ട്രെയിനിൽനിന്ന് വീണ് യുവാവിന് പരിക്ക്, ചവിട്ടി പുറത്തേക്കിട്ടതായി പ്രാഥമിക വിവരം

#സ്വന്തം ലേഖകൻ
Photo: mathrubhumi archives
Photo: mathrubhumi archives

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോയ മാവേലി എക്സ്പ്രസ് ട്രെയിനിൽനിന്നുവീണ് യുവാവിന് പരിക്കേറ്റതായി വിവരം. കണ്ണൂർ പയ്യന്നൂർ സ്വദേശി ഗോകുൽ (25) ആണ്‌ ട്രെയിനിൽനിന്ന് വീണത്. രാത്രി ഏകദേശം 8 മണിയോടെ ഇടവ കണ്ണംമൂട് ഭാഗത്ത് ട്രെയിൻ എത്തിയപ്പോഴാണ് സംഭവം. യുവാവിനെ ട്രെയിനിൽനിന്ന് ചവിട്ടി താഴെയിട്ടതായാണ് പ്രാഥമിക വിവരം.

യുവാവ് ട്രെയിനിൽനിന്ന് വീണതോടെ യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തിയതായും പറയുന്നു. പിന്നാലെയെത്തിയ മെമു ട്രെയിനിൽ യുവാവിനെ കയറ്റി ലോക്കോ പൈലറ്റ് പരവൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയെന്നാണ് റെയിൽവേയിൽനിന്ന് ലഭിക്കുന്ന വിവരം. തുടർന്ന് യുവാവിനെ നെടുങ്ങോലം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നും ശരീരത്തിൽ മുറിവുകളുണ്ടെന്നും നാട്ടുകാർ പറയുന്നു.
സംഭവത്തിന് പിന്നാലെ കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയ മാവേലി എക്സ്പ്രസിൽനിന്ന് സംഘർഷത്തിൽ ഏർപ്പെട്ടതായി സംശയിക്കുന്ന യുവാക്കളെ റെയിൽവേ പൊലീസ് പിടികൂടിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.