ആദ്യവെടിയിൽ മയങ്ങാതെ ചക്കക്കൊമ്പൻ; ആനയെ വീണ്ടും ട്രാക്ക് ചെയ്തു, ഇന്ന് നിർണായക നീക്കം

ചിന്നക്കനാൽ: മയക്കുവെടിയേറ്റിട്ടും പൂർണമായി മയങ്ങാതെ ദൗത്യസംഘത്തിനുനേരെ പാഞ്ഞടുത്ത ചക്കക്കൊമ്പനെ വരുതിയിലാക്കാനുള്ള 'മിഷൻ ചക്കക്കൊമ്പൻ' രണ്ടാംദിനത്തിലേക്ക്. ആദ്യദിനത്തിലെ തിരിച്ചടികൾക്കു പിന്നാലെ ഇന്ന് രാവിലെ ഏഴോടെ വനംവകുപ്പ് ദൗത്യം പുനരാരംഭിച്ചു. ചെമ്പകത്തൊഴുകുടി സെറ്റിൽമെന്റിന് സമീപം ആനയുടെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്. ആനയെ അനുയോജ്യമായ തുറസ്സായ സ്ഥലത്തെത്തിച്ച് മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുകയാണ് ലക്ഷ്യം.
ഇന്നലെ മയക്കുവെടിയേറ്റെങ്കിലും പൂർണമായി മയങ്ങാതിരുന്ന ചക്കക്കൊമ്പൻ ദൗത്യസംഘത്തിനുനേരെ തിരിഞ്ഞതും പിന്നീട് കാട്ടിലേക്ക് മറഞ്ഞതുമാണ് ആദ്യദിനത്തിലെ ശ്രമം പരാജയപ്പെടാൻ കാരണം. പിന്നാലെയെത്തിയ കനത്ത മഴയും കോടമഞ്ഞും ദൗത്യത്തിന് കൂടുതൽ വെല്ലുവിളിയായി. മയക്കുവെടിയേറ്റ ആനയെ നിരീക്ഷിച്ചശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കൂവെന്നാണ് വനംവകുപ്പിന്റെ നിലപാട്. ആദ്യദിനത്തിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതയോടെയാണ് രണ്ടാംദിനത്തിലെ നീക്കങ്ങൾ.
ഇന്ന് നിർണായകം; ആനയെ നിരീക്ഷിച്ച് വനംവകുപ്പ്
ഇന്ന് രാവിലെ ചെമ്പകത്തൊഴുകുടി സെറ്റിൽമെന്റിന് സമീപമാണ് ചക്കക്കൊമ്പനെ കണ്ടെത്തിയത്. ഇവിടെനിന്ന് 301 കോളനി ഭാഗത്തേക്ക് ആനയെ എത്തിക്കാനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തുന്നത്. ഡ്രോൺ ഉപയോഗിച്ച് ആനയുടെ സഞ്ചാരം നിരീക്ഷിച്ചുവരികയാണ്. ഇന്നലെ മയക്കുവെടിയേറ്റതിനാൽ ആനയുടെ ആരോഗ്യസ്ഥിതിയും പെരുമാറ്റവും സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. അതിനാൽ, രാവിലെ തന്നെ വീണ്ടും മയക്കുവെടി പ്രയോഗിക്കാതെ നിരീക്ഷണത്തിനാണ് മുൻഗണന നൽകുന്നത്.
ആനയെ അനുയോജ്യമായ സ്ഥലത്ത് എത്തിച്ച് കൃത്യമായ സ്ഥാനം ഉറപ്പാക്കിയശേഷം മാത്രമേ അടുത്ത മയക്കുവെടിയുടെ കാര്യത്തിൽ തീരുമാനമെടുക്കൂ. ഇന്നലെ പെയ്ത കനത്ത മഴയും മണ്ണിന്റെ അവസ്ഥയും ദൗത്യത്തിന് വെല്ലുവിളിയായേക്കാം. മഴയും കോടമഞ്ഞും വീണ്ടും ശക്തമായാൽ ദൗത്യം വൈകാനും സാധ്യതയുണ്ട്.’
എന്താണ് ആദ്യദിനത്തിൽ സംഭവിച്ചത്?
ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ചക്കക്കൊമ്പനെ കണ്ടെത്താനുള്ള വനംവകുപ്പിന്റെ പ്രത്യേക ട്രാക്കിങ് സംഘം തിരച്ചിൽ ആരംഭിച്ചത്. ഡ്രോൺ നിരീക്ഷണത്തിന്റെ സഹായത്തോടെ രാവിലെ ആനയെ കണ്ടെത്തി. എൺപതേക്കർ കോളനിയിലെ പൊന്നുസ്വാമി എസ്റ്റേറ്റിൽ ആനയിറങ്കൽ ജലാശയത്തിന് സമീപമായിരുന്നു ആനയുടെ സാന്നിധ്യം. ജലാശയത്തോടു ചേർന്നുള്ള സ്ഥലം മയക്കുവെടി പ്രയോഗിക്കാൻ സുരക്ഷിതമല്ലാത്തതിനാൽ ദൗത്യസംഘം കാത്തുനിന്നു.
