ഉത്തരകേരളത്തില്‍ LDF വന്‍മുന്നേറ്റമുണ്ടാക്കുമെന്ന് മാതൃഭൂമിന്യൂസ്-ആക്‌സിസ് മൈഇന്ത്യ എക്‌സിറ്റ് പോള്‍

തിരുവനന്തപുരം: അഞ്ച് ജില്ലകളിലെ 48 മണ്ഡലങ്ങളില്‍ 32 എണ്ണത്തിലും ഇടതുമുന്നണിക്ക് മുന്‍തൂക്കം പ്രവചിച്ച് മാതൃഭൂമി-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. 12 മണ്ഡലങ്ങളിലാണ് യുഡിഎഫിന് ഭൂരിപക്ഷം പ്രവചിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി വി.വി. പ്രകാശിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് നിലമ്പൂരിലെ എക്സിറ്റ് പോള്‍ ഫലം പുറത്തുവിട്ടിട്ടില്ല. 

കാസര്‍കോട് ജില്ലയിലെ സിറ്റിങ് സീറ്റുകള്‍ ഇരുമുന്നണികളും നിലനിര്‍ത്തുമെന്നും കണ്ണൂരില്‍ ഒരു സീറ്റ് എല്‍ഡിഎഫ് അധികം നേടുമെന്നുമാണ് ഫലം പറയുന്നത്. വയനാട്ടില്‍ മൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് മുന്‍തൂക്കം പ്രവചിക്കുന്നു. കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റമുണ്ടാകും. രണ്ട് അധിക സീറ്റുകളാണ് പ്രവചിക്കുന്നത്. മലപ്പുറത്ത് മൂന്ന് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് അട്ടിമറി പ്രതീക്ഷിക്കുന്നതായും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. എന്‍ഡിഎയ്ക്ക് എവിടേയും മുന്‍തൂക്കം പ്രവചിക്കുന്നില്ല.

28124 പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് മാതൃഭൂമി-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 68 ശതമാനം പേര്‍ പുരുഷന്മാരും 32 ശതമാനം പേര്‍ സ്ത്രീകളുമാണ്. 

മഞ്ചേശ്വരം നിയമസഭാ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ പറയുന്നു. ചുരുങ്ങിയത് അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ എ.കെ.എം അഷ്‌റഫ് വിജയിക്കുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിവി രമേശനും എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രനുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ പി.ബി. അബ്ദുള്‍ റസാഖ് വിജയിച്ച മണ്ഡലമാണ് മഞ്ചേശ്വരം

കാസര്‍കോട് മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് ആണ് ഇക്കുറിയും മത്സരത്തിനിറങ്ങിയത്. രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാവും എന്‍എ നെല്ലിക്കുന്ന് നേടുകയെന്നും സര്‍വേ പ്രവചിക്കുന്നു. എല്‍ഡിഎഫിന് വേണ്ടി എംഎ ലത്തീഫ്, യുഡിഎഫിന് വേണ്ടി എന്‍എ നെല്ലിക്കുന്ന് എന്‍ഡിഎയ്ക്ക് വേണ്ടി കെ ശ്രീകാന്ത് എന്നിവരാണ് ജനവിധി തേടിയത്. 2016ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ എന്‍എ നെല്ലിക്കുന്ന് വിജയിച്ച മണ്ഡലമാണ് കാസര്‍കോട്. 8607 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എന്‍എ നെല്ലിക്കുന്ന് അന്ന് വിജയിച്ചത്. ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. 

ഉദുമ സിഎച്ച് കുഞ്ഞമ്പുവിലൂടെ സിപിഎം നിലനിര്‍ത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 3832 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന്റെ കെ. കുഞ്ഞിരാമനാണ് ഉദുമയില്‍ നിന്ന് വിജയിച്ചത്

കാഞ്ഞങ്ങാട് മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. സിറ്റിങ് എംഎല്‍എ ആയ ഇ ചന്ദ്രശേഖരനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരത്തിനിറങ്ങിയത്. പിവി സുരേഷ്(യുഡിഎഫ്), എം ബല്‍രാജ്(എന്‍ഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ലെ തിരഞ്ഞെടുപ്പില്‍ 26011 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് വിജയിച്ചത്.

