പ്രളയകാലത്തെ സുരക്ഷാവീഴ്ച: മണിയാർ ഡാം തുറന്നില്ല; ഇടപെട്ടത് പഞ്ചായത്ത് പ്രസിഡൻ്റ്, കമ്പനി അടപ്പിച്ചു

#ന്യൂസ് ഡെസ്ക്
2018-ലെ പ്രളയകാലത്തെ ദൃശ്യം | ഫയല്‍ചിത്രം | ഫോട്ടോ: പിടിഐ
2018-ലെ പ്രളയകാലത്തെ ദൃശ്യം | ഫയല്‍ചിത്രം | ഫോട്ടോ: പിടിഐ

കോട്ടയം: പ്രളയം സംബന്ധിച്ച ശബ്ദരേഖയുടെ സത്യം എന്തായാലും മണിയാർ അണക്കെട്ടിന്റെ മാനേജ്മെന്റിൽ ഗുരുതര വീഴ്ചപറ്റിയെന്ന് 2018-ൽ തന്നെ തെളിഞ്ഞിരുന്നു. 2018 ജൂലായ് 14-ന് തന്നെ അണക്കെട്ട് പരമാവധി ശേഷിയെത്തിയിട്ടും തുറക്കാൻ അമാന്തം കാട്ടിയെന്നതാണ് വസ്തുത.

മണിയാറിൽ വൈദ്യുതോത്‌പാദനം നടത്തിയിരുന്നത് കാർബൊറാണ്ടം എന്ന സ്വകാര്യ കമ്പനിയാണ്. പരമാവധി വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ട് ഇവർ അണക്കെട്ട് തുറക്കൽ തടസ്സപ്പെടുത്തിയെന്ന് മണിയാർ ഉൾപ്പെടുന്ന വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് മണിയാർ രാധാകൃഷ്ണൻ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

2018 ഓഗസ്റ്റ് 14-ന് രാത്രി 11-ന് അണക്കെട്ടിൽ സ്ഥിതി കൈവിട്ടുപോകുന്നുവെന്ന നില വന്നതോടെ രാധാകൃഷ്ണൻ അവിടെയെത്തി. അഞ്ചിൽ നാല് ഷട്ടറുകളും ചെറിയതോതിലെങ്കിലും തുറന്നുവിടാൻ നിർദേശിച്ചു. ജീവനക്കാർ അത് നടപ്പാക്കുകയും ചെയ്തു. എന്നാൽ പിന്നാലെ കാർബൊറാണ്ടം ഉദ്യോഗസ്ഥരെത്തി ഷട്ടർ അടപ്പിച്ചു. ഇതാണ് അണക്കെട്ട് കവിഞ്ഞൊഴുകി സ്ഥിതി മോശമാകാൻ കാരണമെന്ന് രാധാകൃഷ്ണൻ പറയുന്നു. ഇക്കാര്യം ആരോടും എപ്പോഴും പറയാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുതര സംഭവങ്ങളാണുണ്ടായതെന്ന് ജലസേചന വകുപ്പും വൈദ്യുതിബോർഡും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജലസേചനവകുപ്പിന്റെ മണിയാർ സംഭരണിയിൽ നിന്നുള്ള വെള്ളം ടണൽവഴി കാർബൊറാണ്ടത്തിന്റെ സ്റ്റേഷനിൽ എത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

2018 ഒാഗസ്റ്റ് 15-ന് വൈദ്യുതി ഉത്പാദനത്തിന് ശേഷം പുറന്തള്ളിയ വെള്ളം ജനറേറ്ററിലേക്ക് തിരിച്ചുകയറി. ഒപ്പം കക്കട്ടാറ്റിൽനിന്ന് ചെളിയും കല്ലുകളും ജനറേറ്ററിലേക്ക് ഇടിച്ചുകയറി. സ്പിൽവേയുടെ സംരക്ഷണഭിത്തി ഇടിഞ്ഞു. 20 അടി ആഴത്തിൽ വലിയ കുഴിയുണ്ടായി. മൂന്നും നാലും ഷട്ടറുകൾ തകർന്നു. മൂന്നുകോടി രൂപയുടെ നഷ്ടമാണുണ്ടായത്. ജലസേചനവകുപ്പ് ചീഫ് എൻജിനിയർ തയ്യാറാക്കിയ റിപ്പോർട്ടിൽ ഇവ പറയുന്നുണ്ട്.

ഷട്ടറുകൾ തകരാറിലായതോടെ വൻതോതിൽ വെള്ളം ക്രമംവിട്ട് താഴേക്ക് ഒഴുകി. അത് പ്രളയത്തിന്റെ ആക്കം കൂട്ടി. ഒാഗസ്റ്റ് 15-ന് ഉച്ചയോടെ റാന്നി പൂർണമായി മുങ്ങി. അന്ന് വൈകുന്നേരം പ്രളയം ചെറുകോൽപ്പുഴ, കോഴഞ്ചേരി, ആറൻമുള ദേശങ്ങളെയും ബാധിച്ചു. 10 ദിവസത്തോളം ജനം മഹാപ്രളയത്തിന്റെ ഇരകളായി.

Content Highlights: Evidence of deliberate delays in opening Maniyar dam shutters for power generation., Official reports confirm structural damage and financial losses of 3 crore rupees., Uncontrolled water release from damaged shutters exacerbated the 2018 flood impact., Local administration testimonies highlight corporate negligence in dam management.