പോലീസുകാരുടെ മോശം പെരുമാറ്റത്തിന് കാരണം മാനസിക പിരിമുറുക്കമെന്ന് DGP; അത് ലൈസന്‍സ് അല്ലെന്ന് കോടതി

കൊച്ചി: ആലത്തൂരില്‍ എസ്.ഐ. അഭിഭാഷകനെ അധിക്ഷേപിച്ച സംഭവത്തില്‍ പോലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പെരുമാറ്റം നന്നാക്കാന്‍ പല സര്‍ക്കുലറും വന്നു, എന്നാല്‍ ഇതില്‍നിന്നൊക്കെ ഉദ്യോഗസ്ഥര്‍ എന്താണ് പഠിച്ചതെന്ന് കോടതി ചോദിച്ചു. കേസിൽ ഡി.ജി.പി. ഹാജരായപ്പോഴാണ് പോലീസിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
നടപടി സ്വീകരിച്ചതിന്റെ റിപ്പോര്‍ട്ടും ഇതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും വിശദീകരിക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ഇത് വിശദീകരിക്കവെ, മാനസിക പിരിമുറുക്കം പലപ്പോഴും പോലീസുകാരുടെ മോശം പെരുമാറ്റത്തിന് കാരണമാകാറുണ്ടെന്ന് ഡി.ജി.പി. കോടതിയോട് പറഞ്ഞു. തെരുവില്‍ ജോലി ചെയ്യുന്നവര്‍ക്കും മാനസിക പിരിമുറുക്കം ഉണ്ടാകാറുണ്ടെന്നും മാനസിക പിരിമുറുക്കം എന്നത് മോശം പെരുമാറ്റത്തിനുള്ള ലൈസന്‍സ് അല്ലെന്നും കോടതി പറഞ്ഞു.
1965-ന് ശേഷം പലതവണയായി നിരവധി സര്‍ക്കുലറുകള്‍ പോലീസുകാരുടെ പെരുമാറ്റം നന്നാക്കുന്നതിനായി ഇറക്കിയിട്ടുണ്ട്. എന്നിട്ടും ഉദ്യോഗസ്ഥര്‍ പാഠംപഠിച്ചില്ലേ എന്ന് കോടതി ചോദിച്ചു. ഇക്കാര്യങ്ങള്‍ ഗൗരവമായി കാണണം എന്നുപറഞ്ഞ കോടതി, കഴിഞ്ഞദിവസം പുറത്തിറക്കിയത് ഈ വിഷയത്തിലെ അവസാനത്തെ സര്‍ക്കുലറായിരിക്കണമെന്നും പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരുടെ യോഗംവിളിക്കുമെന്നും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ഡി.ജി.പി. കോടതിയെ അറിയിച്ചു. ആലത്തൂരില്‍ അഭിഭാഷകനോട് മോശമായി സംസാരിച്ച എസ്.ഐ. വി.ആര്‍. റെനീഷിനെ സ്ഥലം മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസിൽ റെനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംഭവത്തില്‍ നിരുപാധികം മാപ്പ് പറയാന്‍ തയ്യാറാണെന്നായിരുന്നു സത്യവാങ്മൂലം.
Content Highlights: Mental stress is the reason for bad behavior of police officials, says Kerala DGP in High Court.