തലക്കെട്ടുകള്‍ മൂര്‍ച്ചയുള്ളതാകണമെങ്കില്‍ ന്യൂസ് റൂമുകളില്‍ ഭയം കടന്നുചെല്ലരുത്- ആര്‍. രാജഗോപാല്‍

കൊച്ചി:തലക്കെട്ടുകള്‍ മൂര്‍ച്ചയുള്ളതാകണമെങ്കില്‍ ന്യൂസ് റൂമുകളില്‍ ഭയം കടന്നു ചെല്ലരുതെന്ന് കൊല്‍ക്കത്ത ടെലഗ്രാഫിന്റെ എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍. രാജഗോപാല്‍. ഭരണകൂടങ്ങളുടെ നിരന്തര വേട്ടയാടലുകളില്‍പ്പെടുന്ന ഇന്ത്യന്‍ മാധ്യമരംഗത്തിന്റെ ഗതിവിഗതികളുടെ തുറന്ന സംവാദ വേദിയായി മാറിയ മാതൃഭൂമി സേക്രഡ് ഫാക്ട്‌സ് കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ മാധ്യമരംഗം ഇന്ന് വളരെ വലിയ ഭീഷണി നേരിടുന്ന കാലഘട്ടമാണെന്നും ന്യൂസ് റൂമില്‍ വരുത്തേണ്ടി വരുന്ന വിട്ടുവീഴ്ചകളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ക്രോക്കോഡില്‍ തലക്കെട്ട് മുതല്‍ ന്യൂസ് ക്ലിക്ക് വിഷയം വരെ കോണ്‍ക്ലേവില്‍ചര്‍ച്ചാവിഷയമായി. 'വസ്തുതകള്‍ ക്രോധത്തിന്‍റേയും അക്രമത്തിന്‍റേയും കാലത്ത്' എന്ന വിഷയത്തിലാണ് ആര്‍. രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തിയത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ബഹുമുഖമായ ഭീഷണിനേരിടുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മാധ്യമരംഗത്തെ വിവിധഷയങ്ങളില്‍ തുറന്ന സംവാദങ്ങളും പ്രതിവാദങ്ങളും അരങ്ങേറിയ സംവാദവേദിയായി മാറുകയായിരുന്നു മാതൃഭൂമി സേക്രഡ് ഫാക്ട്‌സ് കോണ്‍ക്ലേവ്.
'തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ തന്റെ മാധ്യമ സ്ഥാപനവുമായി കൂട്ടികലര്‍ത്താറില്ല. ജാതിമത ചിന്തകളിലാണ് ഇന്ന് കേരളം. സത്യത്തിന് വേണ്ടി പോരാടുന്നവര്‍ വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.' - അധ്യക്ഷ പ്രസംഗത്തില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററുമായ പി.പി. ശശീന്ദ്രന്‍ കോണ്‍ക്ലേവില്‍ സ്വാഗതം ആശംസിച്ചു. പ്രശസ്ത മാധ്യമപ്രവര്‍ത്തകയും 'വാഷിങ്ടണ്‍ പോസ്റ്റി'ന്റെ കോളമിസ്റ്റുമായ റാണ അയൂബ്, വര്‍ത്തമാനകാലത്തെ മാധ്യമലോകത്തെക്കുറിച്ച് മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററായ കെ.എ. ജോണിയുമായി സംവദിച്ചു. സാമൂഹികമാധ്യമങ്ങളെക്കുറിച്ചും അവയുടെ സ്വാധീനശേഷിയെക്കുറിച്ചുമെല്ലാം ഷാസ് മുഹമ്മദ്, ഷാരീഖ് ഷംസുദ്ദീന്‍, കാര്‍ത്തിക് മുരളി എന്നിവര്‍ സംസാരിച്ചു. പ്രശസ്ത അന്വേഷണാത്മക പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും കോണ്‍ഫ്ലുവന്‍സ് മീഡിയയുടെ സ്ഥാപകനുമായ ജോസി ജോസഫ്, അന്വേഷണാത്മക പത്രപ്രവര്‍ത്തകരായ ലീന രഘുനാഥ്, നിധീഷ് എം.കെ. എന്നിവര്‍ അന്യംനിന്നുപോകുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ലോകത്തെക്കുറിച്ചും തുറന്ന സംവാദം നടത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാധ്യമരംഗത്ത് എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ചുള്ള സംവാദത്തില്‍ ഡേറ്റാ ഗവേഷകന്‍ ശ്രീനിവാസ് കൊഡാളി, ഡിജിറ്റല്‍ ജേണലിസത്തിലും മള്‍ട്ടി മീഡിയ ജേണലിസത്തിലും ഡേറ്റാ ജേണലിസത്തിലും വിദഗ്ധനായ ദേവദാസ് രാജാറാം, 'ബൂം ലൈവ്' സീനിയര്‍ എഡിറ്റര്‍ അദ്രിജ ബോസ്, യു.എല്‍.ടി.എസ്. സി.ഇ.ഒ. മുരളി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
ഭരണകൂടവും അതിന്റെ സഹചാരികളും മാധ്യമങ്ങളെ ലക്ഷ്യംവെക്കുന്നതിനെക്കുറിച്ച് ഫ്ളവേഴ്‌സ് ടി.വി. മാനേജിങ് ഡയറക്ടറും 'ട്വന്റിഫോറി'ന്റെ ചീഫ് എഡിറ്ററുമായ ആര്‍. ശ്രീകണ്ഠന്‍ നായര്‍, 'ദ ഫോര്‍ത്ത്' ഡിജിറ്റല്‍ മീഡിയ പ്ലാറ്റ് ഫോമിന്റെ ന്യൂസ് ഡയറക്ടര്‍ ബി. ശ്രീജന്‍, മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയനിരീക്ഷകനുമായ വെങ്കിടേഷ് രാമകൃഷ്ണന്‍, ദ ന്യൂസ് മിനിറ്റി'ന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ധന്യ രാജേന്ദ്രന്‍ എന്നിവര്‍ സംവദിച്ചു.
Content Highlights: Mathrubhumi Sacred Facts Conclave