50 ലക്ഷം കിട്ടാനുള്ള ചടങ്ങിന് ചെലവ് 25 ലക്ഷംരൂപ; ഗുരുതര ക്രമക്കേടുകൾ; മിൽമ മലബാർ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ടു

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: മലബാർ റൂറൽ ഡിവലപ്‌മെന്റ് ഫൗണ്ടേഷനിലെ ക്രമക്കേടുകളും മേഖലാ യൂണിയന്റെ വീഴ്ചകളും ചൂണ്ടിക്കാട്ടി എൽ.ഡി.എഫ്. നേതൃത്വത്തിലുള്ള മിൽമ മലബാർ മേഖലാ യൂണിയൻ ഭരണസമിതി സർക്കാർ പിരിച്ചുവിട്ടു. അഡ്മിനിസ്‌ട്രേറ്ററായി ക്ഷീരവികസനവകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജിനെ നിയമിച്ചു.

യു.ഡി.എഫ്. നേതൃത്വം നൽകുന്ന എറണാകുളം മേഖലാ യൂണിയനിൽ മാത്രമാണ് ഇപ്പോൾ ഭരണസമിതി നിലവിലുള്ളത്. ശബരിമലയിൽ നെയ്യ് വിറ്റതിലുൾപ്പെടെ വ്യാപകക്രമക്കേടുകൾ നടന്നെന്ന് കണ്ടെത്തിയതോടെ എൽ.ഡി.എഫ്. നേതൃത്വത്തിലുള്ള തിരുവനന്തപുരം മേഖലാ യൂണിയനെ സർക്കാർ ജൂലായിൽ പിരിച്ചുവിട്ടിരുന്നു.

ക്രമക്കേടുകൾ അക്കമിട്ട് നിരത്തി ഉത്തരവ്

ഏഴുവർഷമായി ഇടതുപക്ഷം ഭരിക്കുന്ന മലബാർ മേഖല സഹകരണ ക്ഷീരോത്‌പാദകയൂണിയൻ ഭരണസമിതി പിരിച്ചുവിട്ട ക്ഷീരവികസനവകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ അക്കമിട്ട് നൽകിയത് ഗുരുതര ക്രമക്കേടുകൾ.

മലബാർ റൂറൽ ഡിവലപ്‌മെന്റ്ഫൗണ്ടേഷൻ എന്ന സബ്സിഡിയറി സ്ഥാപനത്തിന്റെ കണക്കുകൾ ഇതുവരെ കേരള സഹകരണസംഘം നിയമം വകുപ്പുപ്രകാരം ഓഡിറ്റിന് വിധേയമാക്കുകയോ, പൊതുയോഗത്തിൽ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രധാന ആരോപണം.

യൂണിയന്റെ നേതൃത്വത്തിൽ രജിസ്റ്റർ ചെയ്‌ത ട്രസ്റ്റ്‌ഡീഡ് അനുസരിച്ചു നിലവിൽവന്ന സ്ഥാപനമാണ് മലബാർ റൂറൽ ഡിവലപ്‌മെന്റ്‌ ഫൗണ്ടേഷൻ. യൂണിയന്റെ സ്വന്തം ഫണ്ടിൽനിന്ന്‌ ഫൗണ്ടേഷന് സഹായധനം അനുവദിച്ചിട്ടുണ്ട്.

2020-ൽ രജിസ്റ്റർ ചെയ്ത ഫൗണ്ടേഷൻ 2022-ൽ സബ്സിഡിയറി കമ്പിനിയായി അംഗീകരിക്കപ്പെട്ടെങ്കിലും അതിനുശേഷം ചേർന്ന് നാല് വാർഷിക പൊതുയോഗങ്ങളിൽ ഒന്നിൽപ്പോലും കേരള സഹകരണസംഘം നിയമം നിഷ്കർഷിക്കുന്നരീതിയിൽ ഫൗണ്ടേഷന്റെ കണക്ക് അവതരിപ്പിച്ചിട്ടില്ല.

വെളിച്ചെണ്ണ, മുളകുപൊടി, ബ്രഡ്, വിവിധ മധുരപലഹാരങ്ങൾ തുടങ്ങി കന്നുകാലികൾക്കാവശ്യമായ കാലിത്തീറ്റ, കൗമാറ്റുകൾ എന്നിവയടക്കമുള്ള ഉത്‌പന്നങ്ങളിലൂടെ 68 മുതൽ 72 കോടി രൂപയുടെ വിറ്റുവരവാണ് പ്രതിവർഷം ഫൗണ്ടേഷനുള്ളത്.

എന്നിട്ടും കണക്കുകൾ അവതരിപ്പിക്കാത്തത് ഭരണസമിതിയുടെയും മാനേജിങ്‌ ഡയറക്ടറുടെയും ഭാഗത്തുനിന്നുമുണ്ടായ ഗുരുതര വീഴ്ചയാണെന്ന് ഉത്തരവിൽ ആരോപിച്ചു. ഇത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തിരിമറികളും മോഷണവും മൂടിവെക്കുന്നതിനുള്ള ഗൂഢശ്രമമായി കാണുന്നുവെന്നും ഉത്തരവിലുണ്ട്.

