എംസി റോഡ് നവീകരണം: പതിബെല്ലിന് നൽകിയത് 60.75 കോടി, രണ്ട് സർക്കാരുകളുടെ വീഴ്ചയിൽ സംസ്ഥാനത്തിന് നഷ്ടം 100 കോടി

കോട്ടയം: എം.സി. റോഡ് നവീകരണത്തിൽ രണ്ട് മുന്നണി സർക്കാരുകളുടെയും വീഴ്ചയിൽ സംസ്ഥാനത്തിനുണ്ടായത് 100 കോടിയുടെ നഷ്ടം. 2000-ൽ ഇടത് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട കെ.എസ്.ടി.പി. പദ്ധതികൾ ആന്റണി, ഉമ്മൻചാണ്ടി, വി.എസ്. അച്യുതാനന്ദൻ സർക്കാരുകളുടെ കാലത്താണ് അഴിമതിയിലേക്ക് വീണത്.
127 കിലോമീറ്റർ റോഡ് പണിയാൻ 215 കോടിയായിരുന്നു കരാർത്തുക. നിർദിഷ്ട കാലാവധിയായ 2000 ഡിസംബറിലും പണി തീർന്നില്ല. ഒരു വർഷം നീട്ടിയിട്ടും പൊതുമരാമത്ത്, റവന്യൂ, ധന വകുപ്പുകളുടെ നടപടി ഇഴഞ്ഞതിനാൽ ഭൂമി ഏറ്റെടുക്കൽ നടന്നില്ല. പണി തീരാത്തതിന്റെ കുറ്റം കരാർ കമ്പനിയായ പതിബെല്ലിന്റെ മേൽ ചാരി രക്ഷപ്പെടാനായിരുന്നു സർക്കാരുകളുടെ ശ്രമം. 2006-ൽ ഉമ്മൻചാണ്ടി സർക്കാരാണ് പതിബെല്ലിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ തീരുമാനിച്ചത്.
വി.എസ്. സർക്കാരും തുടർനടപടികളെടുത്തു. 2006 നവംബർ 13-ന് പതിബെൽ കൺസോർഷ്യം പ്രോജക്ട് മാനേജർ ലീ സി ബിനിന്റെ ആത്മഹത്യയ്ക്കുശേഷം പതിബെൽ കൺസോർഷ്യം, പൊതുമരാമത്ത് വകുപ്പിന്റേത് അടക്കമുള്ളവരുടെ വീഴ്ചകളാണ് ഭൂമി ഏറ്റെടുക്കൽ വൈകാനിടയാക്കിയെന്നു വ്യക്തമാക്കി കത്തുനൽകി. നിയമനടപടിയുമായി പോവുകയാണെന്നും അറിയിച്ചു.
96 കോടിയാണ് കൺസോർഷ്യം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. 2007 ഡിസംബറിൽ നിയമപരിശോധനയിൽ അവരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ സർക്കാർ അനുനയത്തിന് വഴങ്ങി. നഷ്ടപരിഹാരം 35 കോടിയാക്കി അംഗീകരിച്ചു. ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറായിരുന്നു അന്ന് പൊതുമരാമത്ത് സെക്രട്ടറി.
പതിബെല്ലുമായുള്ള ആദ്യ കരാർ പുതുക്കി അനുബന്ധകരാറിലേക്ക് കടക്കാനും സർക്കാർ നിർബന്ധിതരായി. 72.5 ശതമാനം ചെലവ് തുകയും അംഗീകരിച്ചു. ഇതോടെ 55.96 കോടി അധികമായി. ഇതര ചെലവുകൾ സഹിതം 60.75 കോടിയാണ് കൺസോർഷ്യത്തിന് കൊടുത്തത്. പിന്നീട് പണി മുന്നോട്ടുകൊണ്ടുപോകാൻ 100 കോടിയോളം രൂപ വേണ്ടിവന്നു.
Content Highlights: Delays and lapses by successive governments in the MC Road renovation project resulted in a massive financial loss of 100 crores to the state.