വ്യാജവാര്‍ത്തകളെ ഇല്ലാതാക്കണം, മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനത്തിലേക്ക് മടങ്ങണം- മാതൃഭൂമി സംവാദം

മാതൃഭൂമിയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ലോക വാർത്താദിനത്തിൽ തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഏകദിന സംവാദത്തിലെ "ഫാക്ട് പഞ്ച്" സെഷനിൽ ഇന്ത്യൻ എക്‌സ്പ്രസ് മുൻ എഡിറ്റർ അരുൺ ഷൂരി മുഖ്യ പ്രഭാഷണം നടത്തുന്നു. മുതിർന്ന മാധ്യമപ്രവർത്തക സീമ ചിസ്തി, ഔട്ട് ലുക്ക് മാഗസിന്റെ മുൻ എഡിറ്റർ റൂബെൻ ബാനർജി, ദ ഹിന്ദു ഡൽഹി റെസിഡന്റ് എഡിറ്റർ വർഗീസ് കെ.ജോർജ്, ദ ടൈംസ് ഓഫ് ഇന്ത്യ തമിഴ്‌നാട് റെസിഡന്റ് എഡിറ്റർ അരുൺ റാം, ഫ്രണ്ട് ലൈൻ എഡിറ്റർ വൈഷ്ണ റോയ് എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി
മാതൃഭൂമിയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ലോക വാർത്താദിനത്തിൽ തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഏകദിന സംവാദത്തിലെ "ഫാക്ട് പഞ്ച്" സെഷനിൽ ഇന്ത്യൻ എക്‌സ്പ്രസ് മുൻ എഡിറ്റർ അരുൺ ഷൂരി മുഖ്യ പ്രഭാഷണം നടത്തുന്നു. മുതിർന്ന മാധ്യമപ്രവർത്തക സീമ ചിസ്തി, ഔട്ട് ലുക്ക് മാഗസിന്റെ മുൻ എഡിറ്റർ റൂബെൻ ബാനർജി, ദ ഹിന്ദു ഡൽഹി റെസിഡന്റ് എഡിറ്റർ വർഗീസ് കെ.ജോർജ്, ദ ടൈംസ് ഓഫ് ഇന്ത്യ തമിഴ്‌നാട് റെസിഡന്റ് എഡിറ്റർ അരുൺ റാം, ഫ്രണ്ട് ലൈൻ എഡിറ്റർ വൈഷ്ണ റോയ് എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

തിരുവനന്തപുരം: വസ്തുതയില്‍ ഉറച്ച് നിന്നുള്ള മാധ്യമപ്രവര്‍ത്തനത്തിലൂടെ വ്യാജവാര്‍ത്തകളെ ഇല്ലാതാക്കണമെന്ന് മാതൃഭൂമി മാധ്യമസംവാദത്തില്‍ ആഹ്വാനം. മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനത്തിലേക്ക് മാധ്യമങ്ങള്‍ മടങ്ങിപ്പോകണമെന്ന് സംവാദം ഉദ്ഘാടനം ചെയ്ത പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എന്‍.റാം ആവശ്യപ്പെട്ടു. സത്യം വിളിച്ചുപറയുന്നതിനാലാണ് മാതൃഭൂമി ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തനം വലിയ വിശ്വാസ്യതാപ്രതിസന്ധി നേരിടുന്നതായി ചര്‍ച്ചയില്‍ പൊതുവികാരമുണ്ടായി.

വാര്‍ത്തയിലെ വാസ്തവം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം തേടി ശതാബ്ദി വര്‍ഷത്തില്‍ മാതൃഭൂമി സംഘടിപ്പിച്ച മാധ്യമ സംവാദം പുതിയ തുടക്കമായി.  സേക്രഡ് ഫാക്ട്‌സ് എന്ന സംവാദം സത്യാനന്തര
കാലത്തെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ ആത്മവിമര്‍ശനത്തോടെ എഡിറ്റര്‍മാര്‍ അടക്കമുള്ളവര്‍ തുറന്ന് കാട്ടി. വസ്തുതയില്‍ ഉറച്ച് നിന്നുള്ള മാധ്യമ പ്രവര്‍ത്തനം അത് മാത്രമാണ് നിലനില്‍ക്കാനും സാമൂഹ്യമാധ്യമങ്ങളിലെ വ്യാജവാര്‍ത്ത തടയാനുമുള്ള മാര്‍ഗമെന്ന് പങ്കെടുത്തവര്‍ക്കെല്ലാം ഒരേ സ്വരം. 

