മറ്റത്തൂരിലെ ബിജെപി കൂട്ടുകെട്ട് അറിഞ്ഞത് വോട്ട്‌ചെയ്തശേഷം- കോൺഗ്രസിൽനിന്ന് രാജിവെച്ച അംഗം

തൃശ്ശൂർ: മറ്റത്തൂരിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിമതയ്ക്ക് വോട്ട്‌ചെയ്തത് കോൺഗ്രസ്-ബിജെപി കൂട്ടുകെട്ട് അറിയാതെയാണെന്ന് കോൺഗ്രസിൽനിന്ന് രാജിവെച്ച പഞ്ചായത്തംഗം. വോട്ട്‌ചെയ്ത് പുറത്തിറങ്ങിയപ്പോഴാണ് ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് അറിഞ്ഞതെന്നും വർഗീയശക്തിയായ ബിജെപിയുമായി പ്രവർത്തിക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും പഞ്ചായത്തംഗമായ അക്ഷയ് പറഞ്ഞു.
ഒന്നും അറിയാതെയാണ് രാജി ഒപ്പിട്ടുവാങ്ങിയത്. പാർട്ടി നേതൃത്വവുമായുള്ള വിയോജിപ്പിനെത്തുടർന്നാണ് രാജിവെച്ചത്. ബിജെപി കൂട്ടുകെട്ടിന് വേണ്ടിയാണ് രാജിവെച്ചതെന്ന് അറിഞ്ഞിരുന്നില്ലെന്നും അക്ഷയ് പറഞ്ഞു. മറ്റത്തൂരിലെ രാജിയും ബിജെപി സഖ്യവും വലിയ വിവാദമായതിന് പിന്നാലെയാണ് അക്ഷയ് വീഡിയോസന്ദേശത്തിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞദിവസം മറ്റത്തൂർ പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അക്ഷയ് അടക്കമുള്ള കോൺഗ്രസിന്റെ എട്ട് അംഗങ്ങൾ രാജിവെച്ചത്. തുടർന്ന് ബിജെപിക്കൊപ്പം ചേർന്ന് യുഡിഎഫ് വിമതയായി ജയിച്ചെത്തിയ ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പിന്തുണച്ചു. ഇതോടെ ടെസി ജോസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
രാജിവച്ച കോൺഗ്രസ് അംഗങ്ങൾ ബിജെപിയുമായി ചേർന്നു
മറ്റത്തൂർ: മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫ് ഭരണസാധ്യത അട്ടിമറിച്ച് ബിജെപി-കോൺഗ്രസ് അംഗങ്ങൾ കൈകോർത്തു. കോൺഗ്രസ് വിമതയായി മത്സരിച്ചുജയിച്ച ടെസി ജോസ് കല്ലറയ്ക്കലിനെയാണ് കോൺഗ്രസ്, എൻഡിഎ അംഗങ്ങൾ ചേർന്ന് പ്രസിഡന്റായി തിരഞ്ഞെടുത്തത്. എൽഡിഎഫ് 10, യുഡിഎഫ് എട്ട്, എൻഡിഎ നാല്, യുഡിഎഫ് വിമതർ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. വോട്ടെടുപ്പിനു തൊട്ടുമുമ്പ് അപ്രതീക്ഷിതനീക്കത്തിലൂടെ എട്ട് കോൺഗ്രസ് അംഗങ്ങൾ പാർട്ടിസ്ഥാനം രാജിവെച്ചതായി പ്രഖ്യാപിച്ച് ടെസി ജോസിന് പിന്തുണ നൽകി.
എൻഡിഎയിലെ നാല് അംഗങ്ങളിൽ മൂന്നുപേരും ടെസി ജോസിന് വോട്ടുചെയ്തതോടെ ആകെ 12 വോട്ട് ലഭിച്ചു. ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി. 10 അംഗങ്ങളുള്ള എൽഡിഎഫിന്റെ പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതൻ കെ.ആർ. ഔസേഫിന് 11 വോട്ടാണ് ലഭിച്ചത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരേ മത്സരിക്കാൻ അപേക്ഷ നൽകിയ കെ.ആർ. ഔസേഫിനെയും ടെസി ജോസിനെയും പാർട്ടിയിൽനിന്നു പുറത്താക്കി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പ്രാദേശിക കോൺഗ്രസ് നേതൃത്വം തുടക്കംമുതലേ ഇവരെ പിന്തുണച്ചു. ഇരുവരുടെയും ജയത്തിനുശേഷം കെ.ആർ. ഔസേഫിനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. എന്നാൽ, വെള്ളിയാഴ്ച കെ.ആർ. ഔസേഫ് എൽഡിഎഫ് അംഗങ്ങൾക്കൊപ്പമാണ് പഞ്ചായത്ത് ഓഫീസിലെത്തിയത്.
ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കി പ്രസിഡന്റാകാനുള്ള യുഡിഎഫ് ആവശ്യം താൻ നിരസിച്ചുവെന്നാണ് കെ.ആർ. ഔസേഫ് പറയുന്നത്. പഞ്ചായത്തിൽ തിരഞ്ഞെടുപ്പുചുമതലയുണ്ടായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പിൽ, ബ്ലോക്ക് മുൻ പ്രസിഡന്റ് രഞ്ജിത്ത് കൈപ്പിള്ളി എന്നിവരാണ് ധാരണയ്ക്ക് ശ്രമിച്ചതെന്നും ഔസേഫ് പറഞ്ഞു.
അതേസമയം, കെ.ആർ. ഔസേഫിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കാമെന്ന് ഉറപ്പുനൽകിയിട്ടും എൽഡിഎഫിനൊപ്പം മത്സരിക്കാൻ ശ്രമിച്ചുവെന്നാണ് യുഡിഎഫ് വിശദീകരണം. ഈ നീക്കത്തിൽ കോൺഗ്രസ് അംഗങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും ടി.എം. ചന്ദ്രൻ പറഞ്ഞു. ബിജെപിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും എൽഡിഎഫുമായി കൂട്ടുചേർന്ന കെ.ആർ. ഔസേഫിനെ പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പഞ്ചായത്തംഗം ലിന്റോ പള്ളിപ്പറമ്പൻ പറഞ്ഞു. ഇപ്പോൾ കോൺഗ്രസിൽനിന്ന് രാജി പ്രഖ്യാപിച്ച ലിന്റോ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റാണ്.
ബിജെപിയുടേത് നിരുപാധിക പിന്തുണയാണെന്നും കോൺഗ്രസിനോടും സിപിഎമ്മിനോടും സംസ്ഥാനതലത്തിൽ സ്വീകരിച്ചിട്ടുള്ള ഔദ്യോഗിക നിലപാട് മാത്രമാണ് മറ്റത്തൂരിലുമുള്ളതെന്നും തിരഞ്ഞെടുപ്പുചുമതലയുണ്ടായിരുന്ന ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പി.ജി. ജയൻ പറഞ്ഞു. ആർഎസ്എസ്, കോൺഗ്രസുമായി ചേർന്ന് നടത്തിയ രഹസ്യബാന്ധവമാണ് മറനീക്കി പുറത്തുവന്നതെന്ന് സിപിഎം പ്രാദേശികനേതൃത്വവും പ്രതികരിച്ചു.
കോൺഗ്രസിൽ കൂട്ടനടപടി
മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് നയങ്ങൾക്ക് വിരുദ്ധമായി പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ നേതൃത്വം കൊടുത്ത ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പിൽ എന്നിവരെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
മറ്റത്തൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പഞ്ചായത്തംഗങ്ങളായി വിജയിച്ച എട്ടുപേരെയും കോൺഗ്രസ് വിമതരായി മത്സരിച്ച രണ്ടുപേരെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കി. ഇതിൽ വിമതരായ കെ.ആർ. ഔസേപ്പിനെയും ടെസി കല്ലറയ്ക്കലിനെയും കഴിഞ്ഞ ദിവസമാണ് പാർട്ടിയിലേക്ക് തിരിച്ചെടുത്തത്. സുമ മാഞ്ഞൂരാൻ, അക്ഷയ്കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ, മിനി, ലിന്റോ പള്ളിപ്പറമ്പൻ, നൂർജഹാൻ എന്നിവരാണു പുറത്താക്കപ്പെട്ട എട്ട് അംഗങ്ങൾ. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റാണ് ഇവരെ പുറത്താക്കിയതായി അറിയിച്ചത്.
Content Highlights: Congress rebel voted for UDF candidate in Mattathur, unaware of Congress-BJP alliance. Local leader resigns citing discomfort with communal forces. Know the full story!