എംഎസ്‌സി മാനസ എഫ് വിഴിഞ്ഞം വിടരുത്; കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം

എംഎസ്‌സി മാനസ എഫ്‌
എംഎസ്‌സി മാനസ എഫ്‌

കൊച്ചി: കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എല്‍സ-3 കപ്പലിന്റെ ഉടമസ്ഥരായ എംഎസ്സിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംഎസ്സിയുടെ  മാന്‍സ എഫ് എന്ന കപ്പല്‍ തടഞ്ഞുവെക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്കാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.  കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മുങ്ങിയ കപ്പലായ എല്‍സയില്‍ കശുവണ്ടി ഉണ്ടായിരുന്നു. തങ്ങള്‍ക്ക് ആറു കോടി രൂപയുടെ നഷ്ടം ഉണ്ടായാതായാണ് കാഷ്യൂ പ്രമോഷന്‍ കൗണ്‍സില്‍ പറയുന്നത്.

ഈ നഷ്ടം നികത്തണമെന്നാണ് ഇവരുടെ ആവശ്യം. ഈ സാഹചര്യത്തില്‍ ആറു കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ ഹാജരാക്കിയാല്‍ കപ്പല്‍ വിട്ടുനല്‍കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ പണം കെട്ടിവെക്കാമെന്ന് എംഎസ്‌സി കോടതിയെ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ബോണ്ട് നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

എംഎല്‍എസി എല്‍സ കടലില്‍ മുങ്ങിയ സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നേരത്തെ സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കപ്പല്‍ കമ്പനിക്കെതിരെ നടപടിയെടുക്കുന്നതില്‍ ഉപേക്ഷ പാടില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട മലിനീകരണ നിയന്ത്രണത്തിനും മറ്റും പൊതുഖജനാവില്‍നിന്ന് പണം ചെലവാക്കുന്നതിനെയും ചോദ്യം ചെയ്തിരുന്നു.
 

Content Highlights: Kerala High Court orders detention of MSC`s Manasa F in Vizhinjam port over the sinking of Elsa-3