തൃക്കരിപ്പൂരില്‍ എം.രാജഗോപാല്‍ ഇത്തവണയും വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. 16348 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് കഴിഞ്ഞ തവണ വിജയിച്ച മണ്ഡലമാണ് തൃക്കരിപ്പൂര്‍.

കണ്ണൂര്‍ ജില്ല

പയ്യന്നൂര്‍ ടിഐ മധുസൂദനനിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. എം പ്രദീപ് കുമാര്‍(യുഡിഎഫ്), അഡ്വ.കെകെ ശ്രീധരന്‍ എന്നിവരാണ് പയ്യന്നൂര്‍ മണ്ഡലത്തിലെ മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ 40263 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കൃഷ്ണന്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ വിജയിച്ചത്. 

കല്ല്യാശ്ശേരി മണ്ഡലത്തില്‍ എ. വിജിന്‍ വിജയിക്കും. അഡ്വ. ബ്രിജേഷ് കുമാര്‍(യുഡിഎഫ്), അരുണ്‍ കൈതപ്രം(ബിജെപി)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. ടിവി രാജേഷിന്റെ സിറ്റിങ് സീറ്റായ കല്ല്യാശ്ശേരിയില്‍ 2016ല്‍ 42891 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് നേടിയത്.

തളിപ്പറമ്പ് മണ്ഡലം എംവി ഗോവിന്ദന്‍ മാസ്റ്ററിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. വിപി അബ്ദുള്‍ റഷീദ്(യുഡിഎഫ്), എപി ഗംഗാധരന്‍(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 

ഇരിക്കൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സജീവ് ജോസഫ് വിജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. കെസി ജോസഫിന്റെ സിറ്റിങ് സീറ്റായ മണ്ഡലം പതിവ് തെറ്റിക്കാതെ യുഡിഎഫ് നിലനിര്‍ത്തും. സജി കുറ്റിയാനിമറ്റം(എല്‍ഡിഎഫ്), ആനിയമ്മ രാജേന്ദ്രന്‍(ബിജെപി)എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. 2016ല്‍ 9647 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ കെസി ജോസഫ് വിജയിച്ചത്. 

അഴീക്കോട് മണ്ഡലത്തില്‍ മത്സരം പ്രവചനാതീതമെന്ന് സര്‍വേ പറയുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നേരിയ മുന്‍തൂക്കമാണ് എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുള്ളത്. കെഎം ഷാജി(യുഡിഎഫ്) കെവി സുമേഷ്(എല്‍ഡിഎഫ്), കെ രഞ്ജിത്ത് (എന്‍ഡിഎ)എന്നിവരാണ് അഴീക്കോട് മണ്ഡലത്തില്‍ ജനവിധി തേടുന്നത്. 2016ലെ തിരഞ്ഞെടുപ്പില്‍ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎം ഷാജി അഴീക്കോട് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.

കണ്ണൂര്‍ മണ്ഡലത്തില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി തന്നെ വിജയിക്കും. സതീശന്‍ പാച്ചേനി(യുഡിഎഫ്), അര്‍ച്ചന വണ്ടിച്ചാലില്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ലെ തിരഞ്ഞെടുപ്പില്‍ 1196 വോട്ടിന്റെ നേരിയ മുന്‍തൂക്കത്തിലാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിജയിച്ചത്.

ധര്‍മ്മടം മണ്ഡലം മുഖ്യമന്ത്രി പിണറായി വിജയന്‍ നിലനിര്‍ത്തും. സി രഘുനാഥ്(യുഡിഎഫ്), സി കെ പത്മനാഭന്‍(എന്‍ഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.  2016ലെ തിരഞ്ഞെടുപ്പില്‍ 36905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്ന് വിജയിച്ചത്.

തലശ്ശേരിയിലും അട്ടിമറികള്‍ക്ക് ഇടകൊടുക്കാതെ എഎന്‍ ഷംസീര്‍ വിജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. എംപി അരവിന്ദാക്ഷന്‍(യുഡിഎഫ്), സിഒടി നസീര്‍(ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.  2016ല്‍ 34117 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎന്‍ ഷംസീര്‍ തലശ്ശേരി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.

