മന്ത്രി വീണാ ജോർജ് പങ്കെടുത്ത ഉദ്ഘാടനവേദിയിൽ രാഷ്ട്രീയപ്പോര്; വാക്കുതര്‍ക്കവും പരസ്പരം കൂക്കിവിളിയും

ജനറൽ ആശുപത്രി മഞ്ചേരി നഗരസഭയ്ക്ക് കൈമാറിയെന്നതിനുള്ള തെളിവായി മന്ത്രി വീണാ ജോർജ് സർക്കാർ ഉത്തരവ് ഉയർത്തിക്കാട്ടുന്നു.യു.എ.ലത്തീഫ് എം.എൽ.എ, നഗരസഭാധ്യക്ഷ വി.എം.സുബൈദ, നഗരസഭാ വൈസ് ചെയർമാൻ വി.പി.ഫിറോസ് എന്നിവർ സമീപം
ജനറൽ ആശുപത്രി മഞ്ചേരി നഗരസഭയ്ക്ക് കൈമാറിയെന്നതിനുള്ള തെളിവായി മന്ത്രി വീണാ ജോർജ് സർക്കാർ ഉത്തരവ് ഉയർത്തിക്കാട്ടുന്നു.യു.എ.ലത്തീഫ് എം.എൽ.എ, നഗരസഭാധ്യക്ഷ വി.എം.സുബൈദ, നഗരസഭാ വൈസ് ചെയർമാൻ വി.പി.ഫിറോസ് എന്നിവർ സമീപം

മഞ്ചേരി: ആരോഗ്യമന്ത്രി പങ്കെടുത്ത മെഡിക്കല്‍കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവേദിയില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയെച്ചൊല്ലി യുഡിഎഫ്-എല്‍ഡിഎഫ് രാഷ്ട്രീയപ്പോര്.

അധ്യക്ഷപ്രസംഗത്തിനിടെ യു.എ. ലത്തീഫ് എംഎല്‍എയാണ് വാക്കുതര്‍ക്കത്തിന് തുടക്കമിട്ടത്. ഇപ്പോള്‍ ആരോഗ്യമന്ത്രി വീണാജോര്‍ജിനെ മുദ്രാവാക്യംമുഴക്കി സ്വീകരിച്ചവര്‍ മെഡിക്കല്‍കോളേജ് ഉദ്ഘാടനവേളയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടികാണിച്ച കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മന്ത്രിയുടെ പ്രസംഗത്തിനുശേഷമെത്തിയ നഗരസഭാധ്യക്ഷ വി.എം. സുബൈദ, ജനറല്‍ ആശുപത്രി മഞ്ചേരിയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചു.

ജനറല്‍ ആശുപത്രിയെച്ചൊല്ലി മഞ്ചേരിയില്‍ വര്‍ഷങ്ങളായി എല്‍ഡിഎഫ്-യുഡിഫ് പോര് രൂക്ഷമാണ്. ആശുപത്രി മഞ്ചേരിയില്‍നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നൂവെന്നാണ് യുഡിഎഫിന്റെ ആരോപണം. ഇതിനെതിരേ നിരവധി സമരങ്ങളും ഇവര്‍ നടത്തി. എന്നാല്‍ ജനറല്‍ ആശുപത്രി 2016-ല്‍ സര്‍ക്കാര്‍ നഗരസഭയ്ക്ക് കൈമാറിയെന്നും ഇനി നഗരസഭയാണ് ആശുപത്രി പുനഃസ്ഥാപിക്കേണ്ടതെന്നുമാണ് എല്‍ഡിഎഫ് വാദം. നഗരസഭാധ്യക്ഷയുടെ പ്രസംഗത്തിലെ രാഷ്ട്രീയം വേദിയിലുണ്ടായിരുന്ന സിപിഎം ജില്ലാസെക്രട്ടേറിയറ്റ് അംഗം വി.എം. ഷൗക്കത്ത് മന്ത്രിയെ ധരിപ്പിച്ചു. ഇതോടെ തിരികെയെത്തിയ മന്ത്രി 2016-ല്‍ ജനറല്‍ ആശുപത്രികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്തപ്പോള്‍ മഞ്ചേരിയിലെ ജനറല്‍ ആശുപത്രിയും നഗരസഭയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് മറുപടി നല്‍കി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി ഉയര്‍ത്തിക്കാട്ടി, ഇനിയതില്‍ അവ്യക്തത വേണ്ടെന്നും മന്ത്രി പറഞ്ഞു. ഇതോടെ സദസ്സില്‍നിന്ന് യുഡിഎഫ് നേതാക്കള്‍ക്കെതിരേ കൂക്കുവിളി ഉയര്‍ന്നു. ഇത്തരം വാഗ്വാദങ്ങളല്ല, പൊതുവായ നാടിന്റെ വികാരത്തിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന് അവരെ ഓര്‍മ്മിപ്പിച്ച് മന്ത്രി മടങ്ങി. 

അതിനിടെ മന്ത്രി കള്ളം പറയുകയാണെന്നുപറഞ്ഞ് നഗരസഭാ വൈസ്ചെര്‍മാന്‍ വി.പി. ഫിറോസ് രംഗത്തെത്തി. ഇതോടെ വി.എം. ഷൗക്കത്ത് മറുപടിയുമായിവന്നു. ആശുപത്രി ഇവിടെനിന്ന് മാറ്റുന്നുവെന്നുപറഞ്ഞ് സമരംചെയ്തവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാറ്റാന്‍ പോകുന്ന ജനറല്‍ ആശുപത്രിക്ക് ഇപ്പോള്‍ സര്‍ക്കാര്‍ 10 കോടി അനുവദിച്ച കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൂക്കിവിളിച്ചു. മന്ത്രിയെ നേരില്‍ കണ്ടപ്പോള്‍ ഇതൊന്നും പറഞ്ഞില്ലെന്നും എച്ച്എംസി. രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ അനുമതിതന്നാല്‍ ആശുപത്രി നഗരസഭ ഏറ്റെടുത്തുനടത്തുമെന്നും പറഞ്ഞ് ചെയര്‍പേഴ്സണ്‍ വേദിവിട്ടു.

