മദ്രസമുറ്റത്ത് രാമനാമം; ഇടുങ്ങിയ വഴികൾക്ക് മുന്നിൽ സ്നേഹത്തിന്റെ വാതിൽ തുറന്ന് മസ്ജിദ് കമ്മിറ്റി

കുമാരനല്ലൂർ ഇർഷാദുൽ മുസ്‌ലിം മദ്രസയിലെ മുറ്റത്ത് പെരുംബാലയിൽ ഓമന രാജേന്ദ്രന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ
കുമാരനല്ലൂർ ഇർഷാദുൽ മുസ്‌ലിം മദ്രസയിലെ മുറ്റത്ത് പെരുംബാലയിൽ ഓമന രാജേന്ദ്രന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ

കോട്ടയം: കുമാരനല്ലൂർ ഇർഷാദുൽ മുസ്‌ലിം മദ്രസയിലെ മുറ്റത്ത് വെള്ളവിരിച്ച പന്തലിൽ പെരുംബാലയിൽ ഓമന രാജേന്ദ്രന്റെ (62) മൃതദേഹത്തിനരികിൽ മകൾ ജ്യോതിക, അമ്മയെ കൺനിറയെ കണ്ടിരുന്നു. ഉയരുന്ന രാമനാമജപത്തിനിടയിൽ അന്ത്യകർമങ്ങൾക്കുള്ള തയ്യാറെടുപ്പിലായിരുന്നു ബന്ധുക്കളും മുസ്ളീം സഹോദരങ്ങളും. ഖുറാൻ പഠിപ്പിക്കുന്നയിടത്ത് ആദ്യമായി ഹിന്ദുകുടുംബാംഗത്തിന്റെ അന്ത്യകർമങ്ങൾക്ക് ഇടമൊരുങ്ങി.

അത് വർഷങ്ങളായുള്ള സ്നേഹബന്ധത്തിന്റെകൂടി കഥയാണ്. വർഷങ്ങളായി പഴയ മദ്രസയുടെ അടുത്തായി വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിനരികിൽ എന്നുമുണ്ടായിരുന്നു ‘മദ്രസ’ അംഗങ്ങളുടെ സ്നേഹം. പ്രധാന മസ്ജിദിലെ സ്ഥലസൗകര്യക്കുറവ്മൂലം മദ്രസയുടെ പ്രവർത്തനം നടക്കുന്ന ഇടയാടി സ്കൂൾ റോഡിലുള്ള മക്കാ മസ്ജിദിന്റെ കെട്ടിടത്തിന്റെ എതിർവശത്തെ ഇടവഴിയിലാണ് കുടുംബവും താമസിക്കുന്നത്. ‌ഒരു മാസമായി അസുഖബാധിതയായി ഓമന മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച രാത്രി മരണം സംഭവിക്കുമ്പോൾ സങ്കടങ്ങൾക്കൊപ്പം ഓമനയുടെ മൃതദേഹം എവിടെ വെയ്‌ക്കുമെന്നോർത്ത് മകൾ ജ്യോതികയും ഭർത്താവ് രാജേന്ദ്രനും അങ്കലാപ്പിലായി. ഒരാൾക്ക് കഷ്ടിച്ച് നടക്കാൻമാത്രം പറ്റുന്ന ‌ഒറ്റയടിപ്പാതയിലൂടെ വാടകവീട്ടിലേക്ക് സ്ട്രച്ചറോ മൊബൈൽ മോർച്ചറിയോ കൊണ്ടുപോകാൻ കഴിയില്ല. എന്ത് ആവശ്യത്തിനും ഒപ്പമുണ്ടെന്ന് ‌ഓർമ്മിപ്പിച്ച് മക്കാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് ഫൈസൽ മദ്രസയുടെ വാതിൽ നിങ്ങൾക്ക് മുന്പിൽ തുറന്നിട്ടിരിക്കുമെന്ന് പറഞ്ഞതോടെ സ്നേഹവാതിൽ തുറന്നു.

മുഹമ്മദ് ഫൈസൽ ഈ വിവരം പള്ളി കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അറിയിച്ചു. കമ്മിറ്റി അംഗങ്ങൾ പൂർണ മനസ്സോടെ സമ്മതം അറിയിച്ചു. അതോടെ രാത്രി മദ്രസയുടെ മുറ്റത്ത് തയ്യാറാക്കിയ പന്തലിൽ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ തീരുമാനിച്ചു. ഭാരവാഹികളൊക്കെ അതിനായി ഒപ്പംനിന്നെന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് റഫീക്ക് പറയുന്നു. ഖുറാൻ പഠിപ്പിക്കുന്ന ഹാളിൽ രാമ രാമ നാമജപം ചൊല്ലുന്നത് കേട്ടപ്പോൾ നാട്ടുകാർക്കും അത് മതമൈത്രിയുടെ സന്ദേശമായി മനസ്സിൽ നിറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയോടെ ശ്മശാനത്തിലേക്ക് മൃതദേഹം എടുക്കുംവരെ മദ്രസ അംഗങ്ങളും ഒപ്പംനിന്നു. കുമാരനല്ലൂർ കാർത്തികയ്ക്ക് ഭക്തർക്ക് മോരുംവെള്ളം വിതരണം ചെയ്യുന്നത് ഉൾപ്പെടെ മതമൈത്രിയുടെ മൂല്യം എന്നും ഉയർത്തിപ്പിടിക്കാറുണ്ട് മദ്രസ അംഗങ്ങൾ. ഇപ്പോൾ രാജേന്ദ്രനും കുടുംബത്തിനും ഒരു വീടെന്ന സ്വപ്നവും ചില മദ്രസ അംഗങ്ങൾ സ്വപ്നംകാണുന്നുണ്ട്. ഓമനയുടെ ഭർത്താവ് രാജേന്ദ്രൻ. മകൾ: ജ്യോതിക (എസ്.എച്ച്. മൗണ്ട് പോപ്പുലർ വെഹിക്കിൾ ജീവനക്കാരി).

Content Highlights: A Muslim mosque committee in Kottayam provided their madrasa premises for Hindu funeral rites, showcasing incredible interfaith harmony.