കൂത്തുപറമ്പ് മണ്ഡലത്തില്‍ കെപി മോഹനന്‍ വിജയിക്കും. പൊട്ടങ്കണ്ടി അബ്ദുള്ള(യുഡിഎഫ്), സി സദാനന്ദന്‍ മാസ്റ്റര്‍(എന്‍ഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ മന്ത്രി കെകെ ശൈലജ 12291 വോട്ടിന്റെ ഭൂരിപക്ഷത്തിന് നിലവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപി മോഹനനെ തോല്‍പ്പിച്ച മണ്ഡലമാണ് കൂത്തുപറമ്പ്. 

മട്ടന്നൂര്‍ ആരോഗ്യമന്ത്രി കെകെ ശൈലജയിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. ഇല്ലിക്കല്‍ അഗസ്തി(യുഡിഎഫ്), ബിജു എളക്കുഴി(എന്‍ഡിഎ)എന്നിവരാണ് മണ്ഡലത്തില്‍ ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍.  2016ല്‍ മന്ത്രി ഇപി ജയരാജന്‍ 43381 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.

പേരാവൂര്‍ മണ്ഡലത്തില്‍ അട്ടിമറി നടക്കുമെന്ന് സര്‍വേ ഫലം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സക്കീര്‍ ഹുസൈനിലൂടെ മണ്ഡലം എല്‍ഡിഎഫ് തിരിച്ചുപിടിക്കും. സിറ്റിങ് എംഎല്‍എ സണ്ണി ജോസഫ്(യുഡിഎഫ്)
സ്മിത ജയമോഹന്‍(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ സണ്ണി ജോസഫ് 7989 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പേരാവൂരില്‍ നിന്ന് വിജയിച്ചത്.

വയനാട് ജില്ല

മാനന്തവാടി മണ്ഡലം സിറ്റിങ് എംഎല്‍എ ഒആര്‍ കേളു നിലനിര്‍ത്തും. പികെ ജയലക്ഷ്മി(യുഡിഎഫ്), മുകുന്ദന്‍ പള്ളിയറ(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ലെ തിരഞ്ഞെടുപ്പില്‍ 1307 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഒആര്‍ കേളു മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 

സുല്‍ത്താന്‍ബത്തേരി മണ്ഡലത്തില്‍ അട്ടിമറി വിജയം പ്രവചിച്ച് സര്‍വേ. എംഎസ് വിശ്വനാഥന്‍ ഇവിടെ വിജയിക്കും. സിറ്റിങ് എംഎല്‍എ ഐസി ബാലകൃഷ്ണന്‍(യുഡിഎഫ്), സികെ ജാനു(എന്‍ഡിഎ)എന്നിവരാണ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയത്. 2016ല്‍ ഐസി ബാലകൃഷ്ണന്‍ 11198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് വിജയിച്ചത്. 

കല്‍പ്പറ്റ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ് കുമാര്‍ വിജയിക്കും. അഡ്വ. ടി സിദ്ദിഖ്(യുഡിഎഫ്), ടിഎം സുബീഷ്(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സി.കെ. ശശീന്ദ്രന്‍ 13083 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കല്‍പ്പറ്റയില്‍ നിന്ന് വിജയിച്ചത്. 

കോഴിക്കോട് ജില്ല

വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍ വിജയിക്കും. കെകെ രമ(യുഡിഎഫ്)എം രാജേഷ് കുമാര്‍(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ നാണു 9511 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വടകരയില്‍ നിന്ന് വിജയിച്ചത്. 

കുറ്റ്യാടി മണ്ഡലത്തില്‍ എക്‌സിറ്റ് പോള്‍ ഫലം അട്ടിമറി പ്രവചിക്കുന്നു. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപി കുഞ്ഞമ്മദ് കുട്ടി വിജയിക്കും. സിറ്റിങ് എംഎല്‍എ പാറക്കല്‍ അബ്ദുള്ള(യുഡിഎഫ്),പിപി മുരളി(എന്‍ഡിഎ) എന്നിവരാണ് മറ്റുള്ള സ്ഥാനാര്‍ഥികള്‍. 2016ലെ തിരഞ്ഞെടുപ്പില്‍ പാറക്കല്‍ അബ്ദുള്ള 1901 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് കുറ്റ്യാടിയില്‍ നിന്ന് വിജയിച്ചത്. 

