പ്രതിപക്ഷത്തോടുള്ള ഉദാരത മന്ത്രിമാരോടും വേണമെന്ന് രാജേഷ്; പറഞ്ഞത് തെറ്റെന്ന് തിരുത്തി സ്പീക്കർ ഷംസീർ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷത്തിന്റെ നോട്ടീസ് അവതരണത്തിനിടെ നിയമസഭയില്‍ മന്ത്രി എം.ബി. രാജേഷന്‍റെ അഭിപ്രായം തിരുത്തി സ്പീക്കര്‍ എ.എന്‍. ഷംസീർ. നോട്ടീസ് അവതരിപ്പിക്കാന്‍ നജീബ് കാന്തപുരം എം.എല്‍.എക്ക് ചെയര്‍ അനുവദിച്ച സമയത്തെച്ചൊല്ലിയുള്ള മന്ത്രിയുടെ പരാതിയിലാണ് എ.എന്‍. ഷംസീറിന്‍റെ തിരുത്തുണ്ടായത്.
സമയം അനുവദിക്കുന്നതിൽ പ്രതിപക്ഷ എം.എല്‍.എമാരോട് കാണിക്കുന്ന ഉദാരത മന്ത്രിമാരോടും വേണമെന്നായിരുന്നു എം.ബി. രാജേഷിന്റെ ആവശ്യം. ഇതിലാണ് സ്പീക്കർ വ്യക്തതവരുത്തിയത്.
തന്റെ നിയോജകമണ്ഡലത്തിലെ പട്ടാമ്പി റോഡില്‍ ഒരു ഗര്‍ഭിണി വീണ് പരിക്കേറ്റതിനെ തുടർന്ന് ഗർഭഛിദ്രം സംഭവിച്ചെന്നും ഈ കൊലക്കുറ്റത്തിന് ആരുടെ പേരിലാണ് കേസ് എടുക്കുകയെന്നും നജീബ് കാന്തപുരം ചോദിച്ചിരുന്നു. പ്രസംഗം അവസാനിപ്പിച്ച് നജീബ് കാന്തപുരം നോട്ടീസിന് അവതരണാനുമതി തേടുന്നതായി വ്യക്തമാക്കിയതിന് പിന്നാലെ സ്പീക്കര്‍ മറുപടി പറയാന്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ക്ഷണിച്ചു. ഇതിനിടെ തദ്ദേശമന്ത്രി എം.ബി. രാജേഷ് ഇടപെടുകയായിരുന്നു.
'16 മിനിറ്റും 22 സെക്കന്‍ഡുമാണ് അങ്ങ് ഉദാരമായി അനുവദിച്ചത്. ഒരു വിരോധവുമില്ല. അങ്ങ് മന്ത്രിമാരെ കര്‍ശനമായി നിയന്ത്രിക്കാറുണ്ട്. ഈ ഉദാരത മന്ത്രിമാരോടും കാണിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു', എന്ന് എം.ബി. രാജേഷ് പറഞ്ഞു.
പിന്നാലെ ഇതിന് വിശദീകരണം നല്‍കിയ സ്പീക്കര്‍ പറഞ്ഞത് ഇങ്ങനെ: 'മന്ത്രി പറഞ്ഞത് തെറ്റാണ്. തെറ്റായാണ് മന്ത്രി മനസിലാക്കിയത്. അത് ഡിജിറ്റല്‍ ക്ലോക്കിലെ തെറ്റാണ്. അദ്ദേഹം 10 മിനിറ്റേ എടുത്തിട്ടുള്ളൂ', തുടര്‍ന്ന് മന്ത്രി റിയാസ് മറുപടി നല്‍കി.
നേരത്തെ നജീബ് കാന്തപുരത്തിന്റെ നോട്ടീസ് അവതരണം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഭരണപക്ഷത്തെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ശകാരിച്ചിരുന്നു. ഭരണപക്ഷം തുടര്‍ച്ചയായി തടസ്സപ്പെടുത്തിയപ്പോള്‍, അദ്ദേഹം അവതരിപ്പിക്കട്ടേ, ഇങ്ങനെ പറഞ്ഞാല്‍ എങ്ങിനെയാണ് ശരിയാവുകയെന്ന് ചോദിച്ച സ്പീക്കര്‍ ഈ ഫ്‌ളോറില്‍ ഒന്നും പറയാന്‍ പറ്റില്ലേയെന്നും ചോദിച്ചിരുന്നു.
Content Highlights: AN Shamseer vs MB Rajesh in Niyamasabha on Adjournment Motion