ദേശീയപാതയിലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ; അപകടം തൊഴിലാളികൾ ഇല്ലാത്ത സമയത്ത്, ഒഴിവായത് വൻദുരന്തം

വടകര: ദേശീയപാതയിൽ മുക്കാളിയിൽ സംരക്ഷണഭിത്തി നിർമാണം നടക്കുന്നതിനിടെ വീണ്ടും മണ്ണിടിച്ചിൽ. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഈ വർഷം തന്നെ രണ്ടുതവണ ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതേത്തുടർന്ന് സംരക്ഷണഭിത്തി നിർമാണം ഊർജ്ജിതമായി നടക്കുന്നുണ്ട്. ഇതിന്റെ അടിത്തറയ്ക്കായി കുഴിയെടുത്തതിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് അപകടമെന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ഒട്ടേറെ തൊഴിലാളികൾ ഇവിടെ ജോലിക്കുണ്ട്.
മണ്ണിടിച്ചിലിനെത്തുടർന്ന് രണ്ട് വീടുകൾ പൂർണമായും അപകടാവസ്ഥയിലായി. കൈതോക്കുന്നുമ്മൽ ദേവരാജിന്റെയും പുനത്തിൽ സരോജിനിയുടെയും വീടാണ് ഭീഷണിയിലായത്. വീടിന്റെ തൊട്ടടുത്തുവരെ മണ്ണിടിഞ്ഞു. ഇനിയും ഇടിച്ചിലുണ്ടായാൽ വീട് തകരുന്ന സ്ഥിതിയാണ്.
മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ദേശീയപാതാ അതോറിറ്റി അധികൃതരോ റവന്യൂ അധികൃതരോ എത്താത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളും നാട്ടുകാരും മുക്കാളിയിൽ ദേശീയപാത ഉപരോധിച്ചു. നാലുമണിയോടെയാണ് റോഡിൽ കുത്തിയിരുന്ന് ഉപരോധം തുടങ്ങിയത്. ശക്തമായ മണ്ണിടിച്ചിലായിട്ടുകൂടി തിരഞ്ഞുനോക്കാത്ത നിലപാടാണ് ദേശീയപാത അധികൃതർ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഉദ്യോഗസ്ഥർ എത്തുമെന്ന് ഉറപ്പ് ലഭിച്ചതോടെ റോഡ് ഉപരോധം പോലീസ് ഇടപെട്ട് അവസാനിപ്പിച്ചു.
Content Highlights: Landslide occurred during retaining wall construction at Mukkali, Vadakara., Two houses, belonging to Devaraj and Sarojini, are in severe danger., A major disaster was averted as workers were away for lunch., Locals and public representatives blockaded the national highway in protest.