മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; അതിജീവിത ഡോക്ടർക്കെതിരെ നൽകിയ പരാതിയിൽ പുനരന്വേഷണം ആരംഭിച്ചു

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത മൊഴിയെടുത്ത ഡോക്ടർക്കെതിരായി നൽകിയ പരാതിയിൽ പുനരന്വേഷണം തുടങ്ങി. അതിജീവിതയുടെ മൊഴി നാർക്കോട്ടിക് സെൽ എ.സി.പിയാണ് രേഖപ്പെടുത്തിയത്. ഉത്തരമേഖലാ ഐജിയുടെ ഉത്തരവ് പ്രകാരമാണ് പുനരന്വേഷണം.
അതിജീവിതയുടെ മൊഴിയെടുത്ത ഗൈനോക്കോളജിസ്റ്റ് മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്നും പ്രതിക്കെതിരായ നിലപാട് എടുത്തുവെന്നും കാണിച്ച് അതിജീവിത കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്.
അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് അതിജീവിത നടത്തിയ സമരം വിജയം കണ്ടതിന് പിന്നാലെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. ഈ പരാതിയിൽ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഐ.ജിയുടെ നിർദ്ദേശം
Content Highlights: Medical College ICU rape case; started a re-investigation on survivors complaint