പാൽസംഭരണത്തിൽ 27.45 ലക്ഷത്തിന്റെനഷ്ടമുണ്ടാക്കി

കാസർകോട് ഗുണനിലവാരമില്ലാത്ത പാൽസംഭരിച്ചുണ്ടായ 27.45 ലക്ഷത്തിന്റെ നഷ്ടം ബന്ധപ്പെട്ടവരിൽനിന്ന് പിടിച്ചെടുക്കാതെ കണക്കുകളിൽ കുറവുചെയ്തതായും ചൂണ്ടിക്കാട്ടി.

സംപത്റാവു ദേശ്‌മുഖ് കോ-ഓപ്പറേറ്റീവ് മിൽക്ക് യൂണിയനിൽനിന്ന്‌ 2025 മാർച്ചിൽ മുൻകൂർപണം നൽകി ഗുണനിലവാരമില്ലാത്ത (രാസവസ്തുക്കൾ അടങ്ങിയതെന്ന് കരുതുന്നതും മണ്ണെണ്ണയുടെ പോലെ മണമുള്ളതും) 33,062 ലിറ്റർ പാൽ വാങ്ങിയിരുന്നു.

ഇത് പ്രാദേശികമായി സംഭരിക്കപ്പെട്ടതും കർണാടക മിൽക്ക്ഫെഡറേഷനിൽനിന്ന്‌ വാങ്ങിയതുമായ 55,000 ലിറ്റർ പാലുമായി കൂട്ടിച്ചേർത്ത് 88,000 ലിറ്റർ പാൽ വിതരണത്തിനായി തയ്യാറാക്കിയതിലൂടെയാണ് നഷ്ടമുണ്ടായത്.

സ്റ്റോക്കിൽ തിരിമറി, ധനദുർവിനിയോഗം

മലപ്പുറം ജില്ലയിലെ മൂർക്കനാടുള്ള മാർക്കറ്റിങ് ഡിപ്പോയുടെ മാർക്കറ്റിങ്‌ പ്രോഡക്‌ട്‌സ്‌ സ്റ്റോറിൽനിന്ന്‌ 2025-26 വർഷം 84,45,000 രൂപ വില വരുന്ന നെയ്യ് ഉൾപ്പെടെയുള്ള പാലുത്‌പന്നങ്ങളുടെ സ്റ്റോക്കിൽ തിരിമറി നടത്തിയിരുന്നു.

തുക മുഴുവൻ തിരിച്ചടച്ചു എന്നതുകൊണ്ട് കുറ്റം ചെയ്ത കോൺട്രാക്ടറെ നിയമവിരുദ്ധമായി കുറ്റവിമുക്തനാക്കുകയാണ് ഭരണസമിതി ചെയ്തത്. ഇയാൾക്ക് മേഖലാ യൂണിയന്റെ കരാറുകൾ തുടർന്നും നൽകിപ്പോരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.

ഗ്രാന്റ് 50 ലക്ഷം, ചടങ്ങിനുള്ള ചെലവ് 25 ലക്ഷം

മലപ്പുറം ഡെയറിക്ക് സർക്കാറിന്റെ 50 ലക്ഷം രൂപ ഗ്രാന്റ് ലഭിക്കാനുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിനായുള്ള ചടങ്ങിന് ചെലവാക്കിയത് 25 ലക്ഷത്തോളം രൂപയോളമാണെന്ന് കണ്ടെത്തി. മലപ്പുറം ഡെയറിയുടെ ഉദ്ഘാടനത്തിന് മൂന്നുദിവസത്തെ പരിപാടിക്ക് ഒന്നരക്കോടി രൂപയും ചെലവാക്കിയത് അനാവശ്യമാണ്.

ഈ രണ്ടു പരിപാടികളുടെ ചെലവിൽ പലതും ഉദ്ഘാടനമെന്ന ഹെഡ്ഡിന് പകരം മറ്റു പല ഹെഡ്ഡുകളിൽ വകമാറ്റി എഴുതിയതായും കണക്കിൽ തിരിമറി നടത്തിയതായും സംശയിക്കുന്നതായും ഉത്തരവിൽ പറഞ്ഞു. വർഗീസ് ജോസഫ് എന്നയാളുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്.

Content Highlights: The LDF-led Milma Malabar Regional Union managing committee has been superseded by the Kerala government., Wayanad Dairy Development Deputy Director Varkey George has been appointed as the administrator., Severe irregularities include failure to audit Malabar Rural Development Foundation accounts and massive stock manipulation., Losses amounting to lakhs due to substandard milk procurement and exorbitant event expenses were highlighted in the probe report.