പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം വ്യക്തിപരം, വന്യജീവി ബില്ലിൽ പ്രായോഗിക ബുദ്ധിമുട്ടികൾ - മാർ റെമിജിയോസ്

മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ | Photo: Mathrubhumi
മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ | Photo: Mathrubhumi

കോട്ടയം: വന്യജീവി ആക്രമണങ്ങളില്‍ സഹായംതേടി പ്രിയങ്കാ ഗാന്ധിയോട് അഭ്യര്‍ഥന നടത്തിയെന്നും പ്രിയങ്കാഗാന്ധിയുടെ സന്ദര്‍ശനം വ്യക്തിപരമായ ഒന്നായിരുന്നുവെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ന്യൂനപക്ഷ സംഗമത്തെക്കുറിച്ചും വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിനെക്കുറിച്ചുമുള്ള അഭിപ്രായങ്ങളും അദ്ദേഹം പങ്കുവെച്ചു.

നീക്കം ന്യൂനപക്ഷ സംഗമത്തെ ഒരു നല്ല കാര്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പ്രസക്തിയുണ്ട്. അത് കണ്ണു തുറപ്പിക്കുന്നതിനുള്ള ഒരവസരമാണ്. ന്യൂനപക്ഷങ്ങളെക്കുറിച്ച് ചിന്തിക്കുന്നു എന്നത് അനുകൂലമായ ഒരു കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിനെക്കുറിച്ച് ആശങ്കകളും അദ്ദേഹം പങ്കുവെച്ചു. ബില്ലില്‍ പ്രായോഗികമല്ലാത്ത നിര്‍ദേശങ്ങളുണ്ട്. പന്നിയെ വന്ധ്യംകരിക്കുന്നത് പോലുള്ള നിര്‍ദേശങ്ങള്‍ പ്രായോഗികമാണോ എന്നും അദ്ദേഹം ചോദ്യംചെയ്തു. ബില്ലില്‍ പുതുതായി എന്തെല്ലാമാണ് ഉള്ളതെന്ന് പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബില്‍ തയ്യാറാക്കിയപ്പോള്‍ തങ്ങളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും എന്നാല്‍ ജനങ്ങളുടെ അഭിപ്രായം തേടിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ബില്‍ പ്രായോഗിക തലത്തില്‍ ഫലപ്രദമാകുമോ എന്നതിന് ഉത്തരം ലഭിച്ചില്ലെങ്കില്‍ അത് കര്‍ഷകരെ സഹായിക്കുന്ന ബില്ലായി മാറില്ല. പ്രായോഗികമല്ലാത്ത കാര്യങ്ങള്‍ നടപ്പിലാക്കിയിട്ട് കാര്യമില്ല. മൃഗങ്ങളുടെ കാര്യത്തില്‍ കര്‍ഷകരെ ദ്രോഹിക്കുന്ന സമീപനം പാടില്ല. ആരുടെയും ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കാന്‍ കഴിയില്ല. ഈ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ വ്യക്തമാക്കി.


 

Content Highlights: Mar Remigiose Inchananiyil Seeks Priyanka Gandhi's Intervention