വാഹനാപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരിക്ക് രക്ഷകനായി മന്ത്രി അനൂപ് ജേക്കബ്

കൊട്ടാരക്കര: പനവേലിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ തിരുവനന്തപുരം സ്വദേശിനിയായ കാർയാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാൻ തക്കസമയത്ത് ഇടപെട്ട് മന്ത്രി അനൂപ് ജേക്കബ്. ഇന്നലെ പകൽ 12.30 മണിയോടെ എം.സി റോഡിലായിരുന്നു സംഭവം.
പനവേലിക്കു സമീപം നിയന്ത്രണംവിട്ട ലോറിയുടെ ഇടിയേറ്റ് ടെമ്പോട്രാവലർ കാറിൽ വന്നിടിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് സദാനന്ദപുരം കെ.ടി.ഡി.സി. ഓഫീസിലേയ്ക്ക് പോവുകയായിരുന്ന കലാ ചന്ദ്രശേഖരൻ (55) ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
ആസമയം അതുവഴി കടന്നുപോയ മന്ത്രി സംഭവം ശ്രദ്ധയിൽപെട്ടതോടെ തന്റെ ഔദ്യോഗിക വാഹനം നിർത്തി പുറത്തിറങ്ങി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയായിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം ഉടൻതന്നെ ആംബുലൻസ് വരുത്തി പൈലറ്റ് വാഹനത്തിലുള്ള പോലീസുകാരും അവിടെയുണ്ടായിരുന്ന നാട്ടുകാരും ചേർന്ന്, പരുക്കേറ്റ കലാ ചന്ദ്രശേഖരനെ വിജയാസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്റ്റിയറിങ് വീലിൽ അമർന്നുപോയ ഇവർക്കു സാരമായി പരുക്കുള്ളതിനാൽ വൈകിട്ടോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. കാറിൽ ഒപ്പമുണ്ടായിരുന്ന കെ.റ്റി.ഡി.സിയിലെ തന്നെ രാജഗോപാൽ എന്ന ജീവനക്കാരനു പരുക്കില്ല.
പരുക്കേറ്റവർക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ ചെയ്ത്, പൈലറ്റ് വാഹനത്തെ അവിടെ നിർത്തിയശേഷമാണു മന്ത്രി യാത്ര തുടർന്നത്.