'ആദരവാലല്ല സല്യൂട്ട്, നിര്‍ബന്ധത്താലാണ്'; കിട്ടുന്നതില്‍ അഹങ്കരിക്കാനൊന്നുമില്ലെന്ന് മാത്യു ടി തോമസ്

സുരേഷ് ഗോപി എംപിയുടെ സല്യൂട്ട് വിവാദത്തില്‍ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. അതിനിടെ ശ്രദ്ധേയമാവുകയാണ് മുന്‍ മന്ത്രിയും എംഎല്‍എയുമായ മാത്യു ടി തോമസ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പ്. മുന്‍പ് തനിക്കുണ്ടായിരുന്ന അനുഭവം പങ്കുവെച്ചുകൊണ്ട് ജനപ്രതിനിധികള്‍ക്ക് പലപ്പോഴും സല്യൂട്ട് ലഭിക്കുന്നത് ആദരവിന്റെ പുറത്തല്ല, മറിച്ച് നിര്‍ബന്ധത്തിന്റെ പുറത്താണെന്ന് പറയുകയാണ് അദ്ദേഹം.
മാത്യു ടി തോമസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
സല്യൂട്ട്: ആ ദിവസത്തിനു ശേഷം
2006 ലെ ഒരു മന്ത്രിസഭായോഗദിനം ഇന്നും ഓര്‍മയില്‍.
വി എസ്സ് മുഖ്യമന്ത്രി; എന്റെ വകുപ്പ് 'ഗതാഗതം, അച്ചടി, സ്റ്റേഷനറി'.
മന്ത്രിസഭായോഗത്തിനായി സെക്രട്ടറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ കാറില്‍ വന്നിറങ്ങി.
മുന്നില്‍ 3 മന്ത്രിമാര്‍ കയറിപോവുന്നത് കാണാം. (പേരുകള്‍ പറയുന്നില്ല)
ഓരോരുത്തരെയും വാതില്‍ക്കല്‍ നില്‍ക്കുന്ന കാക്കിധാരികള്‍ സല്യൂട്ട് ചെയ്യുന്നു. ഓരോ മന്ത്രിക്കും ഒരൊന്നൊന്നര സല്യൂട്ട്!
ഒരാള്‍ ആഞ്ഞു ചവുട്ടി, തോക്കെടുത്തു നെഞ്ചോടടുപ്പിക്കും, അതില്‍ ഒറ്റയടി! മറ്റെയാള്‍ നിവര്‍ന്നുനിന്ന് ആഞ്ഞൊരു ചവിട്ടും സല്യൂട്ടും...
ആസ്വദിച്ചു പോയാല്‍ ആരെയും കുറ്റപ്പെടുത്താനാവില്ല.
മുന്നില്‍ 3 പേര് കയറിപ്പോയതിനു പിന്നാലെ അന്നത്തെ ഏറ്റവും ജൂനിയര്‍ ആയ ഞാനും.. ചവിട്ടുകളും അടിയും സല്യൂട്ടും ഒക്കെ മുറ പോലെ കിട്ടി.
ഒരു മിനിറ്റിനുള്ളില്‍ 4 തവണ.. ഹോ!
വാതില്‍ കടന്നു അകത്തേക്ക് കാല്‍ വച്ചപ്പോഴാണ് ഞാന്‍ കേട്ടത്.... ആ പാവങ്ങള്‍ തമ്മില്‍ പറയുന്നു.
'ഈ ബബബബമാര്‍ ഒന്നിച്ചിങ്ങു വന്നിരുന്നെങ്കില്‍ ഒറ്റ ചവുട്ടില്‍ നിര്‍ത്താമായിരുന്നു'
കറക്ട്...!
ഞാന്‍ 2 ചുവടു പിന്നിലേക്ക് നടന്നു.
സൗമ്യമായി പറഞ്ഞു- 'അടുത്ത തവണ മുതല്‍ ഞാനാരുടെയെങ്കിലും കൂടെ വന്നുകൊളളാം'
ആ വാക്ക് ഞാന്‍ പാലിച്ചു- പിന്നീട് മന്ത്രിയായപ്പോഴും.
(മന്ത്രിസഭായോഗങ്ങള്‍ക്കു പോവുമ്പോള്‍)
അവര്‍ എന്നെ ഒരു സത്യം പഠിപ്പിച്ചു..
ആദരവിലല്ല സല്യൂട്ട്; നിര്‍ബന്ധത്താലാണ്!
അതുകൊണ്ടുതന്നെ സല്യൂട്ട് കിട്ടുന്നതില്‍ അഹങ്കരിക്കാനൊന്നുമില്ലെന്നും..
Content Highlights: