്‍ എന്ന ബസ് പോവുമ്പോള്‍ പൊളിച്ചിട്ട റോഡിലുണ്ടായിരുന്ന കല്ല് അല്‍ റാസി ഒപ്റ്റിക്കല്‍സ് എന്ന സ്ഥാപനത്തിലേക്കു പതിച്ച് ചില്ല് തകര്‍ന്നാണ് കടയിലെ ജീവനക്കാരനായ കുനിയില്‍ സ്വദേശി അര്‍ഷാദിന് പരിക്കേറ്റത്.
പൈപ്പ് ലൈന്‍ ഇടുന്ന അന്നുമുതല്‍ വ്യാപാരികള്‍ പരാതി നല്‍കിയിരുന്നുവെന്നും ഇത് നാലാം തവണയാണ് വിവിധ സ്ഥാപനങ്ങളിലേക്ക് കല്ല് തെറിക്കുന്നതെന്നും എത്രയും പെട്ടന്ന് ഇത് പൂര്‍വ്വസ്ഥിതിയില്‍ ആകണമെന്നും ഇവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലാത്ത പക്ഷം സമരപരിപാടിയിലേക്ക് ഇറങ്ങുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം പ്രസിഡന്റ് അലിഅക്ബര്‍ പറഞ്ഞു.