വനിതാദിനത്തില്‍ സെക്കന്‍ഡ് ഷോയ്ക്ക് ആവേശത്തോടെ തിയേറ്ററുകളിലെത്തി വനിതകള്‍

ആനക്കയം ഗ്രാമപ്പഞ്ചായത്തിലെ സെക്കൻഡ് ഷോയ്ക്കുള്ള വനിതകളുടെ യാത്ര പ്രസിഡൻറ് അടാട്ട് ചന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു
ആനക്കയം ഗ്രാമപ്പഞ്ചായത്തിലെ സെക്കൻഡ് ഷോയ്ക്കുള്ള വനിതകളുടെ യാത്ര പ്രസിഡൻറ് അടാട്ട് ചന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു

മഞ്ചേരി: അന്താരാഷ്ട്ര വനിതാദിനത്തില്‍ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ വനിതകളെ സെക്കന്‍ഡ് ഷോ കാണിക്കാന്‍ തിയേറ്ററുകളിലെത്തിച്ചു.

രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയും ആത്മവിശ്വാസവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി തയ്യാറാക്കിയത്. വനിതാ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരാണ് തദ്ദേശസ്ഥാപനങ്ങള്‍ ഒരുക്കിയ സൗകര്യത്തില്‍ തിയേറ്ററുകളിലെത്തിയത്.

ആനക്കയം പഞ്ചായത്തില്‍നിന്ന് പുറപ്പെട്ട സംഘത്തെ പഞ്ചായത്ത് പ്രസിഡന്റ് അടാട്ട് ചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു യാത്രയാക്കി. വൈസ് പ്രസിഡന്റ് അനിത മണികണ്ഠന്‍ അധ്യക്ഷയായി. വനിതാ ജനപ്രതിനിധികളായ രജനി, അഡ്വ. ടി.പി. സാന്ദ്ര, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ കെ. സുമ, സിന്ധു തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള വനിതാ ജനപ്രതിനികള്‍, വനിതാ ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സെക്കന്‍ഡ് ഷോ കാണാനെത്തി.

മഞ്ചേരി നഗരസഭയിലെ വനിതകള്‍ക്കായി സംഘടിപ്പിച്ച സെക്കന്‍ഡ് ഷോയ്ക്ക് 30 പേര്‍ മഞ്ചേരി കൈരളി തിയേറ്ററില്‍ എത്തി.

ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസര്‍ കെ.വി. ആശാമോള്‍, സി.ഡി.പി.ഒ. വി. പ്രമീള, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ പി. ഗിരിജ എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: Manjeri municipality organized a second show for women on International Women`s Day