പെരിയാറിലെ മത്സ്യക്കുരുതി; കമ്പനികള്‍ക്കെതിരേ പരാതി നല്‍കി ഏലൂര്‍ നഗരസഭ

#സ്വന്തം ലേഖകന്‍
1. പെരിയാര്‍ നദിയില്‍ ചത്തുപൊങ്ങിയ മത്സ്യങ്ങള്‍ | ചിത്രം: മാതൃഭൂമി | 2. സംഭവവുമായി ബന്ധപ്പെട്ട് ഏലൂര്‍ നഗരസഭ പോലീസിന് നല്‍കിയ പരാതിയുടെ പകര്‍പ്പ്.
1. പെരിയാര്‍ നദിയില്‍ ചത്തുപൊങ്ങിയ മത്സ്യങ്ങള്‍ | ചിത്രം: മാതൃഭൂമി | 2. സംഭവവുമായി ബന്ധപ്പെട്ട് ഏലൂര്‍ നഗരസഭ പോലീസിന് നല്‍കിയ പരാതിയുടെ പകര്‍പ്പ്.

കൊച്ചി: പെരിയാര്‍ നദിയിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി ഏലൂര്‍ നഗരസഭ. നദിയിലേക്ക് രാസമാലിന്യം ഒഴുക്കിയ കമ്പനികളെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. നഗരസഭാ സെക്രട്ടറിയാണ് പരാതി നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പകലുമായാണ് എടയാര്‍ മേഖലയില്‍ പെരിയാറിലെ മത്സ്യങ്ങള്‍ വ്യാപകമായി ചത്തുപൊങ്ങിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ പെയ്യുമെന്ന പ്രവചനത്തെ തുടര്‍ന്ന് ഫാക്ടറികള്‍ വന്‍തോതില്‍ രാസമാലിന്യം പുഴയിലേക്ക് ഒഴുക്കിയതാണ് മത്സ്യങ്ങള്‍ ചാവാന്‍ കാരണമെന്നാണ് നിഗമനം. മത്സ്യക്കര്‍ഷകര്‍ക്കും വന്‍ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് നഗരസഭയുടെ പരാതി.

നിരവധി ഫാക്ടറികളുള്ള മേഖലയാണ് എടയാറും പരിസരപ്രദേശങ്ങളും. മഴ കനക്കുമ്പോള്‍ പാതാളം ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത് മുന്നില്‍ക്കണ്ടാണ് ഫാക്ടറികള്‍ പുഴയിലേക്ക് മാലിന്യമൊഴുക്കുന്നത്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ പശ്ചാത്തലത്തില്‍, ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് പ്രത്യേക പ്രോട്ടോകോള്‍ ഉണ്ടാക്കാന്‍ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.

സംഭവത്തില്‍ സബ്കളക്ടറുടെ റിപ്പോര്‍ട്ട് നാളെ കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് വിവരം. കുഫോസ് പ്രദേശത്തെത്തി സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധയുടെ റിപ്പോര്‍ട്ടും വരാനുണ്ട്.

പെരിയാര്‍ നദിയിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് ഏലൂര്‍ നഗരസഭ പോലീസിന് നല്‍കിയ പരാതിയുടെ പകര്‍പ്പ്.

Content Highlights: mass fish death in periayar river eloor municipality files complaint against factories