വെറ്ററിനറി ഡോക്ടർമാരുൾപ്പെടെ 24 അംഗ സംഘം സ്ഥലത്തെത്തി ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു. രാവിലെ 7:20-ഓടെ ചക്കക്കൊമ്പൻ ആനയിറങ്കൽ ജലാശയത്തിലേക്ക് ഇറങ്ങി. തുടർന്ന് ജലാശയത്തിലെ തുരുത്തിലേക്ക് നീങ്ങിയ ആന അവിടെ നിലയുറപ്പിച്ചു. വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലത്ത് മയക്കുവെടി പ്രയോഗിക്കുന്നത് അപകടകരമായതിനാൽ ആനയെ കരയിലെത്തിക്കാനായിരുന്നു ശ്രമം.
സ്പീഡ് ബോട്ടിന്റെ സഹായത്തോടെയും പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ തുരുത്തിൽനിന്ന് പുറത്തേക്ക് എത്തിക്കാനുള്ള ശ്രമം തുടർന്നു. ഉച്ചയോടെ ആനയെ ജലാശയത്തിൽനിന്ന് കരയിലെത്തിക്കാൻ സാധിച്ചു. തുടർന്ന് ജലാശയം നീന്തിക്കടന്ന ചക്കക്കൊമ്പൻ 301 കോളനി, ഓമനക്കുഴി മേഖലകളിലേക്ക് നീങ്ങി. ഉച്ചയോടെ ഓമനക്കുഴിയിലെ ചതുപ്പുനിലത്താണ് ആന നിലയുറപ്പിച്ചത്.
എന്നാൽ, ചതുപ്പുനിലവും പ്രതികൂല കാലാവസ്ഥയും ദൗത്യത്തിന് തടസ്സമായി. ഉച്ചയ്ക്കുശേഷം പ്രദേശത്ത് ശക്തമായ മഴ പെയ്തു. മഴ ശമിച്ചതിനു പിന്നാലെ വൈകീട്ട് 3.40-ഓടെ ഓമനക്കുഴി ഭാഗത്തുവെച്ച് വെറ്ററിനറി സംഘം ചക്കക്കൊമ്പന് നേരെ ആദ്യ മയക്കുവെടി പ്രയോഗിച്ചു. ആനയുടെ പിൻകാലിലാണ് ഡാർട്ട് പതിച്ചത്. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ ആന മയങ്ങിയില്ല. തുടർ ഡോസ് നൽകാൻ സംഘം തയ്യാറെടുക്കുന്നതിനിടെ ചക്കക്കൊമ്പൻ ഉദ്യോഗസ്ഥർക്കുനേരെ തിരിഞ്ഞു. ഇതോടെ സംഘം പിന്മാറി. പിന്നീട് ആന കാട്ടിലേക്ക് നീങ്ങി.
മരുന്ന് പൂർണമായി ശരീരത്തിലെത്തിയില്ല
മയക്കുവെടിയേറ്റിട്ടും ചക്കക്കൊമ്പൻ പൂർണമായി മയങ്ങാതിരുന്നതിന് കാരണം മരുന്നിന്റെ അളവ് പ്രതീക്ഷിച്ച രീതിയിൽ ശരീരത്തിലെത്താത്തതാണെന്ന് ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) ഡി.കെ. വിനോദ് കുമാർ വിശദീകരിച്ചിരുന്നു.
മയക്കുവെടി പ്രയോഗിക്കുമ്പോൾ ആന ഉയരമുള്ള പുല്ലുകൾക്കിടയിലായിരുന്നു. ഡാർട്ട് സഞ്ചരിച്ച വഴിയിൽ പുല്ലുകൾ തടസ്സമായതും ശക്തമായ കാറ്റും കാരണം മരുന്നിന്റെ ഒരു ഭാഗം മാത്രമാണ് ആനയുടെ ശരീരത്തിൽ പ്രവേശിച്ചത്. വെടിയേറ്റശേഷം അരമണിക്കൂറോളം നിരീക്ഷിച്ചിട്ടും ആനയുടെ ചെവിയും തുമ്പിക്കൈയും ചലിക്കുന്നുണ്ടായിരുന്നു. ഇതോടെ ആന പൂർണമായി മയങ്ങിയിട്ടില്ലെന്ന് ദൗത്യസംഘത്തിന് വ്യക്തമായി.
തുടർന്ന് കൂടുതൽ മരുന്ന് നൽകുന്നതിനായി സംഘം അടുത്തേക്ക് നീങ്ങിയപ്പോഴാണ് ചക്കക്കൊമ്പൻ തുമ്പിക്കൈ ഉയർത്തി ഉദ്യോഗസ്ഥർക്കുനേരെ പാഞ്ഞടുത്തത്. തലനാരിഴയ്ക്കാണ് സംഘം ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. പടക്കം പൊട്ടിച്ച് ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് കാട്ടിലേക്ക് നീങ്ങുകയായിരുന്നു.