നാദാപുരം മണ്ഡലം എല്‍ഡിഎഫിന്റെ ഇ.കെ.വിജയന്‍  നിലനിര്‍ത്തും. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.പ്രവീണ്‍ കുമാറും എന്‍ഡിഎ സ്ഥാനാര്‍ഥി എം.പി.രാജനുമാണ്. 4759 വോട്ടുകള്‍ക്കാണ്  ഇ.കെ.വിജയന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് വിജയിച്ചത്.

കൊയിലാണ്ടി മണ്ഡലം കാനത്തില്‍ ജമീലയിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. യുഡിഎഫിന് വേണ്ടി എന്‍ സുബ്രഹ്മണ്യന്‍, ബിജെപിക്ക് വേണ്ടി എന്‍പി രാധാകൃഷ്ണന്‍ എന്നിവരാണ് കൊയിലാണ്ടിയില്‍ നിന്ന് ജനവിധി തേടിയത്. 2016ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ കെ ദാസന്‍ 13369 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊയിലാണ്ടി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 

പേരാമ്പ്ര മണ്ഡലത്തില്‍നിന്ന് ടി.പി.രാമകൃഷ്ണന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ് സർവേ പറയുന്നത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി സിഎച്ച് ഇബ്രാഹിം കുട്ടിയാണ്. കെ.വി.സുധീറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 4101 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടി.പി.രാമകൃഷ്ണന്‍ ഇവിടെ നിന്ന് ജയിച്ചത്.

ബാലുശ്ശേരി കെഎം സച്ചിന്‍ദേവിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. 2016ല്‍ എല്‍ഡിഎഫിലെ പുരുഷന്‍ കടലുണ്ടി 15466 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബാലുശ്ശേരിയില്‍ നിന്ന് വിജയിച്ചത്. സിനിമാതാരം ധര്‍മജന്‍ ബോള്‍ഗാട്ടി യുഡിഎഫ്)ലിബിന്‍ ഭാസ്‌കര്‍(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 

എലത്തൂര്‍ മണ്ഡലത്തില്‍ എ.കെ.ശശീന്ദ്രന്‍ വിജയിക്കും. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി സുല്‍ഫിക്കര്‍ മയൂരിയാണ്. ടി.പി.ജയചന്ദ്രനാണ് ബി.ജെ.പി.സ്ഥാനാര്‍ഥി. എലത്തൂരില്‍ 2016ലും എന്‍സിപിയുടെ എ.കെ.ശശീന്ദ്രനാണ് വിജയിച്ചത്. 29,057 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 

കോഴിക്കോട് നോര്‍ത്ത് മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോട്ടത്തില്‍ രവീന്ദ്രന്‍ ഇവിടെ വിജയിക്കും. കെഎം അഭിജിത്ത്(യുഡിഎഫ്),എംടി രമേശ്(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ എ പ്രദീപ് കുമാര്‍ 27873 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്. 

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ അഹമ്മദ് ദേവര്‍കോവില്‍ വിജയിക്കും. ലീഗിന്റെ വനിതാസ്ഥാനാര്‍ഥി നൂര്‍ബിനാ റഷീദാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസാണ്. കോഴിക്കോട് സൗത്തില്‍ 2016ല്‍ എം.കെ.മുനീറാണ് ജയിച്ചത്. 6327 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 

ബേപ്പൂര്‍ മണ്ഡലം പിഎ മുഹമ്മദ് റിയാസിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. പിഎം നിയാസ്(യുഡിഎഫ്)കെപി പ്രകാശ് ബാബു(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ എല്‍ഡിഎഫിലെ വികെസി മമ്മദ് കോയ 14363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബേപ്പൂരില്‍ നിന്ന് വിജയിച്ചത്.

കുന്ദമംഗലം മണ്ഡലത്തില്‍ കടുത്ത മത്സരമെന്ന് സര്‍വേ. അഡ്വ.പി.ടി.എ. റഹീമും യുഡിഎഫിന്റെ സ്ഥാനാര്‍ഥി  ദിനേശ് പെരുമണ്ണയും ഒപ്പത്തിനൊപ്പമെന്ന് സര്‍വേ ഫലം. വി.കെ.സജീവനാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി. 2016-ല്‍ എല്‍ഡിഎഫിന്റെ അഡ്വ.പി.ടി.എ.റഹീം 11,205 വോട്ടുകള്‍ക്ക് ജയിച്ചിരുന്നു. 

