അഴിമതി കേസ്: ക്ലീന്‍ ചിറ്റ് റദ്ദാക്കിയത് ചോദ്യം ചെയ്ത് അജിത്കുമാര്‍, ഹൈക്കോടതിയില്‍ അപ്പീല്‍ നൽകും

എഡിജിപി എം.ആർ അജിത്കുമാർ | ഫോട്ടോ: മാതൃഭൂമി
എഡിജിപി എം.ആർ അജിത്കുമാർ | ഫോട്ടോ: മാതൃഭൂമി

കൊച്ചി: അഴിമതി കേസില്‍ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി വിധിക്കെതിരേ എഡിജിപി എം.ആര്‍ അജിത്കുമാര്‍ തിങ്കഴാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കുക. 

കോടതി ഉത്തരവ് വസ്തുതകള്‍ ശരിയായി വിലയിരുത്താതെയുള്ളതാണെന്നാണ് അജിത്കുമാറിന്റെ വാദം. അന്വേഷണം നടത്താനുള്ള കാരണങ്ങള്‍ വസ്തുതാപരമല്ലെന്നുമാണ് അജിത്കുമാറിന്റെ പക്ഷം. കീഴുദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചുവെന്ന വാദം നിലനില്‍ക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അതിന് പ്രാപ്തനാണോ എന്ന് നോക്കിയാല്‍ മതിയെന്നുമാണ് അജിത്കുമാറിന്റെ വാദം. 

ഓഗസ്റ്റ് 14-നാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന് വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് വിജിലന്‍സ് കോടതി തള്ളിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത്കുമാറിനെതിരേ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജു ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരഗിണിക്കുന്ന വേളയിലാണ് വിജിലന്‍സ് നേരത്തേ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അജിത്കുമാറിനെതിരേ നടത്തിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം വിജിലന്‍സ് കോടതി അന്വേഷണം പൂര്‍ണമല്ലെന്ന് കാട്ടി തള്ളുകയായിരുന്നു.
 

Content Highlights: mr ajithkumar to appeal in highcourt kerala