അമിതയളവിൽ ലഹരി; ദുബായിൽ മണ്ണഞ്ചേരി സ്വദേശിയുടെ മരണം,രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിലായതായി സൂചന

#ന്യൂസ് ഡെസ്ക്

മണ്ണഞ്ചേരി : ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് സുഹൃത്തുക്കൾ ദുബായ് പോലീസിന്റെ കസ്റ്റഡിയിലായതായി സൂചന. യുവാവ് മരണപ്പെട്ടത് അമിതയളവിൽ ലഹരി ശരീരത്തിൽ പ്രവേശിച്ചതുമൂലമെന്നു പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.

നടപടികൾ പൂർത്തിയാക്കിയ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. കഴിഞ്ഞ ദിവസമാണ് മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് പാപ്പാളി പനയിൽ ജങ്ഷനു സമീപം വലിയവീട്ടിൽ ശിവദാസിന്റെ മകൻ ഷിൻ ദാസിനെ(26)യാണ് മരിച്ചനിലയിൽ ദുബായ് പോലീസ് മോർച്ചറിയിൽ കണ്ടെത്തിയത്. ദുബായിൽ എക്‌സ്‌പോർട്ട് പ്ലസ് എന്ന റിക്രൂട്ടിങ് കമ്പനിയിൽ ജോലിനോക്കിയിരുന്നയാളാണ് ഷിൻദാസ്. ഷിൻദാസിനൊപ്പം ജോലി നോക്കിയിരുന്നവരാണ് കസ്റ്റഡിയിലായതായി സൂചനയുള്ളത്.

ഷിൻദാസിന്റെ ശരീരത്തിൽ അമിതയളവിൽ എങ്ങനെ ലഹരി പ്രവേശിച്ചു എന്നതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ലഹരിമരുന്ന് ശരീരത്തിലേക്കു ബലമായി കുത്തിവെച്ചതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക വിവരം. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം ദുബായ് പോലീസ് നടത്തുന്നുണ്ട്. ഉച്ചയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ടോടെ സംസ്‌കരിക്കും

Content Highlights: Shindas (26) from Mannanchery, Alappuzha, found dead in a Dubai mortuary., Post-mortem reveals death was caused by an overdose of drugs., Two of his colleagues and friends have been detained by Dubai Police for questioning., Body will be brought back to native place on Thursday for cremation.