മദ്യനികുതി:വി.ഡി.സതീശന് പ്രത്യേക താത്പര്യങ്ങൾ ഉണ്ടായിരുന്നു, കള്ളങ്ങളുടെ ഘോഷയാത്രയാണിപ്പോൾ- രാജേഷ്

#ന്യൂസ് ഡെസ്ക്
വി.ഡി. സതീശന്‍, എം.ബി. രാജേഷ്‌ | Photo: Mathrubhumi
വി.ഡി. സതീശന്‍, എം.ബി. രാജേഷ്‌ | Photo: Mathrubhumi

തിരുവനന്തപുരം: മദ്യകുത്തകയെ സഹായിക്കാൻ നടത്തിയ ഡീൽ കയ്യോടെ പിടിക്കപ്പെട്ടപ്പോൾ മുഖ്യമന്ത്രി വിഡി സതീശൻ കള്ളങ്ങളുടെ ഘോഷയാത്ര നടത്തി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് മുൻ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. അവാസ്തവങ്ങളും അസത്യങ്ങളുമാണ് മുഖ്യമന്ത്രി പറഞ്ഞുക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

വിവാദത്തിന് ആധാരമായ ഫയലിന്റെ നീക്കങ്ങളിൽ വലിയ ദുരൂഹതകളാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മെയ് 21-ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ കൈവശമെത്തിയ ഫയൽ ജൂൺ 14 വരെ, അതായത് ഏകദേശം 24 ദിവസത്തോളം അദ്ദേഹം കൈവശം വെച്ചിരുന്നു. ഇത്രയും സമയം ലഭിച്ചിട്ടും സ്വന്തം പാർട്ടിയുമായോ മുന്നണിയുമായോ ഈ നയത്തെക്കുറിച്ച് ചർച്ച ചെയ്യാതിരുന്നത് എന്തിനാണ്. ആരും അറിയരുതെന്ന മുഖ്യമന്ത്രിയുടെ നിർബന്ധത്തിന് പിന്നിൽ പ്രത്യേക താല്പര്യങ്ങളുണ്ടെന്നും എംബി രാജേഷ് വിമർശിച്ചു.

പ്രതിപക്ഷം ഈ വിഷയം പിടികൂടിയില്ലായിരുന്നുവെങ്കിൽ കോൺഗ്രസിനോ യുഡിഎഫിനോ പോലും ഈ നീക്കം അറിയാൻ കഴിയില്ലായിരുന്നു. എക്സൈസ് മന്ത്രി മാത്രമല്ല, പാർട്ടിയെയും മുന്നണിയെയും പൂർണ്ണമായും ഇരുട്ടിൽ നിർത്തിയാണ് ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ഫയൽ മൂവ്മെന്റ് ഹിസ്റ്ററി പരിശോധിച്ചാൽ 21-ാം തീയതി മുതൽ ജൂൺ 14 വരെ ഫയൽ മുഖ്യമന്ത്രിയുടെ കൈവശമായിരുന്നുവെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറ‍ഞ്ഞു. ബജറ്റിന്റെ തൊട്ടുമുമ്പ് ഇത്തരമൊരു തീരുമാനമെടുത്ത് ആരും അറിയാതെ സൂത്രത്തിൽ നടപ്പാക്കാനാണ് ശ്രമിച്ചത്. കള്ളം പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കി എത്രകാലം മുന്നോട്ട് പോകാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

എംവി ഗോവിന്ദൻ എക്‌സൈസ് വകുപ്പ് മന്ത്രി ആയിരുന്നപ്പോഴാണ് മദ്യത്തിന് നികുതി കുറയ്ക്കുന്നതിനുള്ളനീക്കം തുടങ്ങിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങേയറ്റം വസ്തുതവിരുദ്ധമാണിത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നിർവചനം എന്താണെന്ന് വ്യക്തമാക്കി പുനസമർപ്പിക്കാനായിരുന്നു ആ ഫയലിൽ പറഞ്ഞിട്ടുള്ളത്. അതിൽ നികുതിയെ കുറിച്ചുള്ള പരാമർശങ്ങളില്ല. എൽഡിഎഫ് മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ നിർവചനം എന്താണെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. അത് സുതാര്യമായി നടന്ന കാര്യമാണ്. നികുതി കുറയ്ക്കുന്നതിനെ കുറിച്ച് എൽഡിഎഫ് ആലോചിച്ചിട്ടില്ല. എൽഡിഎഫ് നികുതി കുറയ്ക്കാൻ ധാരണയിലെത്തിയെന്നും എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പിൻമാറുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞു. ഇത് പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു.

വീര്യം കുറഞ്ഞ മദ്യം അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം 2023 ജനുവരിയിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഇതിനായുള്ള അപേക്ഷ ഫയലായെങ്കിലും എൽഡിഎഫ് ഭരണകാലത്ത് മൂന്ന് വർഷവും അഞ്ചു മാസവും ഈ ഫയലിൽ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. എൽഡിഎഫ് അവസാനം വരെ ഇതിനായി ശ്രമിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും ഇത്തരം നുണകൾ പിൻവലിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: MB Rajesh accuses VD Satheesan of spreading lies regarding the liquor policy deal.