ഓഫീസ് തർക്കം രാഷ്ട്രീയ പോരാട്ടമാകുന്നു: പ്രശാന്ത് ഒഴിയണമെന്ന് ശബരീനാഥൻ; ശ്രീലേഖയ്ക്കെതിരേ സ്പീക്കർ

തിരുവനന്തപുരം: ശാസ്തമംഗലത്തെ നഗരസഭാമന്ദിരത്തിലെ എംഎൽഎയുടെ ഓഫീസ് തർക്കത്തിൽ വി.കെ.പ്രശാന്തിനെ വിമർശിച്ച് കെ.എസ്. ശബരീനാഥനുംകൂടി രംഗത്തെത്തിയതോടെ വിഷയം കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമായി മാറി. വിഷയത്തിൽ കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ വിമർശിച്ച് കടുത്ത രാഷ്ട്രീയ നിലപാടുമായി സിപിഎം രംഗത്തെത്തി.
മുറി ഒഴിയില്ലെന്നും നിയമനടപടി നേരിടാമെന്നുമാണ് സിപിഎമ്മിന്റെയും വി.കെ.പ്രശാന്ത് എംഎൽഎയുടെയും നിലപാട്. മുറി ഒഴിയണമെന്ന വിഷയത്തിൽ തിങ്കളാഴ്ച ബിജെപി നേതൃത്വത്തിൽനിന്ന് കൂടുതൽ പ്രതികരണങ്ങളുണ്ടായിട്ടില്ല.
പ്രശാന്തിനിനെതിരെ കോൺഗ്രസ് നേതാക്കളായ .എസ്. ശബരിനാഥനും കെ.മുരളീധരനും പ്രതികരണവുമായെത്തി. അവർക്ക് മറുപടിയുമായി വി.കെ.പ്രശാന്ത്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി ജി.ആർ.അനിൽ എന്നിവരും രംഗത്തെത്തി.
മുറിത്തർക്കത്തിൽ വി.കെ.പ്രശാന്തിനെ അനുകൂലിച്ച് മന്ത്രി ജി.ആർ.അനിലും രംഗത്തെത്തി.
ശാസ്തമംഗലത്തെ ഓഫീസ് ജനങ്ങളുടെ സൗകര്യത്തിനാണെന്നും ശബരീനാഥന്റെ സൗകര്യത്തിനല്ലെന്നും വി.കെ.പ്രശാന്ത് പറഞ്ഞു. ബിജെപിക്ക് കുടപിടിക്കുന്നവരായി ശബരീനാഥൻ അടക്കമുള്ളവർ മാറിയിരിക്കുകയാണ്. ബിജെപിയുടെ ഭരണസമിതി അധികാരത്തിൽ വന്നപ്പോഴാണ് എംഎൽഎയെ അവിടെനിന്ന് മാറ്റണമെന്ന ചർച്ച വന്നത്. വ്യക്തിഹത്യ നടത്തി വട്ടിയൂർക്കാവ് പിടിച്ചെടുക്കാനുള്ള ബിജെപിയുടെയും കോൺഗ്രസിന്റെയും നീക്കമാണിത്. സാധാരണക്കാർക്ക് ഏത് സമയത്തും അനുവാദത്തിന് കാത്തുനിൽക്കാതെ കടന്നുവരാൻ എംഎൽഎ ഹോസ്റ്റലിനെക്കാൾ സൗകര്യം ശാസ്തമംഗലത്തെ ഓഫീസാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ഒഴിപ്പിക്കൽ നയമാണ് ഇതെന്നും ശ്രീലേഖയുടേത് പോലീസ് മേധാവിയുടെ ഭാഷയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ശബരീനാഥന്റെ അഭിപ്രായം കേൾക്കുമ്പോൾ ബിജെപിയുടെ നിലപാടുകളെ പിന്താങ്ങുന്ന നയമാണോ കോൺഗ്രസിനെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ശബരീനാഥന് പിന്തുണയുമായി വട്ടിയൂർക്കാവ് മുൻ എംഎൽഎ കെ. മുരളീധരനും രംഗത്തെത്തി. താൻ വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്നപ്പോൾ എംഎൽഎ ക്വാർട്ടേഴ്സിലെ മുറിയാണ് ഓഫീസായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎയുടെ മുറിത്തർക്കം
: കോർപ്പറേഷന്റെ കെട്ടിടങ്ങൾ സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്ക് നൽകിയതിൽ സമഗ്രാന്വേഷണം നടത്താൻ കോർപ്പറേഷൻ ഭരണസമിതി. വി.കെ. പ്രശാന്ത് എംഎൽഎയുടെ ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്നാണ് നടപടി. കോർപ്പറേഷന്റെ കെട്ടിടങ്ങൾ സ്വകാര്യവ്യക്തികൾക്ക് വാടകക്ക് നൽകുന്നതിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിന്റെ മുഴുവൻ രേഖകളും ഹാജരാക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
എംഎൽഎയുടെ ഓഫീസ് പ്രവർത്തിക്കുന്നതിനുള്ള വാടകയുടെ നിരക്കിൽ കോർപ്പറേഷന് കടുംപിടിത്തമില്ലെന്ന് വ്യക്തമാക്കിയ മേയർ വി.വി. രാജേഷ് മറ്റുള്ള കെട്ടിടങ്ങളുടെ വാടക നിരക്ക് പരിശോധിക്കുമെന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മിക്ക കെട്ടിടങ്ങളും കടമുറികളും പല ആളുകൾ കൈമാറി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഉയർന്ന തുകയ്ക്കാണ് ഇത്തരം കൈമാറ്റം നടന്നിട്ടുള്ളതെന്നും യഥാർഥ വാടകക്കാരല്ല ഇവ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും സൂചനയുണ്ട്.
