മെസ്സിയുടെ പേരിൽ തട്ടിപ്പ്; മുൻമന്ത്രി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി തേടി, ഷറഫലിയും പ്രതിയാകും

#ന്യൂസ് ഡെസ്ക്
യു. ഷറഫലി, വി. അബ്ദുറഹ്മാൻ | ഫോട്ടോ - മാതൃഭൂമി
യു. ഷറഫലി, വി. അബ്ദുറഹ്മാൻ | ഫോട്ടോ - മാതൃഭൂമി

തിരുവനന്തപുരം: മെസ്സിയുടെ പേരിലെ ഫുട്‌ബോൾ സ്‌പോൺസർഷിപ്പ് തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്‌മാനെയും മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും പ്രതിചേർക്കാൻ അനുമതി. അബ്ദുറഹ്‌മാന്റെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന സത്യപാലനെയും പ്രതിചേർക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള ഫയലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒപ്പുവെച്ചു.

അതിനിടെ വി. അബ്ദുറഹ്‌മാനെ പ്രതിചേർക്കാനുള്ള അനുമതി തേടിയുള്ള ഫയൽ മുഖ്യമന്ത്രി, ഗവർണർ ഓം പ്രകാശ് മാഥൂറിന് കൈമാറി. ഗവർണറുടെ അനുമതിയോടെയേ അബ്ദുറഹ്‌മാനെ പ്രതിചേർക്കാനാവൂ. മുൻമന്ത്രിക്കും പേഴ്‌സണൽ സ്റ്റാഫ് സത്യപാലനും ഷറഫലിക്കും കേസിൽ പങ്കുണ്ടെന്ന് അന്വേഷണം നടത്തിയ എസ്.ഐ.ടി. കണ്ടെത്തിയിരുന്നു. പിന്നാലെ ഇവരെ പ്രതിചേർക്കാൻ ആവശ്യപ്പെട്ട് എസ്.ഐ.ടി. സർക്കാരിനെ സമീപിക്കുകയായിരുന്നു.

ഇതോടെയാണ് സത്യപാലനെയും ഷറഫലിയെയും പ്രതിചേർക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയത്. അബ്ദുറഹ്‌മാനെ പ്രതിചേർക്കാനുള്ള അനുമതിക്കുവേണ്ടി ഗവർണർക്ക് ഫയൽ നൽകുകയും ചെയ്തു. ഇതിൽ ഗവർണർ അനുമതി നൽകുന്ന മുറയ്ക്ക് അബ്ദുറഹ്‌മാനും കേസിൽ പ്രതിയാകും.

Content Highlights: Governor Om Prakash Mathur's permission sought to prosecute former sports minister V. Abdurahiman., Chief Minister V.D. Satheesan signed the file to include former personal secretary Sathyapalan and former Sports Council President U. Sharafali as accused., The case is related to the Messi name fraud controversy in Kerala.