മെസ്സിയെ എത്തിക്കാമെന്ന പേരിൽ 22.6 കോടിയുടെ നികുതിവെട്ടിപ്പ്, ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു- എസ്.ഐ.ടി

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ നികുതിവെട്ടിപ്പ് നടന്നതായി ജി.എസ്.ടി. വകുപ്പിന്റെ എസ്.ഐ.ടി.യുടെ അന്വേഷണത്തിൽ കണ്ടെത്തി. നികുതി ഈടാക്കുന്നതിൽ നാല് ജി.എസ്.ടി. ഉദ്യോഗസ്ഥർ വീഴ്ചവരുത്തി. നികുതി വെട്ടിപ്പിൽ ഇടപെടാതിരിക്കാൻ ഉദ്യോഗസ്ഥരുടെമേൽ രാഷ്ട്രീയസമ്മർദമുണ്ടായെന്നും സൂചനയുണ്ട്. ഇതിൽ ഉന്നതതലത്തിലെ ഇടപെടലുകൾ വ്യക്തമാകാൻ കൂടുതൽ അന്വേഷണത്തിന് എസ്.ഐ.ടി. ശുപാർശ ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി ഇപ്പോൾ തലസ്ഥാനത്തില്ല. അദ്ദേഹം എത്തിയാലുടൻ റിപ്പോർട്ട് ജി.എസ്.ടി. കമ്മിഷണർ മുഖ്യമന്ത്രിക്ക് കൈമാറും. ഉദ്യോഗസ്ഥർക്കെതിരേയും നികുതിവെട്ടിപ്പിലും എടുക്കേണ്ട തുടർനടപടികൾ മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത് വകുപ്പുതലത്തിൽ തീരുമാനമെടുക്കും. വകുപ്പിന്റെ പരിധിയിൽ വരാത്ത കണ്ടെത്തലുകൾ ആദായനികുതി വകുപ്പിനും ഇ.ഡി.ക്കും റിപ്പോർട്ടുചെയ്യും.
സ്‌പോൺസർ 126 കോടി വിദേശത്തേക്ക് അയച്ചതിന് 22.6 കോടിയാണ് നികുതിയായി നൽകേണ്ടത്. അർജന്റീന ടീം കേരളത്തിൽ എത്തിയില്ല. അതിനാൽ നികുതി കിഴിവുചെയ്തുകിട്ടും. എന്നാൽ, ഒരുവർഷംമുൻപേ ഈ നികുതി അടയ്‌ക്കേണ്ടിയിരുന്നു. അത് ചെയ്യാത്തതിന് പിഴയും പലിശയും ഈടാക്കണം. ലീഗൽ ഫീസിന്റെ നികുതിയും ഈടാക്കണമായിരുന്നു.
ഉദ്യോഗസ്ഥരുടെ മൊഴി, പണമയച്ചത് സംബന്ധിച്ച ബാങ്ക് രേഖകൾ, നികുതി റിട്ടേണുകൾ തുടങ്ങിയവ അന്വേഷണസംഘം വിശദമായി പരിശോധിച്ചിരുന്നു.
Content Highlights: GST SIT found tax evasion in financial transactions by Reporter Broadcasting Company regarding Argentina team's proposed Kerala visit., Four GST officials failed to collect taxes, allegedly influenced by political pressure., SIT recommended a high-level detailed investigation to be reviewed by the Chief Minister., Unpaid taxes, penalties, and legal fee taxes are under scrutiny, with reports to be shared with IT and ED departments.