മാട്ടുപ്പട്ടിയിൽ പാരാസെയ്‌ലിങ്ങിനിടെ അപകടമുണ്ടായിട്ടില്ല -ഹൈഡൽ ടൂറിസം വകുപ്പ് അധികൃതർ

തൊടുപുഴ: മാട്ടുപ്പട്ടിയിൽ പാരാസെയ്‌ലിങ്ങിനിടെ അപകടമുണ്ടായിട്ടില്ലെന്ന് ഹൈഡൽ ടൂറിസംവകുപ്പ് അധികൃതർ. തമിഴ്നാട് സ്വദേശിയായ വിനോദസഞ്ചാരി ജലാശയത്തിൽ വീണു എന്നരീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പാരസെയ്‌ലിങ്ങിന്റെ ഭാഗമായി വെള്ളത്തിൽ ലാൻഡ് ചെയ്യുക മാത്രമാണുണ്ടായതെന്ന് അധികൃതർ പറഞ്ഞു.
ബോട്ടിലോ വെള്ളത്തിലോ ലാൻഡ് ചെയ്യുന്ന രീതിയാണ് സാഹസിക വിനോദമായ പാരസെയ്‌ലിങ്ങിൽ സാധാരണയായി സ്വീകരിക്കുന്നത്. വെള്ളത്തിൽ ലാൻഡ് ചെയ്യുന്നതിന് 500 രൂപ അധികമായി ഇടാറുണ്ട്. ശക്തമായ കാറ്റുണ്ടായിരുന്നതിനാലാണ് വെള്ളത്തിൽ ലാൻഡ് ചെയ്തത്.
സെയ്‌ലിങ്ങിനിടെ യാതൊരു അപകടവുമുണ്ടായിട്ടില്ല. ശരീരവുമായി ബന്ധിപ്പിക്കുന്ന ബെൽറ്റ് അഴിഞ്ഞുപോവുക എന്നത് അസംഭവ്യമാണ്. ലാൻഡിങ്ങിനിടെ അദ്ദേഹത്തിന്റെ വാച്ച് നഷ്ടപ്പെട്ടുവെന്ന് മാത്രമാണ് പരാതിയുണ്ടായത്. കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ പ്രത്യേകം സൂക്ഷിക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ അദ്ദേഹം വാച്ച് അഴിച്ചുമാറ്റാൻ തയ്യാറായില്ല.
വർക്കല ഉൾപ്പെടെയുള്ള മറ്റ് പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും വാട്ടർ ലാൻഡിങ് ഉണ്ട്. മൂന്നാറിൽ തണുപ്പ് കൂടുതലായതിനാലാണ് ഇത് പലപ്പോഴും ഒഴിവാക്കുന്നതെന്ന് ഹൈഡൽ ടൂറിസംവകുപ്പ് അധികൃതർ പറഞ്ഞു.
പാരാസെയ്‌ലിങ്
ആറുമാസം മുമ്പാണ് മാട്ടുപ്പട്ടി ജലാശയത്തിൽ പാരസെയ്‌ലിങ് തുടങ്ങിയത്. വൈദ്യുത വകുപ്പിന് കീഴിലുള്ള ഹൈഡൽ ടൂറിസവും സ്വകാര്യസംരംഭകനും ചേർന്ന്, വരുമാനം പങ്കിടൽ വ്യവസ്ഥയിലാണ് സെയ്‌ലിങ് നടത്തുന്നത്. ബോട്ടുമായി ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിപ്പിക്കുന്നത്. 1.2 കോടി രൂപ വിലവരുന്ന അതീവ സുരക്ഷയുള്ള ബോട്ടാണ് ഇതിനായി ഉപയോഗിക്കുന്നത്.
സെയ്‌ലിങ് നടത്തുന്നയാളെ ബെൽറ്റ് ഉപയോഗിച്ച് സംവിധാനവുമായി ബന്ധിപ്പിക്കും. കൂടാതെ ലൈഫ് ജാക്കറ്റും ധരിപ്പിക്കും. ബോട്ട് മുമ്പോട്ടുനീങ്ങുന്നതനുസരിച്ച് പാരഷൂട്ട് വിടർന്ന് മുകളിലേക്കുയരും. ബോട്ടിന്റെ സഞ്ചാരമനുസരിച്ച്, സെയ്‌ലിങ് നടത്തുന്നയാൾ വായുവിൽ നീങ്ങും. ഇതിനുശേഷം വെള്ളത്തിലോ ബോട്ടിലോ ലാൻഡ് ചെയ്യും.
Content Highlights: Hydel Tourism clarifies no accident during paragliding at Matupetty dam. A tourist landed in water as part of the activity, not due to any mishap.