മനു തോമസ് വിഷയം: ജില്ലാ കമ്മിറ്റി തീരുമാനം ചോര്‍ത്തിയത് അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ച് സിപിഎം

മനു തോമസ്, പി. ജയരാജൻ | Photo: മാതൃഭൂമി
മനു തോമസ്, പി. ജയരാജൻ | Photo: മാതൃഭൂമി

കണ്ണൂർ: മനു തോമസ് പാർട്ടി വിട്ടത് സംബന്ധിച്ച് ജില്ലാകമ്മിറ്റിയുടെ തീരുമാനം മാധ്യമങ്ങൾക്ക് ചോർത്തിനൽകിയത് സംബന്ധിച്ച് സി.പി.എം. അന്വേഷിക്കും. ഇതിനായി അന്വേഷണക്കമ്മിഷനെ നിയോഗിച്ചു.മനുവിനെ പാർട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന തരത്തിൽ ഒരുമാധ്യമത്തിന്  വാർത്ത നൽകിയ സംഭവത്തിലാണ് അന്വേഷണം. സംസ്ഥാനക്കമ്മിറ്റിക്ക് റിപ്പോർട് ചെയ്യും.

പാർട്ടി അംഗത്വം പുതുക്കാതിരുന്ന മനുവിനെ ജില്ലാക്കമ്മിറ്റിയിൽ നിന്ന് നീക്കി പകരം ആലക്കോട് ഏരിയാസെക്രട്ടറി സാജൻ ജോസഫിനെ ഉൾപ്പെടുത്താൻ ജില്ലാകമ്മിറ്റിയോഗം തീരുമാനിച്ചിരുന്നു. എന്നാൽ, വഴിവിട്ട വ്യാപാരബന്ധങ്ങളെ തുടർന്ന് മനുവിനെ പാർട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന തരത്തിൽ ഒരുമാധ്യമത്തിന് വാർത്ത നൽകിയതാണ് വിവാദങ്ങളിലേക്ക് നയിച്ചതെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. തുടർന്നാണ് ആരോപണങ്ങളുമായി മനു രംഗത്തുവന്നത്. അതിനാലാണ് അന്വേഷണക്കമ്മിഷനെ നിയോഗിക്കാൻ തീരുമാനിച്ചത്. കീഴ്ഘടകങ്ങൾ ചർച്ചചെയ്യേണ്ട പാർട്ടി സർക്കുലറിന്റെ ഭാഗങ്ങൾ പുറത്തുവിട്ടതും ചർച്ചയായി. എം. പ്രകാശൻ, പി.വി. ഗോപിനാഥ് എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ.

മനു തോമസിന്റെ ആരോപണങ്ങളോട് പി.ജയരാജൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത് അനവസരത്തിലുള്ളതായിരുന്നെന്നും ശനിയാഴ്ച നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ഇക്കാര്യം സംസ്ഥാനകമ്മിറ്റിക്ക് റിപ്പോർട് ചെയ്യാൻ തീരുമാനിച്ചു.  സെക്രട്ടേറിയറ്റ് യോഗത്തിൽ പി.ജയരാജനെതിരേ ശക്തമായ വിമർശനമാണുണ്ടായത്. പി.ജയരാജൻ ചെയ്തത് ശരിയായില്ലെന്ന് മുഖത്തുനോക്കി വിമർശിക്കാനും ഒരുമുതിർന്ന നേതാവ് തയ്യാറായി. ഇതുവരെയുള്ള യോഗങ്ങളിൽ മുൻ ജില്ലാസെക്രട്ടറിയെന്ന ബഹുമാനവും പരിഗണനയും നൽകിയായിരുന്നു പി.ജയരാജനെതിരെ സെക്രട്ടേറിയറ്റംഗങ്ങൾ വിമർശിച്ചിരുന്നത്. ഇതിനാണ് മാറ്റം വന്നത്.

മനുവിനെതിരേ മയത്തിലുള്ള വിമർശം

ജില്ലാസെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിലും മനുവിനെതിരേ കടുത്തവാക്കുകളൊന്നുമുണ്ടായില്ല. അംഗത്വം പുതുക്കാത്തതിനെ തുടർന്ന് സി.പി.എമ്മിൽ നിന്ന് ഒഴിവായ മനു തോമസ് പാർട്ടി നേതാക്കൾക്കെതിരെ നടത്തികൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണെന്നും അത് ജനങ്ങൾ തിരിച്ചറിയണമെന്നും മാത്രമെ പ്രസ്താവനയിലുള്ളു. പാർട്ടിക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരേ ശക്തമായി പ്രതികരിക്കുന്ന സമീപനമാണ് മുൻകാലത്ത് പാർട്ടി സ്വീകരിച്ചിരുന്നത്.

എന്നാൽ സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങൾക്കെതിരേ രൂക്ഷമായാണ് പ്രസ്താവനയിൽ പ്രതികരിച്ചത്. സമൂഹമാധ്യമത്തിലൂടെ ഭീഷണിയുടെ സ്വരത്തിൽ ക്വട്ടേഷൻകാരായ ചിലർ നടത്തുന്ന പ്രതികരണങ്ങൾ പ്രതിഷേധാർഹവും സമൂഹം അംഗീകരിക്കാത്തതുമാണ്. നവമാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രതികരണങ്ങൾ ലൈക്ക് ചെയ്തും ഷെയർ ചെയ്തും പ്രചരിപ്പിക്കുന്നതും ന്യായീകരിക്കത്തക്കതല്ല. നവമാധ്യമങ്ങളിൽ പാർട്ടിയുടെ വക്താക്കളായി പ്രവർത്തിക്കാൻ ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ല - പ്രസ്താവന വ്യക്തമാക്കുന്നു.

Content Highlights: Manu Thomas issue: cpm commission to investigate leak of district committee decision