ശ്രീനന്ദയുടെ മരണം: ദുരൂഹത നീക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്

#ന്യൂസ് ഡെസ്ക്
എം.ബി. രാജേഷ് | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി
എം.ബി. രാജേഷ് | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി

പാലക്കാട്: കർണാടകയിലെ ചിക്കമഗളൂരിൽ വെച്ച് മരണമടഞ്ഞ പതിനഞ്ചുകാരി ശ്രീനന്ദയുടെ വീട്ടിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സന്ദർശനം നടത്തി. പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലെത്തിയ മന്ത്രി പെൺകുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും നേരിൽ കണ്ട് ആശ്വാസവാക്കുകൾ പങ്കുവെച്ചു. സിപിഎം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ. ജയദേവനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഒരു നാടിന്റെയാകെ അഭിമാനവും കുടുംബത്തിന്റെ വലിയ പ്രതീക്ഷയുമായിരുന്നു ശ്രീനന്ദയെന്നും അവളുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.

കടമ്പഴിപ്പുറം ഹൈസ്‌കൂളിലെ മികച്ച വിദ്യാർഥിനിയായിരുന്ന ശ്രീനന്ദ പഠനത്തിന് പുറമെ കലാ-കായിക രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കുട്ടിയെ കാണാതായെന്ന വിവരം ലഭിച്ച ഉടൻ തന്നെ കേരള സർക്കാർ കർണാടക സർക്കാരുമായി ബന്ധപ്പെടുകയും അന്വേഷണം ഊർജ്ജിതമാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മരണം സംഭവിച്ച സാഹചര്യം ഇപ്പോഴും അവ്യക്തമായി തുടരുന്നത് അതീവ ദുഃഖകരമാണെന്നും നിരവധി ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ശ്രീനന്ദയുടെ മരണത്തിലെ ദുരൂഹതകൾ നീക്കാൻ കർണാടക പോലീസ് തയ്യാറാകണമെന്ന് മന്ത്രി എം.ബി രാജേഷ് ആവശ്യപ്പെട്ടു. അപകടം എങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും, കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കേണ്ടത് അന്വേഷണ ഏജൻസിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനന്ദയുടെ അകാലത്തിലുള്ള വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ മന്ത്രി, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

Content Highlights: Minister MB Rajesh visits Sreenanda's family, demands a transparent investigation into the tragic death case in Chikkamagaluru.