കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കളായ മലയാളി താരങ്ങള്‍ക്ക് മാതൃഭൂമിയുടെ ആദരം

കൊച്ചി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക് മാതൃഭൂമിയുടെ ആദരം. കൊച്ചി മഞ്ഞുമല്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ മാതൃഭൂമി ഡയറക്ടര്‍ കെ ജിനചന്ദ്രന്‍ താരങ്ങള്‍ക്ക് സ്വര്‍ണമെഡലും പ്രശസ്തി പത്രവും സമ്മാനിച്ചു. പ്രോത്സാഹനം നല്‍കിയാല്‍ കേരളത്തില്‍ നിന്ന് ഇനിയും ധാരാളം കായിക താരങ്ങള്‍ വലിയ നേട്ടങ്ങള്‍ കൊയ്യുമെന്നും മാതൃഭൂമിയടക്കമുള്ള മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണ ഇനിയും തുടരണമെന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാക്കള്‍ പറഞ്ഞു.
യുകെയിലെ ബിര്‍മിങ്ഹാമില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍, ആര്‍ ശ്രീശങ്കര്‍, പിആര്‍ ശ്രീജേഷ്, ട്രീസ ജോളി എന്നിവര്‍ക്കാണ് മാതൃഭൂമി ആദരം അര്‍പ്പിച്ചത്. മാതൃഭൂമി നല്‍കിയ അംഗീകാരം ഏറെ വിലപിടിപ്പുള്ളതാണെന്ന് താരങ്ങള്‍ വ്യക്തമാക്കി.
കേരളത്തിലെ കായിക താരങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കിയാല്‍ ഇനിയും മെഡലുകള്‍ കിട്ടുമെന്ന് ട്രിപ്പിള്‍ ജംപ് താരം എല്‍ദോസ് പോള്‍ പറഞ്ഞു. ക്ഷമയും കഠിനാധ്വാനവുമാണ് വിജയത്തിന് പിന്നിലെന്നും നമുക്കും ഒരു നല്ലകാലം വരുമെന്ന വിശ്വാസം എപ്പോഴും ഉണ്ടായിരുന്നെന്ന് ട്രിപ്പിള്‍ ജംപില്‍ വെള്ളി മെഡല്‍ നേടിയ അബ്ദുള്ള അബൂബക്കര്‍ പറഞ്ഞു. കോമണ്‍വെല്‍ത്തിലെ വെള്ളി മെഡല്‍ ഒരു തുടക്കം മാത്രമെന്നാണ് ലോങ് ജംപ് താരം ആര്‍ ശ്രീശങ്കറിന്റെ പ്രതികരണം. മത്സരങ്ങളില്‍ വിജയിക്കുന്നവരെ മാത്രമല്ല പരാജയപ്പെടുന്നവരെ കൂടി അംഗീകരിക്കാനുള്ള മനസ് കാണിക്കണമെന്ന് ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് പറഞ്ഞു.
ടോക്യോയില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനാല്‍ ട്രീസാ ജോളിക്ക് ചടങ്ങില്‍ പങ്കെടുക്കാനായില്ല. പകരം അച്ഛനും മുന്‍ കായിക താരവുമായ ജോളി മാത്യുവാണ് ട്രീസയ്ക്കായി ഉപഹാരം ഏറ്റുവാങ്ങിയത്.