മലവെള്ളപ്പാച്ചിലിന്റെ ഭീകരത നാടറിഞ്ഞത് ആ ദൃശ്യത്തിലൂടെ; തകർന്ന് തരിപ്പണമായ ആ മിനിബസ് കരയ്ക്കെത്തിച്ചു

നെടുങ്കണ്ടം (ഇടുക്കി): ശനിയാഴ്ച പുലർച്ചെ നെടുങ്കണ്ടം മേഖലയിലുണ്ടായ പ്രളയസമാനമായ മലവെള്ളപ്പാച്ചിലിന്റെ ഭീകരാവസ്ഥ നാടറിഞ്ഞത് ഒരു വൈറൽ വീഡിയോയിലൂടെയാണ്. കൂട്ടാറിൽ പുഴയിലൂടെ ഒഴുകിപ്പോകുന്ന ഒരു മിനിബസായിരുന്നു ആ ദൃശ്യത്തിൽ. പ്രളയജലം ഒഴുക്കിക്കൊണ്ടുപോയത് ഒരുകൂട്ടം മനുഷ്യരുടെ ജീവിതമായിരുന്നു. തകർന്ന സ്വപ്നത്തിന്റെ ബാക്കിപത്രമെന്നോണം പിന്നീട് ആകെ നശിച്ചനിലയിൽ മിനിബസ് കണ്ടെത്തി.
വാഹനം പൂർണമായും തകർന്നതോടെ, ഉടമ കേളംതറയിൽ റെജിക്ക് വലിയ സാമ്പത്തികബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. രണ്ട് ട്രാവലറും പിക്കപ്പുമടക്കം മൂന്നു വാഹനമാണ് റെജിക്കുള്ളത്. ഇവ മൂന്നും ഫിനാൻസ് വ്യവസ്ഥയിലാണ് വാങ്ങിയത്. എല്ലാത്തിനുംകൂടി മാസം 80,000 രൂപയോളം തിരിച്ചടവുണ്ട്. 15 ലക്ഷം രൂപ വിലയുള്ള ‘വിനായക്’ എന്ന 17 സീറ്റർ മിനിബസാണ് ഒഴുക്കിൽപ്പെട്ടത്. ഇതിന് അഞ്ചുലക്ഷം രൂപയോളം ഇനിയും തിരിച്ചടയ്ക്കാനുണ്ട്.
കഴിഞ്ഞമാസമായിരുന്നു വാഹനത്തിന്റെ ടാക്സ് പുതുക്കേണ്ടിയിരുന്നത്. വാഹനങ്ങൾക്ക് ഓട്ടം കുറവായതിനാൽ ഇതിനുള്ള പണംവരെ സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയാണ് അടച്ചതെന്ന് റെജി പറയുന്നു. സാമ്പത്തികലാഭത്തെക്കാൾ, തന്റെ വാഹനങ്ങളിൽ ജോലിചെയ്യുന്ന, അതുമാത്രം ജീവനോപാധിയായവരെ കൈയൊഴിയാൻ പറ്റാത്തതുകൊണ്ടുമാത്രമാണ് ഈരംഗത്ത് തുടരുന്നതെന്ന് റെജി പറയുന്നു. ഡ്രെവർമാരായ സന്തോഷും അപ്പുവുമൊക്കെ ഇനി എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്.
ശനിയാഴ്ച പുലർച്ചെ 6.15-നാണ് വാഹനം ഒഴുകിപ്പോയത്. പിന്നീട് പുഴയിലെ പാറകൾ നിറഞ്ഞ കയത്തിൽനിന്ന് കണ്ടെത്തുന്നത് ഉച്ചയ്ക്ക് 12.30-ന്. വാഹനം പൂർണമായും തകർന്നിരുന്നു. ശനിയാഴ്ച രാത്രി രണ്ടിന് നാട്ടുകാരായ സുമേഷ്, രതീഷ്, സുബീഷ് എന്നിവർ കുത്തൊഴുക്കിനെ അവഗണിച്ച് ജീവൻ പണയപ്പെടുത്തി വടമുപയോഗിച്ച് വണ്ടി കെട്ടിനിർത്തി. ഞായറാഴ്ച രാവിലെമുതൽ നാട്ടുകാരുടെ സഹായത്തോടെ വാഹനം കരയ്ക്കെത്തിക്കാൻ ശ്രമമാരംഭിച്ചു. വൈകീട്ട് അഞ്ചിന് ട്രാക്ടറിൽ കെട്ടിവലിച്ച് വാഹനം റോഡുവക്കിലെത്തിച്ചപ്പോൾ കൂട്ടാർ ഗ്രാമം മുഴുവനും ആ കാഴ്ച കാണാനെത്തി.
Content Highlights: mini bus nedumkandam rain havoc