കൊടുവള്ളി മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തും. സിറ്റിങ് എംല്‍എ കാരാട്ട് റസാഖ് ഇവിടെ വിജയിക്കും. ഡോ. എംകെ മുനീര്‍(യുഡിഎഫ്),ടി ബാലസോമന്‍(എന്‍ഡിഎ)എന്നിവരാണ് മണ്ഡലത്തില്‍ ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ കാരാട്ട് റസാഖ് 573 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് കൊടുവള്ളിയില്‍ നിന്ന് വിജയിച്ചത്. 

തിരുവമ്പാടി മണ്ഡലത്തില്‍ ലിന്റോ ജോസഫ് വിജയിക്കുമെന്ന് സര്‍വേ ഫലം. യുഡിഎഫ് സ്ഥാനാര്‍ഥി സി.പി.ചെറിയ മുഹമ്മദാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി ബേബി അമ്പാട്ടാണ്. 2016-ല്‍ സിപിഎം സ്ഥാനാര്‍ഥി ജോര്‍ജ് എം.തോമസാണ് ഇവിടെ ജയിച്ചത്. 3008 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

മലപ്പുറം ജില്ല

കൊണ്ടോട്ടി മണ്ഡലം സിറ്റിങ് എംഎല്‍എ ടിവി ഇബ്രാഹിമിലൂടെ യുഡിഎഫ് നിലനിര്‍ത്തും. 2016ലെ തിരഞ്ഞെടുപ്പില്‍ ടിവി ഇബ്രാഹിം 10654 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് കൊണ്ടോട്ടി. സുലൈമാന്‍ ഹാജി(എല്‍ഡിഎഫ്), ഷീബ ഉണ്ണികൃഷ്ണന്‍(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 

ഏറനാട് മണ്ഡലത്തില്‍ പി.കെ.ബഷീര്‍ മൂന്നാംവട്ടവും എംഎല്‍എ ആകും. 2016-ല്‍ ഇവിടെ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ.ബഷീര്‍ ആണ് വിജയിച്ചത്. 12,198 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. കെ.ടി.അബ്ദുറഹിമാനാണ്  ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അഡ്വ സി.ദിനേശാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി.

നിലമ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിവി പ്രകാശിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് നിലമ്പൂര്‍ മണ്ഡലത്തിലെ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടിട്ടില്ല. സിറ്റിങ് എംഎല്‍എ പിവി അന്‍വര്‍(എല്‍ഡിഎഫ്, വിവി പ്രകാശ്(യുഡിഎഫ്), അഡ്വ.ടികെ അശോക് കുമാര്‍ എന്നിവരാണ് നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ 11504 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് നിലമ്പൂര്‍. 

വണ്ടൂര്‍ മണ്ഡലം എ.പി. അനില്‍ കുമാര്‍ നിലനിര്‍ത്തും. 2016-ല്‍ ഇവിടെ നിന്ന് എ.പി.അനില്‍കുമാര്‍ ആണ് വിജയിച്ചത്. 23,864 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. പി.മിഥുനയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ.പി.സി.വിജയനാണ്.  

മഞ്ചേരി മണ്ഡലത്തില്‍ ഫലം പ്രവചനാതീതമാണെന്ന് സര്‍വേ പറയുന്നു. നേരിയ മുന്‍തൂക്കത്തില്‍ യുഎ ലത്തീഫ്(യുഡിഎഫ്), ഡിബോണ നാസര്‍(എല്‍ഡിഎഫ്) എന്നിവരില്‍ ആരെങ്കിലും വിജയിച്ചേക്കാം. 

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കെ.പി.എം. മുസ്തഫ വിജയിക്കുമെന്ന് സര്‍വേഫലം. നജീബ് കാന്തപുരമാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. അഡ്വ.സുചിത്ര മാട്ടടയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പെരിന്തല്‍മണ്ണയില്‍ നിന്ന് 2016-ല്‍ വിജയിച്ചത് മഞ്ഞളാംകുഴി അലിയാണ്. 579 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 

മങ്കട മണ്ഡലം മഞ്ഞളാംകുഴി അലിയിലൂടെ യുഡിഎഫ് നിലനിര്‍ത്തുമെന്ന് സര്‍വേഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1508 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടിഎ അഹമ്മദ് കബീര്‍ വിജയിച്ച മണ്ഡലമാണ് മങ്കട. ടികെ റഷീദലി(എല്‍ഡിഎഫ്), സജേഷ് ഏലായില്‍ എന്നിവരാണ് ഇക്കുറി ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍. 

