മോൻസ് എന്ന ജോസഫിന്റെ വിശ്വാസം

കോട്ടയം: സൈക്കിളായിരുന്നു മുമ്പ് പി.ജെ.ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിന്റെ ചിഹ്നം. അതിന്റെ സീറ്റിൽ സാക്ഷാൽ പി.ജെ. ഇരിക്കുമ്പോൾ പിൻചക്രം ഉലയാതെ കാത്തത് ഒരു ആപ്പാഞ്ചിറ സ്വദേശിയായിരുന്നു. അദ്ദേഹത്തിന്റെ പേരാണ് മോൻസ് ജോസഫ്. ആ വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഇക്കുറി മോൻസ് ജോസഫിന്റെ മന്ത്രിസ്ഥാനം.
ഫലം വന്നയുടനെ പി.ജെ.ജോസഫ് വിജയികളെ പുറപ്പുഴയിലെ വസതിയിലേക്ക് വിളിപ്പിച്ചിരുന്നു. ദൈവം സാക്ഷിയാക്കി അദ്ദേഹം പ്രഖ്യാപിച്ചു. മോൻസ് ജോസഫ് നിങ്ങളെ സഭയിൽ നയിക്കും. ഇൗ നിയമസഭയിൽ ആദ്യം കക്ഷിനേതാവിനെ പ്രഖ്യാപിച്ച പാർട്ടിയാണ് ഇപ്പോൾ ബ്രാക്കറ്റുകളില്ലാത്ത കേരള കോൺഗ്രസ്.
ആ വേഗം ഏവരെയും അദ്‌ഭുതപ്പെടുത്തി. അതാണ് ജോസഫിന് മോൻസിനോടുള്ള വിശ്വാസം. താൻ തിരഞ്ഞെടുപ്പ് പോരാട്ടം അവസാനിപ്പിച്ച സ്ഥിതിക്ക് സഭയിൽ പിൻഗാമി ആരെന്ന് പി.ജെ.യ്ക്ക് തീരുമാനിക്കാൻ ഒരു നിമിഷംപോലും വേണ്ടിവന്നില്ല.
മകൻ അപുജോൺ ജോസഫ് തൊടുപുഴയിൽ ജോസഫിന് പിൻഗാമിയായി സ്ഥാനാർഥിയായപ്പോൾ പലരും വിചാരിച്ചത് അപുവായിരിക്കും കക്ഷി നേതാവെന്നാണ്. പക്ഷേ ജോസഫിന്റെ തീരുമാനം രാഷ്ട്രീയപാരമ്പര്യം നോക്കിത്തന്നെയായിരുന്നു.ഇൗ തീരുമാനത്തിന് പിന്നിൽ ചരിത്രത്തിന്റെ അടയാളങ്ങളുണ്ട്. അതിന് 2007-ലേക്ക് പോകണം. അന്ന് ടി.യു.കുരുവിള മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോഴാണ് മോൻസിന് അവസരം ലഭിച്ചത്. അന്ന് ജോസഫ് ഗ്രൂപ്പിലായിരുന്ന പി.സി.തോമസ്, വി.സുരേന്ദ്രൻപിള്ളയ്ക്കുവേണ്ടിയാണ് വാദിച്ചതെങ്കിലും ജോസഫിന്റെ മനസ്സ് മോൻസിനൊപ്പമായിരുന്നു.
2021-ൽ ജോസഫ് മന്ത്രിസഭയിലേക്ക് മടങ്ങാൻ വഴിയൊരുക്കിയത് മോൻസ് നിറഞ്ഞ മനസ്സോടെ സ്ഥാനം ഒഴിഞ്ഞപ്പോഴായിരുന്നു.
