മെസിയുടെ പേരിൽ നടത്തിയത് കള്ളപ്പണം വെളുപ്പിക്കൽ, എല്ലാം പിണറായിയുടെ അറിവോടെ - മുഹമ്മദ് ഷിയാസ്

#ന്യൂസ് ഡെസ്ക്
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് | Screengrab: Mathrubhumi News
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് | Screengrab: Mathrubhumi News

കൊച്ചി: മെസി വരുമെന്ന് പറഞ്ഞ് പിണറായി സർക്കാരിന്റെ ഒത്താശയോടെ നടന്നത് വൻ കള്ളപ്പണ ഇടപാടെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎൽഎ. കേരളത്തിന്റെ പൊതുസ്വത്ത് കൊള്ളയടിക്കാനും കള്ളപ്പണം വെളുപ്പിക്കാനുമാണ് മെസി വരുമെന്ന കള്ളക്കഥ മെനഞ്ഞത്. മെസിയും അർജന്റീനയും അറിയാതെ കള്ളക്കഥയുണ്ടാക്കിയാണ് വൻകൊള്ളയ്ക്ക് ആസൂത്രണം നടത്തിയതെന്നും കലൂർ സ്റ്റേഡിയം ഈ രീതിയിലെങ്കിലും തിരികെ ലഭിച്ചത് ഭാഗ്യമാണെന്നും ഷിയാസ് പരിഹസിച്ചു.

കായിക പ്രേമികളെയും ജനങ്ങളെയും വിഡ്ഡികളാക്കിയാണ് കള്ളപ്പണ ഇടപാട് നടന്നത്. കലൂർ സ്റ്റേഡിയത്തിൽ നടന്ന അനധികൃത നിർമാണം ചൂണ്ടിക്കാണിച്ച താനടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കുകയാണ് പിണറായി സർക്കാരിന്റെ പോലീസ് ചെയ്തത്. സ്റ്റേഡിയം തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അന്ന് കേസെടുത്തത്. മെസിയുടെ പേരിൽ സ്റ്റേഡിയം കൈക്കലാക്കാനാണ് സ്‌പോൺസർ അടക്കമുള്ളവർ ശ്രമിച്ചതെന്നും ഷിയാസ് പറഞ്ഞു.

'സ്‌പോൺസർ ആരാണ്? അയാൾക്ക് പിന്നിൽ ആരാണ്? തുടങ്ങിയ കാര്യങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. മരം മുറിച്ചതല്ലാതെ മറ്റൊന്നും സ്റ്റേഡിയത്തിൽ നടന്നിട്ടില്ല. ആരാണ് ഇതിനായി പണം മുടക്കിയതെന്ന് അന്വേഷിക്കണം. കായിക മന്ത്രിയായിരുന്ന അബ്ദുറഹിമാന്റെ സാമ്പത്തിക ഇടപാട് അന്വേഷിക്കണം.' അദ്ദേഹം ആവശ്യപ്പെട്ടു.

'മെസിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് കളളപ്പണ ഇടപാട് നടന്നത് പിണറായി വിജയന്റെ അറിവോടെയാണ്. അന്നത്തെ മുഖ്യമന്ത്രിക്ക് താൽപര്യമുള്ള വ്യക്തികളായിരുന്നു തട്ടിപ്പിന് നേതൃത്വം നൽകിയത്. കേരളത്തിന്റെ പൊതുസ്വത്ത് കൊള്ളയടിക്കാനും കള്ളപ്പണം വെളുപ്പിക്കാനുമാണ് മെസി വരുമെന്ന കള്ളക്കഥ മെനഞ്ഞത്. മെസിയും അർജന്റീനയും അറിയാതെ കള്ളക്കഥയുണ്ടാക്കിയാണ് വൻ കൊള്ളക്ക് ആസൂത്രണം നടത്തിയത്.' ഷിയാസ് ആരോപിച്ചു.

മെസി വരുമെന്ന് പറഞ്ഞ സ്‌പോൺസറെ ഇപ്പോൾ കാണാനില്ലെന്നും ഷിയാസ് പറഞ്ഞു. അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനും കെഎഫ്എയുമൊന്നും അറിയാതെയായിരുന്നു രഹസ്യ ഇടപാട്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് അന്നത്തെ സർക്കാർ ശ്രമിച്ചത്. എന്നാൽ അങ്ങനെ പൊടിയിട്ടാൽ കാഴ്ച മങ്ങുന്നവരല്ല കേരളത്തിലെ ജനങ്ങളെന്നും ഷിയാസ് പറഞ്ഞു.

കലൂർ സ്റ്റേഡിയത്തിൽ നടന്ന അനധികൃത നിർമാണവും മെസിയുടെ പേരിൽ നടന്ന കള്ളപ്പണ ഇടപാടും സമഗ്ര അന്വേഷണത്തിന് വിധേയമാക്കണം. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടുള്ള അന്വേഷണം സർക്കാർ നടത്തുമെന്നാണ് പ്രതീക്ഷയെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ കഥകൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നും ഷിയാസ് പറഞ്ഞു.

Content Highlights: DCC President Mohammed Shiyas alleges a massive money laundering scam under the guise of Lionel Messi's visit to Kerala. Claims the government and sponsors orchestrated the fake narrative with the knowledge of Chief Minister Pinarayi Vijayan. Demands a comprehensive investigation into the financial dealings of former sports minister V. Abdurahiman and the sponsors. Highlighted that cases were wrongfully filed against Congress leaders who exposed illegal constructions at Kaloor stadium.