എം.സി. റോഡ് നാലുവരിയാക്കും; മരാമത്തുവകുപ്പ് സാധ്യതാപഠനം തുടങ്ങി

#സി.ആര്‍. കൃഷ്ണകുമാര്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ:അഖില്‍ ഇ.എസ്‌
പ്രതീകാത്മക ചിത്രം | ഫോട്ടോ:അഖില്‍ ഇ.എസ്‌

തിരുവനന്തപുരം: കേശവദാസപുരംമുതല്‍ എറണാകുളം അങ്കമാലിവരെ ആറു ജില്ലകളിലൂടെ പോകുന്ന എം.സി.റോഡ് നാലുവരിയാക്കുന്നു. 240.6 കിലോമീറ്റര്‍ റോഡുവികസനത്തിന് പണം വകയിരുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എം.സി. റോഡും കൊല്ലം-ചെങ്കോട്ട റോഡും നാലുവരിയാക്കാന്‍ ആദ്യഘട്ടമെന്ന നിലയില്‍ 1500 കോടിക്ക് സര്‍ക്കാര്‍ തത്ത്വത്തില്‍ ഭരണാനുമതി നല്‍കി. കിഫ്ബി വഴിയാണ് ഫണ്ട് ലഭ്യമാക്കുക.

സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ മരാമത്തുവകുപ്പ് തുടര്‍നടപടികള്‍ തുടങ്ങി. സാധ്യതാപഠനത്തിനും വിശദപദ്ധതിരേഖയ്ക്കും ട്രാഫിക് സര്‍വേക്കുമായി മരാമത്ത് ഡിസൈന്‍ വിഭാഗത്തെ ചുമതലപ്പെടുത്തി. ഇതിനായി 2.25 കോടി റീജണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും സ്ഥലമേറ്റെടുപ്പിലേക്ക് നീങ്ങുക. സംസ്ഥാനത്തെ 20 ജങ്ഷന്‍ വികസനത്തിന് 200 കോടിക്കും ആറു ബൈപ്പാസ് നിര്‍മാണത്തിന് 200 കോടിക്കും ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
 

Content Highlights: MC road widening four line kesavadasapuram angamali