277 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളെന്ന് മന്ത്രി
മഞ്ചേരി: കഴിഞ്ഞ ഒന്‍പതുവര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 277 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനറല്‍ ആശുപത്രി 2013-ല്‍ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയശേഷം അടിസ്ഥാന സൗകര്യങ്ങളുടെ വലിയ കുറവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിവരുന്നത്. ഭാവി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 114.92 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍.

കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വികസനംനടന്നത് ഈ സര്‍ക്കാരിന്റെ കാലത്താണ്. മഞ്ചേരി മെഡിക്കല്‍ കോളേജിനെ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ കോളേജായി ഉയര്‍ത്തി. 491 സര്‍ക്കാര്‍ നഴ്സിങ് സീറ്റുകള്‍ ഉണ്ടായിരുന്നത് 1250 സീറ്റിലേക്ക് ഉയര്‍ന്നു. 15 നഴ്സിങ് കോളേജുകള്‍ പുതുതായി തുടങ്ങാന്‍ സാധിച്ചു. സര്‍ക്കാര്‍ മേഖലയില്‍ അനുവദിച്ച ഏഴു നഴ്സിങ് കോളേജുകളില്‍ ഒന്ന് മഞ്ചേരിയിലാണ് തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.

തൃക്കലങ്ങോട് കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള കരിക്കാട്, ചെറുകുത്ത് സബ് സെന്ററുകള്‍ ജനകീയ ആരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. യു.എ. ലത്തീഫ് എംഎല്‍എ അധ്യക്ഷനായി. ജില്ലാകളക്ടര്‍ വി.ആര്‍. വിനോദ്, മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. കെ.വി. വിശ്വനാഥന്‍, നഗരസഭാധ്യക്ഷ വി.എം. സുബൈദ, വി.പി. ഫിറോസ്, ഷെറീന ജവഹര്‍, അഡ്വ. പ്രേമ രാജീവ്, സുധീര്‍ ബാബു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. അനില്‍ രാജ്, സൂപ്രണ്ട് ഡോ. ആര്‍. പ്രഭുദാസ്, ഡിഎംഒ ആര്‍. രേണുക, ഡോ. ടി.എന്‍. അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഉദ്ഘാടനം ചെയ്ത സംരംഭങ്ങള്‍

ഗേള്‍സ് ഹോസ്റ്റല്‍, ടീച്ചിങ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഇന്റേണല്‍ റോഡ്(103.86 കോടി) ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി ബ്ലോക്ക്(1.10 കോടി), വൈറല്‍ റിസര്‍ച്ച് ലാബ് ( 2.35 കോടി), 750 കെവിഎ ജനറേറ്റര്‍(1.38 കോടി) ലേബര്‍ റൂം ആന്‍ഡ് കാര്‍ഡിയോളജി ഒപി (1.20 കോടി), 128 സ്ലൈഡ് സിടി സ്‌കാന്‍ യൂണിറ്റ് (അഞ്ചുകോടി).

ചെയ്ത ജോലിക്കുള്ള കൂലി വേണം
മഞ്ചേരി: ആരോഗ്യമന്ത്രി വീണാജോര്‍ജിന് മുന്‍പില്‍ ചെയ്ത ജോലിക്കുള്ള ശമ്പളത്തിനായപേക്ഷിച്ച് മെഡിക്കല്‍കോളേജിലെ താത്കാലിക ജീവനക്കാര്‍. ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ജീവനക്കാര്‍ കൂട്ടത്തോടെ പരാതിയുമായെത്തിയത്. കാസ്പ് ജീവനക്കാര്‍ക്ക് ജൂണില്‍ 6,000 രൂപ മാത്രമാണ് ശമ്പളം കിട്ടിയത്. ജൂലായില്‍ കിട്ടിയതുമില്ല. എച്ച്ഡിഎസ് ജീവനക്കാര്‍ക്ക് ജൂലായിലെ ശമ്പളമാണ് മുടങ്ങിയത്.

തങ്ങളുടെ കുടുംബം പട്ടിണിയിലാണെന്ന് ഉറക്കെപ്പറഞ്ഞ് അവര്‍ മന്ത്രിക്കരികിലേക്കുനീങ്ങി. വഴി തടസ്സപ്പെട്ടതോടെ മന്ത്രിയെ അനുഗമിച്ച സിപിഎം പ്രവര്‍ത്തകരും ജീവനക്കാരുംതമ്മില്‍ വാക്കുതര്‍ക്കവും ഉന്തും തള്ളുമുണ്ടായി.

ഇതിനിടയില്‍ മന്ത്രി വാഹനത്തില്‍ക്കയറി മടങ്ങി. സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍സ്, ഫാര്‍മസിസ്റ്റ്, സുരക്ഷാ ജീവനക്കാര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, നഴ്സിങ് അസിസ്റ്റന്‍ഡ് തുടങ്ങിയ തസ്തികകളിലായി 566 താത്കാലിക ജീവനക്കാരുടെ വേതനമാണ് മുടങ്ങിയത്.


 

Content Highlights: UDF and LDF clash over Manjeri General Hospital`s future at a medical college inauguration