ദൗത്യസംഘം
മഴയും കോടമഞ്ഞും വില്ലനായി
വൈകീട്ടോടെ ചിന്നക്കനാൽ മേഖലയിൽ വീണ്ടും ശക്തമായ മഴയും കോടമഞ്ഞും അനുഭവപ്പെട്ടു. മലനിരകളെ മൂടിയ മഞ്ഞിനെത്തുടർന്ന് കാഴ്ചപരിധി ഗണ്യമായി കുറഞ്ഞു. ദൗത്യസംഘത്തിന് ആനയുടെ സ്ഥാനം വ്യക്തമായി നിരീക്ഷിക്കാനാകാത്ത സാഹചര്യമുണ്ടായി. അപകടസാധ്യത കണക്കിലെടുത്ത് ആദ്യദിനത്തിലെ ദൗത്യം താൽക്കാലികമായി അവസാനിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചു.
'സീറോ വിസിബിലിറ്റിയിൽ അപകടസാധ്യത ഏറ്റെടുക്കാനാവില്ല' എന്നായിരുന്നു സിസിഎഫ് ഡി.കെ. വിനോദ് കുമാറിന്റെ വിശദീകരണം. കാലാവസ്ഥയും സ്ഥലത്തെ സാഹചര്യങ്ങളും പൂർണമായി അനുകൂലമാകാതെ ദൗത്യം തുടരാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആദ്യദിനത്തിലെ പോരായ്മകൾ വിലയിരുത്തി ഓപ്പറേഷൻ ടീം മേധാവികളുടെ യോഗം ചേർന്ന് തുടർനടപടികൾ ആസൂത്രണം ചെയ്യുമെന്നും അറിയിച്ചിരുന്നു.
അരിക്കൊമ്പൻ ദൗത്യത്തിൽനിന്ന് വ്യത്യസ്തം
ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ജനവാസമേഖലകളിലിറങ്ങി കൃഷിനാശമുണ്ടാക്കുകയും ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന കാട്ടാനകളിലൊന്നാണ് ചക്കക്കൊമ്പൻ. മുൻപ് അരിക്കൊമ്പനെ പിടികൂടി മറ്റൊരു വനമേഖലയിലേക്ക് മാറ്റിയതിൽനിന്ന് വ്യത്യസ്തമായ രീതിയിലാണ് ചക്കക്കൊമ്പൻ ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്.
ആനയെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിച്ചശേഷം അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽത്തന്നെ നിലനിർത്തുകയാണ് ലക്ഷ്യം. സാറ്റലൈറ്റ് സിഗ്നലുകൾ വഴി ആനയുടെ സഞ്ചാരം 24 മണിക്കൂറും നിരീക്ഷിക്കാനാകും. ആന ജനവാസമേഖലയോട് അടുക്കുമ്പോൾ തന്നെ മുന്നറിയിപ്പ് നൽകാനും ഇതുവഴി പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് വനംവകുപ്പിന്റെ പദ്ധതി.
മൂന്നാർ ഡി.എഫ്.ഒയുടെ നേതൃത്വത്തിലും ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ഡി.കെ. വിനോദ് കുമാറിന്റെ മേൽനോട്ടത്തിലുമാണ് ദൗത്യം. വെറ്ററിനറി വിദഗ്ധർ, റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾ, മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന വലിയ സംഘമാണ് പ്രവർത്തിക്കുന്നത്. വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളായ ഭരതും വിക്രമും ദൗത്യത്തിനായി സജ്ജമാണ്.
മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ വീണ്ടും ജനവാസമേഖലയിലേക്ക് ഇറങ്ങുകയോ ദേശീയപാത മുറിച്ചുകടന്ന് മതികെട്ടാൻ ചോല ദേശീയോദ്യാനത്തിലേക്ക് നീങ്ങുകയോ ചെയ്യാതിരിക്കാൻ വനംവകുപ്പ് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. മതികെട്ടാൻ ചോല വനമേഖലയിലേക്ക് കടന്നാൽ ആനയെ കണ്ടെത്തുന്നതും ദൗത്യം പൂർത്തിയാക്കുന്നതും കൂടുതൽ ശ്രമകരമാകും.
മയക്കുവെടിയേറ്റിട്ടും കീഴടങ്ങാതെ കാട്ടിലേക്ക് മറഞ്ഞ ചക്കക്കൊമ്പനെ സുരക്ഷിതമായി മയക്കി റേഡിയോ കോളർ ഘടിപ്പിക്കാനാകുമോ എന്നതാണ് രണ്ടാംദിനത്തിലെ പ്രധാന ചോദ്യം. ആനയുടെ നീക്കങ്ങളും കാലാവസ്ഥയും ഒരുപോലെ നിർണായകമാകുമ്പോൾ ചിന്നക്കനാലിലെ ദൗത്യസംഘം അതീവ ജാഗ്രതയിലാണ്.
Content Highlights: Mission Chakkakomban enters its second day in the Chinnakanal region., First day's operation faced setbacks due to heavy rain, dense fog, and the dart being obstructed by tall grass., Forest Department plans to attach a satellite radio collar for 24/7 monitoring without relocating the elephant from its habitat., Authorities are exercising caution to prevent the elephant from escaping into the Mathikettan Shola National Park.