ഇതേ സത്യസന്ധത മോൻസ് 2019-ലും ആവർത്തിച്ചു. ഇക്കുറി പിളർപ്പുകാലമായിരുന്നു. കേരള കോൺഗ്രസ് എം പിളർന്ന് ജോസ് കെ.മാണിയും പി.ജെ.ജോസഫും രണ്ട് പക്ഷത്ത്. ചിഹ്നത്തിലും പാർട്ടിയുടെ അംഗീകാരത്തിലും ആദ്യവിജയം ജോസഫിനായിരുന്നു. പക്ഷേ, കേസ് മുന്നോട്ടുപോകവേ വിജയം ജോസിനായി. രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം എന്ന പേര് ഉപയോഗിക്കാനുള്ള അവകാശവും അവർക്ക് കിട്ടി.
2020-ലെ തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ വലിയ പ്രതിസന്ധിയിലായി ജോസഫും കൂട്ടരും. കാര്യമായ അണികൾ ഒപ്പമില്ലാതെ ഒരു കൂട്ടം നേതാക്കളുമായി മുന്നോട്ട് പോകവേ പാർട്ടിക്ക് നട്ടെല്ലായിനിന്നത് മോൻസിന്റെ നിശ്ചയദാർഢ്യം. ചിഹ്നം നേടണം, പാർട്ടിക്ക് രജിസ്ട്രേഷൻ വേണം. എല്ലാം ഒന്നേന്ന് തുടങ്ങണം. ജോസഫിൽനിന്ന് അകലെയായിരുന്ന പി.സി.തോമസുമായി ചർച്ച നടത്തി ലയനം തീരുമാനിച്ചു.
കേരള കോൺഗ്രസ് എന്ന പേര് ഉപയോഗിക്കാൻ കോടതി വഴി അവകാശം തോമസിന് മാത്രമായിരുന്നു. പുതിയ പാർട്ടിക്ക് ലയനത്തിനുശേഷം ആ പേര് ഉപയോഗിക്കാൻ ലഭിച്ചതിന്റെ ഗുണം വലുതായിരുന്നു.
തദ്ദേശത്തിൽ ചെണ്ട ചിഹ്നത്തിലായിരുന്നു മത്സരം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രജിസ്ട്രേഷൻ എടുത്ത് ഒാട്ടോ ചിഹ്നം നേടി. തിരഞ്ഞെടുപ്പ് കമ്മിഷനിലെ നടപടികൾക്ക് മോൻസ് നേതൃത്വം നൽകി. ആ തിരഞ്ഞെടുപ്പിൽ മോൻസും ജോസഫും മാത്രമായി നിയമസഭാ പ്രാതിനിധ്യം ചുരുങ്ങിയതോടെ വീണ്ടും പ്രയാസകാലമായി. പലരും പാർട്ടി വിട്ടു.
അപ്പോൾ ജോസഫിന്റെ അനാരോഗ്യത്തിലും അദ്ദേഹത്തിന് തുണയായി ഒപ്പംനിന്ന് ജില്ലാകമ്മിറ്റികളെ മോൻസാണ് നിലനിർത്തിയത്. അതാണ് അദ്ദേഹത്തെ പാർട്ടി എക്സിക്യുട്ടീവ് ചെയർമാൻ പദത്തിൽ എത്തിച്ചത്.2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിനെ കോട്ടയത്ത് എത്തിച്ച് വിജയിപ്പിക്കുമെന്ന് മുന്നണിക്ക് ഉറപ്പുനൽകിയത് മോൻസിന്റെ പിന്തുണയോടെ ജില്ലാ കമ്മിറ്റിയായിരുന്നു.
ആ വിജയം പാർട്ടിയിൽ അടയാളപ്പെടുത്തുന്നതായി. അണികൾക്ക് ആശ്വാസമായി. അതിന്റെ തുടർച്ചയാണ് ഇൗ തിരഞ്ഞെടുപ്പിലെ വിജയം.പ്രതിസന്ധികാലത്ത് പിരിഞ്ഞുപോകുന്ന നേതാക്കളെക്കണ്ട് ശീലിച്ച ജോസഫിന് എന്നും വിസ്മയമായിരുന്നു മോൻസ് ജോസഫ്.
Content Highlights: Mons Joseph's long-standing loyalty to P.J. Joseph, Strategic role in party registration and symbol acquisition, Managing party stability during the 2019-2021 crisis, Instrumental success in the 2024 parliamentary elections, Rise to Executive Chairman position