പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ മിന്നല്‍ചുഴലി; മരങ്ങള്‍ കടപുഴകി, 15-ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു

മിന്നല്‍ചുഴലിയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണപ്പോള്‍
മിന്നല്‍ചുഴലിയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണപ്പോള്‍

പാലക്കാട്: ചെര്‍പ്പുളശ്ശേരി ചളവറയില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണ് 15-ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ചളവറ മേഖലയില്‍ ചുഴലിക്കാറ്റടിച്ചത്. 

ചളവറ പാലാട്ടുപടിയിലാണ് വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണത്. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള തേക്ക് മരങ്ങള്‍ വീണ് രണ്ടുവീടുകളും ഭാഗികമായി തകര്‍ന്നു. രണ്ട് ഓട്ടോറിക്ഷകളും പഞ്ചായത്ത് അംഗത്തിന്റെ സ്‌കൂട്ടറും ഉള്‍പ്പെടെ മൂന്നുവാഹനങ്ങളും മരം വീണ് തകര്‍ന്നു. 

മിന്നല്‍ചുഴലിയില്‍ വീടിന് മുകളിലേക്ക് മരം വീണപ്പോള്‍

മിന്നല്‍ചുഴലിയില്‍ ചളവറ കുബേര ക്ഷേത്രത്തിനും നാശനഷ്ടമുണ്ടായി. ക്ഷേത്രത്തിന് മുകളിലേക്ക് മരം വീണു. ശക്തമായ കാറ്റില്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയുടെ ഓടുകളും ജനലുകളും നിലംപൊത്തി. മിന്നല്‍ ചുഴലിയില്‍ മരം വീണ് 20-ലേറെ വൈദ്യുതിത്തൂണുകളും ഒടിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാത്രി എട്ടുമുതല്‍ പ്രദേശത്തെ വൈദ്യുതിവിതരണം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. മരങ്ങള്‍ വീണുകിടക്കുന്നതിനാല്‍ ഗതാഗതവും മുടങ്ങി. 

Content Highlights: minnal chuzhali in cherpulassery palakkad tornado in cherupulassery palakkad