അന്വേഷണാത്മക പത്രപ്രവര്‍ത്തനംമുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെ: മാധ്യമസംവാദം

കോഴിക്കോട്: ഒരേസമയം ഒരുപാട് വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ മാധ്യമരംഗം. പ്രളയംപോലെവരുന്ന വാര്‍ത്തകള്‍. പലതിലും വിദ്വേഷത്തിന്റെ വിഷം കലരുന്നു. ഭരണകൂടങ്ങള്‍ എല്ലാതരത്തിലും മാധ്യമങ്ങളെ തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു.

വസ്തുതകളും വ്യാജവാര്‍ത്തകളും തിരിച്ചറിയാന്‍ സാധിക്കാത്തവിധത്തില്‍ അപകടകരമാംവിധം കലരുന്നു. സത്യം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയിരുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തനം പലപല കാരണങ്ങളാല്‍ ഇല്ലാതാവുന്നു.

ഏറ്റവും പുതിയതായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാധ്യമലോകത്തെയും ഭരിക്കാനൊരുങ്ങുന്നു. ഈ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ മാതൃഭൂമിയുടെ ആഭിമുഖ്യത്തില്‍ തുറന്ന സംവാദത്തിന് കൊച്ചിയില്‍ അരങ്ങൊരുങ്ങുന്നു. ഇന്ത്യന്‍ മാധ്യമരംഗത്തെ തലയെടുപ്പുള്ള പ്രമുഖര്‍ ഇതില്‍ പങ്കെടുക്കും.

റാണ അയൂബ്, ഷാസ് മുഹമ്മദ്, ഷരീഖ് ഷംസുദ്ദീൻ, കാർത്തിക് മുരളി, ജോസി ജോസഫ്, ലീന ഗീതാ രഘുനാഥ്, ശ്രീനിവാസ് കൊഡാളി,ദേവദാസ് രാജാറാം, അദ്രിജ ബോസ്, ആർ. ശ്രീകണ്ഠൻ നായർ, ബി. ശ്രീജൻ, വെങ്കിടേഷ് രാമകൃഷ്ണൻ, ധന്യാ രാജേന്ദ്രൻ

ഒക്ടോബര്‍ എട്ടിന് കൊച്ചി കലൂരിലുള്ള ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുക. രജിസ്ട്രേഷന്‍ വഴിയായിരിക്കും പ്രവേശനം.

ഇന്നത്തെ മാധ്യമലോകത്തെക്കുറിച്ചുള്ള സംവാദത്തില്‍ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും വാഷിങ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റുമായ റാണ അയൂബ് പങ്കെടുക്കും. പരമ്പരാഗത മാധ്യമങ്ങള്‍ക്കപ്പുറം പുതിയകാലത്തിന്റെ സാമൂഹികമാധ്യമങ്ങളിലെ സ്വാധീനമുഖങ്ങളെക്കുറിച്ചുള്ള സംവാദത്തില്‍ ഷാസ് മുഹമ്മദ്, ഷരീഖ് ഷംസുദ്ദീന്‍, കാര്‍ത്തിക് മുരളി എന്നിവര്‍ പങ്കെടുക്കും. അഭിലാഷ് മോഹനന്‍ മോഡറേറ്ററാവും.

ഇല്ലാതായിക്കൊണ്ടിരിക്കുന്ന അന്വേഷണാത്മ ക പത്രപ്രവര്‍ത്തനത്തെക്കുറിച്ചാണ് ഉച്ചയ്ക്കുശേഷമുള്ള ആദ്യത്തെ സെഷന്‍. പ്രശസ്ത അന്വേഷണാത്മക പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും കോണ്‍ഫ്ളുവന്‍സ് മീഡിയയുടെ സ്ഥാപകനുമായ ജോസി ജോസഫ്, അന്വേഷണാത്മക പത്രപ്രവര്‍ത്തകയായ ലീന ഗീതാ രഘുനാഥ് എന്നിവര്‍ ഈ സംവാദത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് മാധ്യമരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം എങ്ങനെയൊക്കെ എന്ന സംവാദത്തില്‍ ഡേറ്റാ ഗവേഷകന്‍ ശ്രീനിവാസ് കൊഡാളി, ഡിജിറ്റല്‍ ജേണലിസം, മള്‍ട്ടിമീഡിയ ജേണലിസം, ഡേറ്റാ ജേണലിസം തുടങ്ങിയ വിവിധമേഖലകളിലെ വിദ്ഗധനായ ദേവദാസ് രാജാറാം, ബൂം ലൈവിന്റെ സീനിയര്‍ എഡിറ്റര്‍ അദ്രിജ ബോസ് എന്നിവര്‍ പങ്കെടുക്കും.

ഭരണകൂടവും അതിന്റെ സഹചാരികളും മാധ്യമങ്ങളെ ലക്ഷ്യംവെക്കുന്നതിനെക്കുറിച്ചുള്ള സംവാദത്തില്‍ ഫ്‌ലവേഴ്സ് ടി.വി.യുടെ മാനേജിങ് ഡയറക്ടറും ട്വന്റിഫോറിന്റെ ചീഫ് എഡിറ്ററുമായ ആര്‍. ശ്രീകണ്ഠന്‍ നായര്‍, ദ ഫോര്‍ത്ത് ഡിജിറ്റല്‍ മീഡിയ പ്ലാറ്റ് ഫോമിന്റെ ന്യൂസ് ഡയറക്ടര്‍ ബി. ശ്രീജന്‍, മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയനിരീക്ഷകനുമായ വെങ്കിടേഷ് രാമകൃഷ്ണന്‍, ദ ന്യൂസ് മിനിറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ധന്യ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

നേരത്തേ രജിസ്റ്റര്‍ചെയ്യുന്നവര്‍ക്ക് ഏര്‍ളി ബേര്‍ഡ് ഓഫര്‍ ഉണ്ടാവും. വിവരങ്ങള്‍ക്ക് sacredfacts.mathrubhumi.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9544038000 (പകല്‍ ഒന്പതുമുതല്‍ അഞ്ചുവരെ).

Content Highlights: media debate-Investigative Journalism to Artificial Intelligence