പണ്ട് മാറ് മറയ്ക്കാന്‍ സമരം, ഇപ്പോള്‍ കാണിക്കാനുള്ള സമരം; സ്ത്രീവിരുദ്ധപരാമര്‍ശങ്ങളുമായി ഫസല്‍ ഗഫൂര്‍

തിരൂര്‍: പൊതുവേദിയില്‍ സ്ത്രീവിരുദ്ധവും അശ്ലീലവുമായ പരാമര്‍ശങ്ങളുമായി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. മുന്‍പ് മാറ് മറയ്ക്കാനായിരുന്നു സമരമെന്നും ഇപ്പോള്‍ കാണിക്കാനുള്ള സമരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരുകൂട്ടര്‍ മുഖം മറയ്ക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ വേറെ ചിലതൊക്കെ തുറന്നുകാണിക്കാന്‍ നടക്കുകയാണ്. നമുക്ക് അറേബ്യന്‍ സംസ്‌കാരവും ആര്യസംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും വേണ്ട. പൂര്‍വീകര്‍ നടന്നതുപോലെ നടന്നാല്‍ മതി. അത് കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ ആവുന്നതില്‍ വിരോധമില്ലെന്നും അദ്ദേഹം സിബിഎസ്ഇ അധ്യാപകരുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
‘ചെറിയ കോഴിക്കാലൊക്കെ കാണിച്ച് നടക്കാറുണ്ട് ചിലര്‍. അതില്‍ വിരോധമൊന്നുമില്ല. അത് മുജാഹിദുകളും മതപണ്ഡിതരും ഒക്കെ നടക്കുന്നതുപോലെ ട്രൗസര്‍ കുറച്ച് പൊക്കി നടക്കുന്നു എന്ന് കരുതിയാല്‍ മതി. അത് വല്ലാതെ പൊന്തരുത്. കാണിക്കാന്‍ പറ്റുന്ന വല്ലതുമൊക്കെ കാണിക്കണം. ഈ കോഴിക്കാലൊക്കെ കാണിച്ചിട്ട് എന്ത് കാര്യമാണുള്ളതെ’ന്നും അദ്ദേഹം ചോദിച്ചു.
അധ്യാപികമാര്‍ പല ക്യാമ്പുകളിലും പങ്കെടുക്കാറുണ്ട്. പക്ഷേ, ആ ക്യാമ്പുകളെ കൂത്തമ്പലമാക്കി മാറ്റരുത്. അവിടെ ആട്ടവും പാട്ടുമൊന്നും വേണ്ട. ഡിജെ വെച്ച് ടീച്ചര്‍മാര്‍ തുള്ളണ്ട. തൊട്ടുകളിയും ചുറ്റിക്കളിയുമൊന്നും വേണ്ട. വേറെ പല കളികളും ഉണ്ട്. അതായിക്കോട്ടെ. പ്രൈവറ്റ് കളികളെപ്പറ്റി ഒന്നും പറയുന്നില്ല. അതൊക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷേ, പബ്ലിക് കളി സൂക്ഷിച്ചുവേണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭാഷകളുടെ മാതാവ് സംസ്‌കൃത ഭാഷയാണെന്ന് പറയുന്നത് സവര്‍ണാധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളം പഠിക്കാതെ ഇംഗ്ലീഷ് സംസാരിക്കുന്നത് അവസാനിപ്പിക്കണം. പാഠപുസ്തകങ്ങളില്‍ ചരിത്രങ്ങള്‍ വളച്ചൊടിക്കുന്ന ആര്യവത്കരണം വേണ്ടെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.
Content Highlights: MES President's Controversial Remarks Spark Debate on Dress Code and Culture