‘മിഷൻ ചക്കക്കൊമ്പൻ’ തുടങ്ങി, കുങ്കിയാനകളെയെത്തിച്ചു; റേഡിയോ കോളറണിയിച്ചാൽ പോരാ, നാടുകടത്തണമെന്ന് നാട്ടുകാർ

ഇടുക്കി: ചിന്നക്കനാലിൽ ഭീതിവിതയ്ക്കുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായുള്ള മിഷൻ ചക്കക്കൊമ്പൻ ദൗത്യത്തിന് തുടക്കമായി. വയനാട് മുത്തങ്ങ എലിഫന്റ് ക്യാമ്പിൽനിന്ന് ഭരത്, വിക്രം എന്നീ രണ്ട് കുങ്കിയാനകളെ ലോറിമാർഗം ചിന്നക്കനാലിലെ 301 കോളനിയിലെത്തിച്ചു. മൂന്നാർ ഡി.എഫ്.ഒ. സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പിന്റെ പ്രധാന സംഘവും വയനാട്ടിൽനിന്നുള്ള ഇരുപതംഗ പ്രത്യേക ആർ.ആർ.ടി. സംഘവും ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്.
നിലവിൽ ബി.എൽ. റാം ഉൾപ്പെടെയുള്ള ജനവാസമേഖലകളിലിറങ്ങി കൃഷിയിടങ്ങളിലെ സോളാർ ഫെൻസിങ്ങും മരങ്ങളും തകർത്ത് ചക്കക്കൊമ്പൻ ഭീതി പരത്തുന്നുണ്ട്. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലായി 25 ചതുരശ്ര കിലോമീറ്റർ പരിധിയിൽ വസിക്കുന്ന 17 കാട്ടാനകളിൽ ഏറ്റവും അക്രമകാരികളിലൊന്നാണ് ചക്കക്കൊമ്പൻ. ചെങ്കുത്തായ മലനിരകളും പുൽമേടുകളും നിറഞ്ഞ ചിന്നക്കനാലിന്റെ ഭൂപ്രകൃതിയും ആനയിറങ്കൽ ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയും മയക്കുവെടി ദൗത്യത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
മയക്കുവെടിയേറ്റ ആന വെള്ളത്തിലിറങ്ങിയാൽ ജീവഹാനി സംഭവിക്കാൻ സാധ്യതയുള്ളതിനാൽ സുരക്ഷിതവും അനുയോജ്യവുമായ സ്ഥലത്തുവെച്ചുമാത്രമേ മയക്കുവെടിവയ്ക്കാൻ സാധിക്കൂ. ചക്കക്കൊമ്പന്റെ ആരോഗ്യാവസ്ഥ തൃപ്തികരമാണെങ്കിൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ മയക്കുവെടിവയ്ക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. മയക്കുവെടിവെച്ചശേഷം ആനയെ പരിശോധിച്ച് റേഡിയോ കോളർ നൽകി അതേ പ്രദേശത്തുതന്നെ തുറന്നുവിടുന്ന വനംവകുപ്പിന്റെ നടപടിയോട് പ്രദേശവാസികൾ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.
മുൻപ് അരിക്കൊമ്പനെ മാറ്റിയതുപോലെ ചക്കക്കൊമ്പനെയും ഇവിടെനിന്ന് പിടികൂടി മാറ്റിപ്പാർപ്പിക്കണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രധാന ആവശ്യം. റേഡിയോ കോളർ ധരിപ്പിച്ച് ഇതേ മേഖലയിൽതന്നെ വിട്ടാൽ ആന വീണ്ടും ജനവാസമേഖലയിലെത്തി ഉപദ്രവം തുടരുമെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു. എന്നാൽ ആദ്യഘട്ടമെന്ന നിലയിൽ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുകമാത്രമാണ് നിലവിലെ നിയമവും പ്രോട്ടോക്കോളുമനുസരിച്ച് ചെയ്യാൻ കഴിയുന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
Content Highlights: Mission Chakkakomban launched in Chinnakanal to tranquilize and radio-collar the rogue elephant.