സഫാരി ജീപ്പുകൾ പരിശോധിച്ച എംവിഐയ്ക്ക് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി; പോലീസ് കേസെടുത്തു

വണ്ടിപ്പെരിയാർ (ഇടുക്കി): വിനോദസഞ്ചാരികളുമായി അതിവേഗത്തിൽപോയ സഫാരി ജീപ്പുകൾ പരിശോധിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി.
വണ്ടിപ്പെരിയാർ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥൻ എസ്. ഫ്രാൻസിസിനാണ് പരസ്യമായും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിയുണ്ടായത്. ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു.
നവംബർ 11-ന് കുമളി-സത്രം റൂട്ടിൽ നടത്തിയ വാഹനപരിശോധനയാണ് പ്രകോപനത്തിന് കാരണമായത്. വിനോദസഞ്ചാരികളുമായി ‘മരണപ്പാച്ചിൽ’ നടത്തുന്ന ജീപ്പുകളെക്കുറിച്ച് വ്യാപക പരാതി ഉയർന്നതിനെ തുടർന്നായിരുന്നു പരിശോധന. ഇതിൽ അനധികൃതമായി രൂപമാറ്റം വരുത്തിയ ചില വാഹനങ്ങൾ ഉദ്യോഗസ്ഥൻ പിടികൂടിയിരുന്നു.
ഇതിനുപുറമെ, സഫാരി ജീപ്പ് ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന നിർദേശം എസ്. ഫ്രാൻസിസ് കളക്ടർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. ഇതും ഒരുവിഭാഗം ഡ്രൈവർമാരുടെ എതിർപ്പിന് കാരണമായി. തുടർന്ന്, ഉദ്യോഗസ്ഥന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു. പ്രകടനം നടത്തി. ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വധഭീഷണി മുഴക്കിയത്. ഭീഷണി സംബന്ധിച്ച സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് എം.വി.ഐ. പരാതി നൽകിയത്.
ഓട്ടോറിക്ഷ പരിശോധിച്ചു: കട്ടപ്പനയിൽ എ.എം.വി.ഐ.യെതടഞ്ഞുവെച്ചു, മൂന്നുപേർ അറസ്റ്റിൽ
കട്ടപ്പന: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത ഒാട്ടോറിക്ഷാ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയ ബസ് സ്റ്റാൻഡിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഘടിച്ചെത്തിയ ഓട്ടോതൊഴിലാളികളും സുഹൃത്തുക്കളും ചേർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
ഇടുക്കി ആർ.ടി.ഒ. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുരളീധരൻപിള്ള കട്ടപ്പനയിലെ ഓട്ടോറിക്ഷയ്ക്ക് പെറ്റിയടിച്ചിരുന്നു. ഇതേത്തുടർന്ന് ഓട്ടോ ഡ്രൈവർ ശരത് സണ്ണി സുഹൃത്തുക്കളെ ഫോണിൽ വിളിച്ചുവരുത്തി.
വാഹന പരിശോധന നടത്തുന്നതിനിടെ ഉദ്യോഗസ്ഥനെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി. ഓട്ടോറിക്ഷയ്ക്ക് പിഴയിട്ടാൽ വാഴവര കടന്നുപോകില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. മോട്ടോർ വാഹന വകുപ്പ് അധികൃതർ പോലീസിൽ പരാതിപ്പെട്ടു. ശരത് സണ്ണി, വാഹന ഉടമ ബിബിൻ, ഷാനവാസ്, സനു എന്നിവരെ കട്ടപ്പന പോലീസ് അറസ്റ്റു ചെയ്തു. പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.
Content Highlights: Motor Vehicle Inspector S. Francis threatened by CITU workers for inspecting speeding safari jeeps in Vandiperiyar., The officer seized modified vehicles and proposed police clearance certificates for safari drivers., A separate incident in Kattappana involved the arrest of three individuals for detaining and threatening an AMVI over a fine.