മെഡിക്കല്‍ PG പ്രവേശനം: പാലക്കാട് മെഡി. കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ആനൂകല്യം നല്‍കാനാകില്ലെന്ന് കേരളം

#ബി. ബാലഗോപാല്‍/ മാതൃഭൂമി ന്യൂസ്
പാലക്കാട് മെഡിക്കല്‍ കോളേജ് | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി/ മാതൃഭൂമി
പാലക്കാട് മെഡിക്കല്‍ കോളേജ് | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി/ മാതൃഭൂമി

ന്യൂഡല്‍ഹി: മെഡിക്കല്‍ പി.ജി. പ്രവേശനത്തിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവരുടെ ക്വാട്ടയിലേക്ക് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ പരിഗണിക്കാനാകില്ലെന്ന് കേരളം. പാലക്കാട് മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മെഡിക്കല്‍ പി.ജി. പ്രവേശനത്തിനുള്ള സര്‍ക്കാര്‍ ക്വാട്ടയിലേക്ക് സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടേതാണ് പാലക്കാട് മെഡിക്കല്‍ കോളേജ്. ഡോക്ടര്‍മാരെയും, മറ്റ് ജീവനക്കാരെയും കോളേജിലേക്ക് നിയമിക്കുന്നത് സൊസൈറ്റിയാണ്. ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും വിരമിക്കല്‍ പ്രായം എഴുപത് വയസ്സാണ്. അതിനാല്‍ അവരെ സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. 

മെഡിക്കല്‍ പി.ജി. പ്രവേശനത്തിന് സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവരുടെ ക്വാട്ടയിലേക്ക് പരിഗണിക്കേണ്ടവരെ സംബന്ധിച്ച് 2008 ലെ നിയമത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെ മാത്രമേ നിയമപ്രകാരം സര്‍വീസിലുള്ളവരുടെ ക്വാട്ടയിലേക്ക് പരിഗണിക്കാന്‍ കഴിയൂ എന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ ആണ് സര്‍ക്കാരിന്റെ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

Content Highlights: medical pg admission palakkad medical college supreme court kerala