ഏകദിന സംവാദത്തിലെ "ദ വേ ഫോർവേഡ്" സെഷനിൽ ദ ഇന്ത്യൻ എക്‌സ്പ്രസ് എക്സിക്യുട്ടീവ് ഡയറക്ടറും ന്യൂസ് മീഡിയ ഹെഡുമായ ആനന്ദ് ഗോയങ്ക മുഖ്യപ്രഭാഷണം നടത്തുന്നു. ദ ന്യൂസ് മിനിറ്റ് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ, എ.ബി.പി.നെറ്റ് വർക്ക് സി.ഇ.ഒ.അവിനാഷ് പാണ്ഡേ, ആനന്ദ വികടൻ മാനേജിങ് ഡയറക്ടർ ബി.ശ്രീനിവാസൻ, ബൂം ലൈവ് മാനേജിങ് എഡിറ്റർ ജെൻസി ജേക്കബ്, കൈരളി ടി.വി. മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എം.പി. എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

സംവാദത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ച ദ ഹിന്ദു മുന്‍ പത്രാധിപര്‍ എന്‍. റാം മാതൃഭൂമിയുടെ ഉദ്യമത്തെ പ്രകീര്‍ത്തിച്ചു. നിലവാരമുള്ള മാധ്യമപ്രവര്‍ത്തനത്തിനായി മുറുകെ പിടിക്കേണ്ട മാധ്യമപാഠങ്ങള്‍ അക്കമിട്ട് നിരത്തിയ അദ്ദേഹം മൂല്യങ്ങളിലേക്ക് മടങ്ങണമെന്ന് ഓര്‍മ്മിപ്പിച്ചു. സത്യം വിളിച്ചു പറയുന്നതിന് മാതൃഭൂമി ആക്രമിക്കപ്പെടുന്നതില്‍ ആശങ്കയില്ലെന്ന് അധ്യക്ഷപ്രസംഗം നടത്തിയ എം.വി.ശ്രേയാംസ് കുമാര്‍ പറഞ്ഞു. തെറ്റുണ്ടായാല്‍ തിരുത്താന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 

പരമ്പരാഗത മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളിയെ കുറിച്ചുള്ളതായിരുന്നു ആദ്യസംവാദം. രണ്ട് ഭാഗങ്ങളുടെയും അഭിപ്രായം നല്‍കുന്നതല്ല വസ്തുത പുറത്തുകൊണ്ടുവരുന്നതാണ് മാധ്യമങ്ങളുടെ കടമയെന്ന് മുഖ്യ പ്രഭാഷണത്തില്‍ അരുണ്‍ ഷൂറി ഓര്‍മിപ്പിച്ചു. മാധ്യമങ്ങളുടെ മൗനം, ധൈര്യമില്ലായ്മ, വസ്തുതയില്ലായ്മ എന്നിവ കാരണം സാമൂഹ്യമാധ്യമങ്ങള്‍ക്ക് ഇടം ലഭിച്ചതായി ആത്മവിമര്‍ശനം ഉയര്‍ന്നു. അതിനാല്‍ ഇന്ത്യന്‍ മാധ്യമരംഗം മരിക്കുന്നതായ ആശങ്ക എഡിറ്റര്‍മാരടക്കം പങ്കിട്ടു. 

 ഏകദിന സംവാദത്തിലെ "ദ വേ ഫോർവേഡ്" സെഷൻ ആനന്ദ വികടൻ മാനേജിങ് ഡയറക്ടർ ബി.ശ്രീനിവാസൻ നയിക്കുന്നു. ദ ന്യൂസ് മിനിറ്റ് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ, എ.ബി.പി.നെറ്റ് വർക്ക് സി.ഇ.ഒ.അവിനാഷ് പാണ്ഡേ, ബൂം ലൈവ് മാനേജിങ് എഡിറ്റർ ജെൻസി ജേക്കബ്, കൈരളി ടി.വി. മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എം.പി. എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

വസ്തുതയെ പോലും സംശയത്തോടെ നോക്കുന്ന ഇക്കാലത്ത് വിശ്വാസ്യതയില്ലാത്ത ഒരു മാധ്യമത്തിനും മുന്നോട്ടുപോകാനാകില്ലെന്ന് വാര്‍ത്ത റിപ്പോര്‍ട്ടിങ്ങിനെ കുറിച്ചുള്ള സംവാദത്തില്‍ പൊതുഅഭിപ്രായമുയര്‍ന്നു. വസ്തുതാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാവിയെ കുറിച്ചുള്ള അവസാന സംവാദത്തില്‍ വസ്തുത എന്താകണം എന്ന വ്യത്യസ്ത കാഴ്ചപ്പാടുകള്‍ എഡിറ്റര്‍മാര്‍ പങ്കിട്ടു. വസ്തുതയ്ക്ക് പകരം ഇപ്പോള്‍ ക്ലിക്ക് അടിസ്ഥാനമാക്കിയുള്ള മാധ്യമപ്രവര്‍ത്തനം നടത്തേണ്ടി വരുന്നതിലെ ആശങ്ക ഏവരും പങ്കിട്ടു. വസ്തുതാധിഷ്ഠിതമായ മാധ്യമപ്രവര്‍ത്തനം സാധ്യമാണെന്ന ശുഭപ്രതീക്ഷയോടെയാണ് സംവാദം അവസാനിച്ചത്.

തിരുവനന്തപുരത്ത്‌ മാതൃഭൂമി സംഘടിപ്പിച്ച 'സേക്രഡ് ഫാക്ടസ്'- മാധ്യമ സെമിനാറിന്റെ ഉദ്‌ഘാടന സെഷനിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

Content Highlights: Mathrubhumi sacred facts world news day initiative