മലപ്പുറം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി. ഉബൈദുളള വീണ്ടും വിജയിക്കും. 2016-ല്‍ മലപ്പുറത്ത് നിന്ന് വിജയിച്ചത് ഉബൈദുളളയാണ്. 35,672 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം വിജയിച്ചത്. പാലോളി അബ്ദുറഹ്മാനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥി എ.സേതുമാധവനാണ്.

വേങ്ങര മണ്ഡലത്തില്‍ പികെ കുഞ്ഞാലിക്കുട്ടി വിജയം ആവര്‍ത്തിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിലും പികെ കുഞ്ഞാലിക്കുട്ടി 38057 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് വേങ്ങര. പി ജിജി(എല്‍ഡിഎഫ്), എം പ്രേമന്‍(എന്‍ഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 

വളളിക്കുന്ന് മണ്ഡലത്തില്‍ അട്ടിമറിയെന്ന് സര്‍വേ ഫലം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എപി അബ്ദുള്‍വഹാബ് ഇവിടെ വിജയിക്കും. 2016-ലും ലീഗിന്റെ പി.അബ്ദുള്‍ ഹമീദാണ് ഇവിടെ നിന്ന് വിജയിച്ചത്. അബ്ദുള്‍ ഹമീദ് തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥി. പീതാംബരന്‍ പാലാട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

തിരൂരങ്ങാടി മണ്ഡലം കെപിഎ മജീദിലൂടെ യുഡിഎഫ് നിലനിര്‍ത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പികെ അബ്ദുറബ്ബ് 6043 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് തിരൂരങ്ങാടി. നിയാസ് പുളിക്കലകത്ത്(എല്‍ഡിഎഫ്), സത്താര്‍ഹാജി കള്ളിയത്ത്(എന്‍ഡിഎ)എന്നിവരാണ് ഇക്കുറി തിരൂരങ്ങാടിയില്‍ നിന്ന് ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍. 

താനൂര്‍ മണ്ഡലത്തില്‍ പി.കെ.ഫിറോസ് വിജയിക്കും.എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.അബ്ദുറഹ്മാനാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി കെ.നാരായണനാണ്  താനൂരില്‍ 2016-ല്‍ വി.അബ്ദുറഹ്മാനാണ് ഇവിടെ വിജയിച്ചത്. 

തിരൂര്‍ മണ്ഡലത്തില്‍ അട്ടിമറി പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി ലില്ലീസ് ഇവിടെ വിജയിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സി മമ്മൂട്ടി 7062 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് തിരൂര്‍. കുറുക്കോളി മൊയ്തീന്‍(യുഡിഎഫ്), എം അബ്ദുള്‍ സലാം എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 

കോട്ടയ്ക്കല്‍ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തും. ആബിദ് ഹുസൈന്‍ തങ്ങള്‍ ഇവിടെ വിജയിക്കും. 2016-ല്‍ ആബിദ് തന്നെയാണ് ഇവിടെ നിന്ന് വിജയിച്ചത്. 15,042 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. ഇവിടെ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.എ.മുഹമ്മദ്കുട്ടിയാണ്. പിപി ഗണേശനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

തവനൂര്‍ മണ്ഡലം മൂന്നാം വട്ടവും കെടി ജലീലിനൊപ്പം നില്‍ക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില് തവനൂരില്‍ നിന്ന് 17064 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെടി ജലീല്‍ വിജയിച്ചത്. ഇക്കുറി ഫിറോസ് കുന്നംപറമ്പില്‍(യുഡിഎഫ്), രമേശ് കോട്ടയപ്പുറത്ത്(എന്‍ഡിഎ)എന്നിവരാണ് തവനൂരില്‍ നിന്ന് ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍. 

പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.നന്ദകുമാര്‍ വിജയിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി എ.എം.രോഹിത്താണ്. സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ പി.ശ്രീരാമകൃഷ്ണന്‍ 15,640 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ് പൊന്നാനി.

Content Highlights: