പടം തവളയുടേത്, മാർക്ക് താറാവിന്; രണ്ടാംക്ലാസ് അർധവാർഷിക പരീക്ഷയിൽ പിഴവ്

#പ്രിയേഷ് ചന്ദ്രൻ
ചോദ്യക്കടലാസിലെ ​ഗണിത സൂചനകൾവെച്ച് വരയ്ക്കുമ്പോൾ വിദ്യാർഥികൾക്കു ലഭിക്കുന്ന തവളയുടെ ചിത്രം (മുകളിൽ) , മൂല്യനിർണയത്തിനായി അധ്യാപകർക്ക് നൽകിയ നിർദേശങ്ങളിൽ താറാവിന് മാർക്ക് നൽകാൻ പറഞ്ഞിരിക്കുന്നു (താഴെ)
ചോദ്യക്കടലാസിലെ ​ഗണിത സൂചനകൾവെച്ച് വരയ്ക്കുമ്പോൾ വിദ്യാർഥികൾക്കു ലഭിക്കുന്ന തവളയുടെ ചിത്രം (മുകളിൽ) , മൂല്യനിർണയത്തിനായി അധ്യാപകർക്ക് നൽകിയ നിർദേശങ്ങളിൽ താറാവിന് മാർക്ക് നൽകാൻ പറഞ്ഞിരിക്കുന്നു (താഴെ)

പത്തനംതിട്ട: കുട്ടികൾക്ക് കിട്ടുന്ന ഉത്തരം തവള. അധ്യാപകർ മാർക്ക്‌ നൽകേണ്ടത് താറാവിന്. തിങ്കളാഴ്ച നടന്ന രണ്ടാം ക്ലാസ് അർധവാർഷിക ഇന്റഗ്രേഷൻ ഒന്നാംപേപ്പർ പരീക്ഷയിലാണ് ഈ പിഴവ്.അവർ കാട്ടിലെ കുളത്തിൽ ഒരു സുഹൃത്തിനെ കണ്ടു, ആരാണത് എന്നതാണ് ചോദ്യം. ഇതിനായി കുറച്ച് കള്ളികളും അതിൽ അക്കങ്ങളും നൽകിയിട്ടുണ്ട്. വിദ്യാർഥികൾ താഴെയുള്ള ഗണിത ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തി അതിലെ അക്കങ്ങൾവെച്ച് കള്ളികൾക്ക്‌ നിറം കൊടുക്കുമ്പോൾ ഒരു ചിത്രം കിട്ടും.

നിറം കൊടുക്കുമ്പോൾ വിദ്യാർഥികൾക്ക് ലഭിക്കുന്നത് തവളയുടെ ചിത്രമാണ്. എന്നാൽ അധ്യാപകർക്ക് മൂല്യനിർണയത്തിനായി നൽകിയ നിർദേശങ്ങളിൽ ഉത്തരങ്ങൾ ശരിയാക്കി താറാവിന്റെ ചിത്രം ലഭിച്ചതിന് മാർക്ക് നൽകാനാണ് പറഞ്ഞിട്ടുള്ളത്. ഇതോടെ അധ്യാപകരാണ് ആശയക്കുഴപ്പത്തിലായിരിക്കുന്നത്.

ചോദ്യത്തിന് ശരിയുത്തരം എഴുതിയാലും സാങ്കേതികമായി കുട്ടികൾക്ക് മാർക്ക് നൽകാൻ സാധിക്കില്ല. രണ്ടും ജലാശയങ്ങളുമായി ബന്ധപ്പെട്ട ജീവികളാണെന്ന് കരുതി മാർക്കുനൽകിയാൽ തെറ്റ് പറയാനുമില്ല. പക്ഷേ, താറാവിനെ കണ്ടെത്തിയാൽ മാത്രമേ മാർക്ക് കൊടുക്കാവൂ എന്നാണെങ്കിൽ അധ്യാപകർപെട്ടതുതന്നെ.

ഉത്തരക്കടലാസ് കൈയിൽ ലഭിക്കുമ്പോൾ കുട്ടികൾ ചോദ്യംചെയ്താൽ മറുപടി പറയേണ്ടിവരുക അധ്യാപകരാണ്. ഇനി സ്വയംബോധ്യത്തിൽ മാർക്കിടാൻ പറഞ്ഞാൽ, പിന്നെ എന്തിനാണ് മൂല്യനിർണയത്തിന് നിർദേശം നൽകുന്നതെന്നാണ് ചില അധ്യാപകരുടെ മറുചോദ്യം. അങ്ങനെയെങ്കിൽ എല്ലാ ചോദ്യത്തിനും അധ്യാപകരുടെ സ്വന്തം ബോധ്യത്തിൽ മാർക്കുനൽകിയാൽ പോരേ എന്നും അവർ ചോദിക്കുന്നു.

മൂല്യനിർണയ നിർദേശം തയ്യാറാക്കിയപ്പോൾ കൃത്യമായ പരിശോധന നടത്തിയില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഈ പിഴവ്. തവളയ്ക്കാണോ, താറാവിനാണോ മാർക്കിടേണ്ടത് എന്ന കാര്യത്തിൽ വിദ്യാഭ്യാസവകുപ്പിൽനിന്ന് ഇനി നിർദേശം വരണം.

Content Highlights: mistake in 2nd class mid year exam