സെന്റ് ജോസഫ്‌സ് കോളേജിൽ മന്ത്രി കെ.എ. തുളസിക്ക് സ്നേഹാദരം; ‘ഋതുമുറ്റം’ ഉദ്ഘാടനം ചെയ്തു

#ന്യൂസ് ഡെസ്ക്

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിന്റെ പൂർവവിദ്യാർഥിനിയും മുൻ അധ്യാപികയും പട്ടികജാതി-പട്ടികവർഗ, പിന്നോക്ക വികസന വകുപ്പ് മന്ത്രിയുമായ കെ.എ. തുളസിക്ക് കോളേജ് മാനേജ്‌മെന്റും പൂർവവിദ്യാർഥിസംഘടനയും ചേർന്ന് ആദരവൊരുക്കി. ക്യാമ്പസിലെത്തിയ മന്ത്രിയെ പൊന്നാടയും ഉപഹാരവും നൽകിയാണ് കോളേജ് അധികൃതരും സഹപാഠികളും ചേർന്ന് സ്വീകരിച്ചത്. പൂർവവിദ്യാർഥിസംഘടന പ്രസിഡന്റ് ടെസ്സി വർഗീസ് മന്ത്രിയെ പൊന്നാട അണിയിച്ചപ്പോൾ, പൂർവവിദ്യാർഥിനി ടിനു പോൾ ആലപ്പാട്ട് ഉപഹാരം സമ്മാനിച്ചു.

തന്റെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും വളർച്ചയുടെ ഓരോ ഘട്ടത്തിലും സെന്റ് ജോസഫ്‌സ് കോളേജ് നൽകിയ വലിയ സ്വാധീനത്തെയും പ്രോത്സാഹനത്തെയും കുറിച്ച് മന്ത്രി കെ.എ. തുളസി ചടങ്ങിൽ ഓർത്തെടുത്തു. സർക്കാർ പ്രതിനിധി എന്ന നിലയിൽ വിദ്യാർഥികളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന വിവിധ ഫലപ്രദമായ പദ്ധതികളെക്കുറിച്ചും, അവയുടെ സാധ്യതകളെക്കുറിച്ച് യുവതലമുറ കൃത്യമായി അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രി വിശദമായി സംസാരിച്ചു.

വകുപ്പിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരിഗണിക്കാൻ വരുന്നയാഴ്ച മെഗാ അദാലത്ത് സംഘടിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. മൂന്നുവർഷമായി മുടങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്കുള്ള ഇ-ഗ്രാന്റുകൾ രണ്ടു മാസത്തിനുള്ളിൽ കൊടുത്തുതീർക്കാനുള്ള കഠിന പരിശ്രമത്തിലാണ്. വിദേശപഠനം ലക്ഷ്യമിടുന്ന എസ്.സി., എസ്.ടി. വിദ്യാർഥികൾക്ക് 25 ലക്ഷം രൂപയുടെ ഉന്നതി സ്കോളർഷിപ്പ് പദ്ധതിയും സിവിൽ സർവീസ് പരിശീലനത്തിന് പോകുന്ന കുട്ടികളുടെ ഫീസ് മുഴുവനായി നൽകുന്ന പദ്ധതിയും നിലവിലുണ്ട്. മതേതര സ്വഭാവം കാത്തുസൂക്ഷിക്കുന്ന ക്യാമ്പസാണ് സെന്റ് ജോസഫ്‌സ് കോളേജെന്ന് തന്റെ രണ്ടുവർഷത്തെ പ്രീഡിഗ്രി വിദ്യാഭ്യാസക്കാലത്തെ ഓർമകൾ പങ്കുവെച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

സെന്റ് ജോസഫ്‌സ് കോളേജിൽ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ‘ഋതു’ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായുള്ള “ഋതുമുറ്റം” ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. തുമ്പപ്പൂക്കൾ നിറഞ്ഞ കോളേജ് മുറ്റത്ത് തുളസിത്തൈ നട്ടുകൊണ്ടാണ് മന്ത്രി ഉദ്ഘാടനകർമം പൂർത്തിയാക്കിയത്. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സി. ബ്ലെസ്സി, ചരിത്രവിഭാഗം മുൻമേധാവി ഡോ. സി. രശ്മി, ചരിത്രവിഭാഗം മേധാവി ഡോ. ജോസ് കുര്യാക്കോസ്, ‘ഋതു’ സ്റ്റുഡന്റ് കോഓർഡിനേറ്റർ കുമാരി അരുണിമ എന്നിവർ സംസാരിക്കുകയും മന്ത്രിക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.

Content Highlights: Minister K.A. Tulasi honored at her alma mater, St. Joseph's College., Mega Adalat announced to clear pending department applications., Government initiative to disburse pending e-grants within two months., Launch of Unnathi scholarship (25 Lakhs) for overseas education., Inauguration of 'Rithu' international film festival's 'Rithumuttam' event.