പല വാണിജ്യസ്ഥാപനങ്ങളും തലമുറകൾ കൈമാറിയാണ് ഉപയോഗിക്കുന്നതെന്നും പരാതിയുണ്ട്. അനധികൃത കൈമാറ്റങ്ങൾ തിരിച്ചു പിടിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. തുച്ഛമായ തുകയ്ക്ക് വാടകയ്ക്ക് എടുത്ത കടകൾ വൻ തുകക്ക് മറിച്ചുനൽകി ലക്ഷങ്ങൾ സമ്പാദിക്കുന്നുവെന്ന് ആരോപണമുണ്ട്.
കെട്ടിടങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. വിശദമായി മുഴുവൻ കെട്ടിടങ്ങളുടെയും രേഖകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിക്കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഭരണസമിതിയുടെ തീരുമാനം. സിപിഎം ഭരണത്തിലിരുന്ന കാലത്ത് എന്തു മാനദണ്ഡപ്രകാരമാണ് വാടക നിശ്ചയിച്ചതെന്നും ആർക്കൊക്കെയാണ് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയിരിക്കുന്നതെന്നും കണ്ടെത്താനാണ് ബിജെപി ഭരണസമിതിയുടെ തീരുമാനം.
അതേസമയം, എംഎൽഎയുടെയും കൗൺസിലറുടെയും ഓഫീസ് കെട്ടിടങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വാടകക്കരാറിന്റെ മറവിൽ നേടിയതാണെന്നും ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ സർക്കാരിന് പരാതി നൽകി.
വി.കെ.പ്രശാന്തിന്റെയും ശാസ്തമംഗലം വാർഡ് കോർപ്പറേഷൻ കൗൺസിലറുടെയും ഓഫീസുകൾ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള രഹസ്യ വാടകക്കരാറിന്റെ മറവിൽ നേടിയെടുത്തതാണെന്നും അന്വേഷണം നടത്തി ഒഴിപ്പിക്കണമെന്നുമാണ് പരാതി. അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്സിങ് ആണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്.
ആർ. ശ്രീലേഖയുടേത് അപക്വമായ നടപടി -സ്പീക്കർ
: വി.കെ. പ്രശാന്ത് എംഎൽഎയോടു മുറി ഒഴിയാൻ ആവശ്യപ്പെട്ട മുൻ ഡിജിപിയും കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖയുടെ നടപടി അപക്വമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ.
പ്രോട്ടക്കോൾ പ്രകാരം കൗൺസിലറെക്കാൾ മുകളിലാണ് എംഎൽഎ. അപ്പോൾ എങ്ങനെയാണ് കൗൺസിലർക്ക് ഇങ്ങനെ ആവശ്യപ്പെടാൻ സാധിക്കുക? ആർ. ശ്രീലേഖ ഞങ്ങളെല്ലാം ബഹുമാനിക്കുന്ന വ്യക്തിയാണ്. പരിചയസമ്പന്നയായ അവരിൽനിന്നുണ്ടായ അപക്വമായ നടപടിയാണിത്.
എംഎൽഎ ഹോസ്റ്റലിലെ മുറിക്കുപുറമേ പ്രശാന്ത് മറ്റൊരിടത്ത് ഓഫീസ് തുറന്നതിൽ തെറ്റില്ല. പൊതുജനങ്ങൾക്ക് എളുപ്പത്തിൽ എംഎൽഎയെ കാണാനും പ്രശ്നങ്ങൾ പറയാനും ഇതിലൂടെ കഴിയും. എംഎൽഎ ഹോസ്റ്റൽ വാച്ച് ആൻഡ് വാർഡിന്റെ നിയന്ത്രണത്തിലാണ്. അവിടെ ജനങ്ങൾക്ക് എളുപ്പത്തിൽ ചെല്ലാനാവില്ല. സുരക്ഷാപരമായ പരിശോധനകളൊക്കെയുണ്ടാവും. -സ്പീക്കർ പറഞ്ഞു.
രാഷ്ട്രീയപ്രേരിതം -മന്ത്രി വി. ശിവൻകുട്ടി
: കോർപ്പറേഷൻ കെട്ടിടത്തിലെ വി.കെ. പ്രശാന്ത് എൽഎൽഎയുടെ ഓഫീസ് ഒഴിയണമെന്ന ആവശ്യം രാഷ്ട്രീയപ്രേരിതവും ജനവിരുദ്ധവുമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ ഏഴുവർഷമായി കൃത്യമായി വാടക നൽകിയാണ് ഓഫീസ് പ്രവർത്തിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാലാവധി പൂർത്തിയാക്കുന്നതിനുമുൻപ് ഓഫീസ് ഒഴിപ്പിക്കുന്നത് മറ്റു ലക്ഷ്യങ്ങൾ മനസ്സിൽക്കണ്ടാണ്. അതേസമയം, കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥന്റെ പ്രസ്താവന അദ്ഭുതപ്പെടുത്തി. വാടകക്കെട്ടിടത്തിൽനിന്ന് ഇറക്കിവിടാൻ ആവേശം കാണിക്കുന്ന ശബരീനാഥന്റെ പ്രവർത്തനം മറ്റു ചിലർക്കുവേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: MLA Office Dispute Escalates: Political Showdown in Thiruvananthapuram